അധികൃതരുടെ കണ്ണില്‍ പൊടിയിട്ട് മണ്ണാര്‍ക്കാട് മണ്ണെടുപ്പ് സജീവം

0
24
മണ്ണാര്‍ക്കാട്ടെ മണ്ണെടുപ്പു കേന്ദ്രങ്ങളിലൊന്ന്.

മണ്ണാര്‍ക്കാട്: താലൂക്ക് സഭ തീരുമാനവും കാറ്റില്‍ പറത്തി മണ്ണാര്‍ക്കാട്ട് വീണ്ടും മണ്ണ് കടത്ത്.
താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും മണ്ണ് വ്യാപകമായി കടത്തുന്നുണ്ട്. അനുമതിയോടെയും ഇല്ലാതെയും കടത്ത് വ്യാപകമാണ്.
വീടിന്റെ തറ നിറക്കാനാണ് കടത്തെന്നാണ് പറയുന്നതെങ്കിലും പാടങ്ങളാണ് നികത്തപ്പെടുന്നത്. കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളില്‍ വ്യാപകമായി പാടങ്ങള്‍ നികത്തുന്നുണ്ട്.
താലൂക്കിലെ മണ്ണ് കടത്തിനെതിരെ കഴിഞ്ഞ ദിവസത്തെ താലൂക്ക് വികസന സമിതിയില്‍ അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും കടത്ത് തടയാന്‍ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്.
അട്ടപ്പാടി റോഡില്‍ ആനമൂളിക്ക് അടുത്ത് കുന്ന് ഇടിച്ചാണ് മണ്ണെടുക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ മണ്ണിടിച്ചിലുണ്ടായതിന്റെ സമീപത്താണ് ഈ മണ്ണെടുപ്പ്.
ഇവിടെ മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെന്നാണു സ്ഥലം ഉടമയും മണ്ണെടുക്കാന്‍ കരാര്‍ എടുത്തവരും പറയുന്നത്. ജിയോളജി വകുപ്പ് അതിര്‍ത്തി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അനുമതിയിലെ വ്യവസ്ഥ പാലിച്ചുമാണ് മണ്ണെടുപ്പെന്നും അവര്‍ പറഞ്ഞു.
അതേസമയം ജിയോളജി വകുപ്പ് നല്‍കുന്ന അനുമതി പത്രത്തിന്റെ മറവില്‍ താലൂക്കിന്റെ പല ഭാഗങ്ങളിലും വന്‍ തോതില്‍ മണ്ണ് കടത്തുന്നുണ്ട്.
പോലിസോ റവന്യു അധികൃതരോ പരിശോധിക്കുമ്പോള്‍ അനുമതി പത്രം കാണിച്ചു കൊടുക്കും.
ഇതിനു മുന്‍പും ശേഷവും എത്ര ലോഡ് എടത്തുവെന്ന് റവന്യു വകുപ്പിനോ പൊലീസിനോ കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ഇതാണ് കടത്തിന് ഊര്‍ജം നല്‍കുന്നത്.
അനുമതി പത്രത്തില്‍ മണ്ണെടുക്കുന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തുന്നത്.
എവിടെയാണ് മണ്ണ് തട്ടുന്നതെന്ന് ഇതിലില്ല. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍
മണ്ണാര്‍ക്കാട്ടെ അവശേഷിക്കുന്ന കുന്നുകളും ഈ വേനല്‍ തീരും മുന്‍പ് അപ്രത്യക്ഷമാവും.

 

LEAVE A REPLY

Please enter your comment!
Please enter your name here