വസന്തകുമാറിന്റെ ഭാര്യക്ക് വെറ്ററിനറി യൂനിവേഴ്‌സിറ്റിയില്‍ സ്ഥിരനിയമനം; നിയമന ഉത്തരവ് മന്ത്രി രാജു വീട്ടിലെത്തി കൈമാറി

0
2

വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്‍ വി വി വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് മന്ത്രി തൃക്കൈപ്പറ്റയിലെ തറവാട് വീട്ടിലെത്തി നിയമന ഉത്തരവ് കൈമാറുന്നു

കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്‍ വി വി വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് വെറ്ററിനറി യൂനിവേഴ്സിറ്റിയില്‍ സ്ഥിരനിയമനം. ഇതു സംബന്ധിച്ച ഉത്തരവ് വനംവകുപ്പ് മന്ത്രി കെ.രാജു വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ കുടുംബവീട്ടിലെത്തി കൈമാറി. ഇന്നലെ ഉച്ചക്ക് 12.45 ഓടെയാണ് മന്ത്രി തൃക്കൈപ്പറ്റയിലെ തറവാട് വീട്ടിലെത്തിയത്. ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞ അദ്ദേഹം നിയമന ഉത്തരവും ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങളുടെ പകര്‍പ്പും ഷീനക്ക് കൈമാറി. വെറ്ററിനറി സര്‍വകലാശാലയില്‍ ഫിനാന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റായാണ് നിയമനം. നേരത്തെ ഇതേ തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ഷീന. എപ്പോള്‍ വേണമെങ്കിലും ഇവര്‍ക്കു ജോലിയില്‍ പ്രവേശിക്കാമെന്നും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സി കെ ശശീന്ദ്രന്‍ എം എല്‍ എ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, വെറ്ററിനറി യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ജോസഫ് മാത്യു, അക്കാദമിക് ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എന്‍ അശോക്, ഫിനാന്‍സ് ഓഫിസര്‍ ഡോ. കെ.എം ശ്യാം മോഹന്‍, എന്റര്‍പ്രണര്‍ഷിപ്പ് ഡയക്ടര്‍ ഡോ. നാരായണന്‍, യൂനിവേഴ്സിറ്റി ഭരണസമിതി അംഗം ഡോ. ലീബ ചാക്കോ, സൗത്ത് വയനാട് ഡി എഫ് ഒ പി രഞ്ജിത്കുമാര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ പി ഗഗാറിന്‍, വിജയന്‍ ചെറുകര തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.വസന്തകുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഫെബ്രുവരി 25ന് കൈമാറിയിരുന്നു. മാതാവ് ശാന്തയ്ക്ക് 10 ലക്ഷം, ഭാര്യ ഷീനക്ക് 15 ലക്ഷം എന്നിങ്ങനെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here