പയ്യലൂരിലെ സ്വര്‍ണക്കവര്‍ച്ച; പള്‍സര്‍ സുലൈമാന്‍ പിടിയില്‍

0
10

കൊല്ലങ്കോട്: പയ്യലൂരിലെ വീട്ടില്‍ നിന്നു 48 പവന്‍ സ്വര്‍ണവും 40,000 രൂപയും കവര്‍ന്ന കേസില്‍ പള്‍സര്‍ സുലൈമാനെന്ന കണ്ണമ്പ്ര സുലൈമാന്‍ (52) പിടിയില്‍. മുന്നൂറോളം മോഷണക്കേസുകളിലായി പിടിക്കപ്പെട്ടു 15 വര്‍ഷത്തോളം ജയിലില്‍ കിടന്നയാളാണു സുലൈമാന്‍. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു പയ്യലൂരിലേത് ഉള്‍പ്പെടെ 12 മോഷണങ്ങളിലായി 450 ഗ്രാമിനടുത്തു സ്വര്‍ണവും ബൈക്കുകളും നഷ്ടപ്പെട്ട കേസുകള്‍ കൂടി തെളിഞ്ഞു.
ഫെബ്രുവരി 9നാണു ചാത്തന്‍ചിറ രോഹിണിയില്‍ നാരായണന്‍ കുട്ടിയുടെ വീട്ടില്‍ നിന്നു സ്വര്‍ണവും പണവും നഷ്ടപ്പെട്ടത്. ഇതില്‍ 42 പവനോളം സ്വര്‍ണം പ്രതിയുടെ കണ്ണമ്പ്രയിലെ വീട്ടില്‍ നിന്നു കണ്ടെടുത്തു. 9നു രാത്രി പയ്യലൂരിലെ വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറി സ്വര്‍ണവും പണവും എടുക്കുകയായിരുന്നു പ്രതിയെന്നു പൊലീസ് പറഞ്ഞു. രാത്രി 11 മുതല്‍ പുലര്‍ച്ചെ 4 വരെ പ്രതി ഈ വീട്ടിലുണ്ടായിരുന്നു.
സിഐ കെ.പി.ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയമായും കളവു നടത്തിയ രീതിയുടെ അടിസ്ഥാനത്തിലും സമാനമായി മോഷണം നടത്തുന്ന മുന്‍ കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തില്‍ സുലൈമാന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇയാള്‍ ഉപയോഗിക്കുന്ന പത്തോളം മൊബൈല്‍ ഫോണുകളും ഇരുപതിനായിരത്തിലധികം ഫോണ്‍ വിളികളും പരിശോധിച്ചെന്നു ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു പറഞ്ഞു. മോഷണം നടന്ന വീട്ടില്‍ നിന്നു നഷ്ടപ്പെട്ട ഫോണിന്റെ സാന്നിധ്യവും നിര്‍ണായകമായി.
2 വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ തമിഴ്‌നാട്ടിലെ നെയ്!വേലിയില്‍ താമസിച്ചാണു മേഷണത്തിനായി എത്തുന്നത്. പൂട്ടിയിട്ട വീടുകളിലെ മുന്‍ വാതില്‍ പ്രത്യേക തരം ആയുധം ഉപയോഗിച്ചു പൊളിച്ച് അകത്തു കയറി മോഷണം നടത്തിയ ശേഷം പരിസരത്തുള്ള ബൈക്ക് മോഷ്ടിച്ചു നെയ്!വേലിയില്‍ പോയി ഒളിച്ചു കഴിയുന്നതാണ് ഇപ്പോഴത്തെ രീതി.
മോഷ്ടിച്ച ബൈക്കുമായാണു കൊല്ലങ്കോട് പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ തന്നെ വലിയ മോഷണങ്ങളിലെന്നായ ഈ കേസില്‍ പ്രതിയെ പിടികൂടാനായതു പൊലീസിനു നേട്ടമായി.
ഡിവൈഎസ്പിമാരായ വി.എ.കൃഷ്ണദാസ്, സി.സുന്ദരന്‍ എന്നിവര്‍ മുഴുവന്‍ സമയവും അന്വേഷണ പുരോഗതി വിലയിരുത്തി. സിഐ കെ.പി.ബെന്നി, എസ്‌ഐ കെ.എന്‍.സുരേഷ്, എഎസ്‌ഐ കെ.സുരേഷ്‌കുമാര്‍, സീനിയര്‍ സിപിഒമാരായ പി.ഗണേശന്‍, വി.രാജേഷ്, വി.ചന്ദ്രന്‍, സിപിഒമാരായ എസ്.ജിജോ, കെ.ശിവപ്രകാശ് എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിലെ എസ്‌ഐ എസ്.ജലീല്‍, സീനിയര്‍ സിപിഒ വി.ജയകുമാര്‍, ബി.നസീറലി, റഹീംമുത്തു, സിപിഒമാരായ സി.എസ്.സാജിത്, എസ്.ഷമീര്‍, ആര്‍.വിനീഷ്, അഹമ്മദ് കബീര്‍, ആര്‍.രജീത്, കെ.ദിലീപ്, യു.സൂരജ്ബാബു, ആര്‍.കിഷോര്‍, പി.സന്ദീപ്, ആര്‍.കെ.കൃഷ്ണദാസ് എന്നിവരും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here