ചൂട് കൂടിയാല്‍ ആനകള്‍ ചൂടാവും

0
19

ഒറ്റപ്പാലം: ക്രമാതീതമായി കുതിച്ചുയരുന്ന താപനില ആനകള്‍ക്കു ഭീഷണിയാകുന്നു. ഉത്സവകാലത്തെ കൊടുംചൂട് നാട്ടാനകളില്‍ സ്വഭാവ മാറ്റത്തിനും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് ആശങ്ക.
പരമാവധി 38 ഡിഗ്രി ചൂട് താങ്ങാനുള്ള ശേഷി മാത്രമുള്ള ജീവിയാണ് ആന. വിയര്‍പ്പു ഗ്രന്ധികളില്ലെന്നിരിക്കെ ശരീര ഊഷ്മാവ് ക്രമീകരിക്കാന്‍ ആനകള്‍ക്കു മാര്‍ഗമില്ല.
പകല്‍ സമയങ്ങളിലെ ചൂടില്‍ ആനകള്‍ പരിഭ്രാന്തരാകാനുള്ള സാധ്യത ഏറെയാണ്.
പകല്‍ 11നും 3നും ഇടയിലുള്ള സമയങ്ങളില്‍ ആനകളെ വെയിലത്തു നിര്‍ത്തരുതെന്നു തൃശൂരിലെ പ്രമുഖ ആനചികിത്സകന്‍ ഡോ. പി.ബി. ഗിരിദാസ് നിര്‍ദേശിക്കുന്നു.
ഒഴിച്ചുകൂടാനാകാത്ത ഉത്സവച്ചടങ്ങുകളാണെങ്കില്‍ തണലൊരുക്കണമെന്നാണു നിര്‍ദേശം. തൊലിയുടെ കനവും കറുപ്പും ശരീരഊഷ്മാവ് വര്‍ധിപ്പിക്കുന്നു. കനത്ത ചൂടില്‍ ആനകള്‍ക്കു നിര്‍ജലീകരണം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിക്കാനും സാധ്യതയുണ്ട്. ചൂടു കൂടിയാല്‍ ആനകള്‍ തളര്‍ന്നുവീഴുന്ന സാഹചര്യം പോലും ഉണ്ടാകും.
ദിവസവും 200 ലീറ്ററെങ്കിലും വെള്ളവും ആവശ്യത്തിനു തീറ്റയും നല്‍കണം. കൃത്യമായ ഇടവേളകളില്‍ ശരീരം നനയ്ക്കണം. ആവശ്യത്തിനു വിശ്രമം നല്‍കണം. ടാര്‍ റോഡില്‍ നിര്‍ത്തുമ്പോള്‍ കാല്‍പാദങ്ങള്‍ക്കടിയില്‍ നനഞ്ഞ ചാക്ക് വിരിച്ചുകൊടുക്കണം. പകല്‍ 11നും 3നും ഇടയില്‍ എഴുന്നള്ളിക്കേണ്ടിവരുമ്പോള്‍ ആനകള്‍ക്കു നില്‍ക്കാന്‍ പന്തല്‍ ഒരുക്കണം. കൃത്യമായ ഇടവേളകളില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു ശാരീരികക്ഷമത ഉറപ്പുവരുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here