ദേശിംഗനാടിനെ യാഗശാലയാക്കി പുതിയകാവിലമ്മക്ക് പൊങ്കാല

0
39

കൊല്ലം: ദേശിംഗനാടിനെ യാഗശാലയാക്കി കൊല്ലം പുതിയകാവിലമ്മക്ക് ആയിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. രാവിലെ 10നു ശ്രീകോവിലില്‍ നിന്നു കൊളുത്തിയ അഗ്നി ക്ഷേത്രത്തിനു മുമ്പില്‍ സജ്ജമാക്കിയ നിലവിളക്കിലേക്കു ക്ഷേത്ര മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി ദീപം തെളിച്ച് പണ്ടാര അടുപ്പിലേക്ക് പകര്‍ന്നതോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു.
പൊങ്കാല നൈവേദ്യം പൂര്‍ണമായതോടെ ക്ഷേത്ര പൂജാരിമാര്‍ വെളിച്ചപ്പാടിന്റെ അകമ്പടിയോടെ പൊങ്കാല കലങ്ങളില്‍ തീര്‍ത്ഥം തളിച്ചു ദേവിക്കു നിവേദിച്ചു. ഭക്തജനങ്ങള്‍ സായൂജ്യമടഞ്ഞതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. പൊങ്കാലയില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്കു വിവിധ സന്നദ്ധ സംഘടനകള്‍ പ്രഭാതഭക്ഷണം, കുടിവെള്ളം എന്നിവ സൗജന്യമായി വിതരണം ചെയ്തു.
കൊല്ലം സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ പൊങ്കാലയ്ക്ക് ആവശ്യമായ വൈദ്യസഹായവും ലഭ്യമാക്കി. ജില്ലാ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി, ഡോക്ടര്‍ നായേഴ്‌സ്, ശങ്കേഴ്‌സ്, ഉപാസന, മെഡിട്രീന, അമൃതാഞ്ജലി ആശുപത്രി, വിവേകാനന്ദ സേവാകേന്ദ്രം, ഛത്രപതി ശിവജി സേവാകേന്ദ്രം എന്നിവിടങ്ങളിലെ വിവിധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമും ഉണ്ടായിരുന്നു. കൊല്ലം കോര്‍പറേഷന്‍, സിറ്റി പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, സതേണ്‍ റെയില്‍വേ, വാട്ടര്‍ അതോറിട്ടി തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനവും ലഭ്യമാക്കി. കൊല്ലം പട്ടണത്തെ 45 ബ്ലോക്കുകളായി തിരിച്ചാണ് പൊങ്കാല ചടങ്ങുകള്‍ നടന്നത്. ഓരോ ബ്ലോക്കിലേക്കും ആവശ്യമായ ചുടുകട്ട, കുടിവെള്ളം എന്നിവ എത്തിച്ചു. വൈകിട്ട് ശക്തികുംഭം എഴുന്നള്ളത്ത് കൊച്ചുപിലാംമൂട് മുനീശ്വരസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതോടെ 12 ദിവസം നീണ്ടുനിന്ന പൊങ്കാല മഹോത്സവം സമാപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here