സോളാര്‍ വേലിക്കും തടയിടാനാകാതെ കാട്ടാനശല്യം; ആശങ്കയൊഴിയാതെ മലയോര കര്‍ഷകര്‍

0
26

സിജൊ കൊടകര

കാട്ടാനക്കൂട്ടം നശിപ്പിച്ച കാര്‍ഷിക വിളകള്‍.

കോടാലി: രണ്ടുവര്‍ഷത്തോളമായി തുടരുന്ന കാട്ടാനശല്യത്തിന് തടയിടാനാകാത്തത് മലയോരവാസികള്‍ ആശങ്കയില്‍. കാട്ടാനശല്യത്തിന് തടയിടാനായി സ്ഥാപിച്ച സോളാര്‍ലിയിലൂടെ വൈദ്യുതി പ്രവഹിപ്പിക്കാത്തതിനാല്‍ കാട്ടാനകള്‍ തകര്‍ത്ത് കളയുകയാണ്.
തടയിടാനായി നിര്‍മിച്ച പദ്ധതികള്‍ പരാജചയപ്പെട്ടതോടെ ജനവാസമേഖലയില്‍ കാട്ടാനകള്‍ നാശം വിതക്കുന്നത് പതിവായി. പോത്തന്‍ചിറയില്‍ കനമ്പന്‍ ഡേവീസ്, കറമ്പന്‍ ചാക്കപ്പന്‍, കറമ്പന്‍ ഔസേപ്പ് എന്നിവരുടെ പറമ്പുകളിലാണ് ഇന്നലെ കാട്ടാനക്കൂട്ടമെത്തി കൃഷികള്‍ നശിപ്പിച്ചത്. വാഴ, റബ്ബര്‍, തെങ്ങ് തുടങ്ങിയവ നശിപ്പിച്ചു. രണ്ടുപ്രാവശ്യമാണ് കാട്ടാനക്കൂട്ടമെത്തിയത്. മൂന്ന് ആനകളുണ്ടായെന്ന് സമീപവാസികള്‍ പറഞ്ഞു.
ഇന്നലെ മാത്രം പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ജീവനും സ്വത്തിനും സംരക്ഷണമില്ലാത്തതിനാല്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍. കാട്ടാനശല്യം രൂക്ഷമായതോടെ മാസങ്ങള്‍ക്ക് മുമ്പാണ് മുമ്പ് വനംവകുപ്പ് സോളാര്‍ വേലി സ്ഥാപിച്ചത്.
എന്നാല്‍ സോളാര്‍ വേലിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ കാട്ടാനശല്യം തടയാനാകാതെ ദുരിതത്തിലായിരിക്കുകയാണ് മലയോര മേഖലയിലെ ജനങ്ങള്‍. നിരവധി തെങ്ങുകള്‍, അടക്കാമരങ്ങള്‍, വാഴകള്‍, ജാതി തുടങ്ങി നിരവധി കൃഷികളാണ് കാട്ടാനകളിറങ്ങി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ പല തവണ വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് കാട്ടാനകളെ ഓടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഒന്നരവര്‍ഷം മുമ്പ് മെയ്മാസത്തില്‍ മുപ്ലിയില്‍ ആരംഭിച്ച കാട്ടാനശല്യം വെള്ളിക്കുളങ്ങര മേഖലയിലെ പോത്തംചിറ, താളുപ്പാടം, കാരിക്കടവ് തുടങ്ങിയ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു. പറമ്പുകളില്‍ ചെയ്യുന്ന കൃഷികള്‍ കാട്ടാനകൂട്ടമിറങ്ങി നശിപ്പിക്കുന്നതില്‍ നിരാശയിലാണ് കര്‍ഷകര്‍.
മാസങ്ങള്‍ക്ക് മുമ്പ് മുപ്ലിയില്‍ ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചിരുന്നു. ഫിറോസ് എന്ന യുവാവ് ആനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ പ്രദേശത്തെ വിവിധ കൃഷിയിടങ്ങളിലായി നൂറോളം തെങ്ങുകളാണ് ആന നശിപ്പിച്ചത്.
തങ്ങളുടെ ജീവനും സ്വത്തിനും യാതൊരു സംരക്ഷണവുമില്ലാതായിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാനശല്യം പതിവായതോടെ കര്‍ഷകരുടെ നിരന്തരമായ പ്രതിഷേധങ്ങളും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് വനംവകുപ്പിലും കളക്ടറേറ്റിലും മറ്റ് അധികൃതരോടും പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് സോളാര്‍വേലി സ്ഥാപിക്കാന്‍ നടപടിയെടുത്തത്.
രണ്ട് മീറ്റര്‍ ഉയരത്തില്‍ ഏഴ് ലൈനുകളില്‍ നിര്‍മിക്കുന്ന വേലിക്കിടയിലൂടെ ചെറിയ ജീവികള്‍ക്കു പോലും പ്രവേശിക്കാനാവാത്തവിധമായിരുന്നു സോളാര്‍ വേലിയുടെ നിര്‍മാണം. എന്നാല്‍ കാട്ടാനകൂട്ടത്തിന്റെ ശല്യം തടയാനായില്ല.കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വനംവകുപ്പ് ഇടപെട്ട് അടിയന്തര നടപടിയെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here