മത്സ്യലഭ്യതയില്‍ കുറവ്; അന്യസംസ്ഥാന മത്സ്യലോബികള്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയ മത്സ്യം വിപണിയില്‍ വിറ്റഴിക്കുന്നു

0
37

പി. ഉദയകുമാര്‍
കൊല്ലം: ഒരു ഇടവേളക്ക് ശേഷം രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയ മത്സ്യം വിപണിയില്‍ വ്യാപകമാകുന്നു. മായം കലര്‍ന്ന മത്സ്യം വിറ്റഴിക്കുന്നതിനു പിന്നില്‍ വന്‍ ലോബിയാണ് പ്രവര്‍ത്തിക്കുന്നത്. അയില, മത്തി, ചൂര, നെത്തോലി, കൊഞ്ച്, ഞണ്ട് തുടങ്ങി സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന മത്സ്യങ്ങളിലാണ് രാസവസ്തുക്കള്‍ കലര്‍ത്തുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ കടലില്‍ നിന്നു മുമ്പത്തെപ്പോലെ മത്സ്യം ലഭിക്കുന്നില്ല. കടല്‍ക്കാറ്റാണു മത്സ്യലഭ്യതയുടെ കുറവിനു കാരണമെന്നു പരമ്പരാഗത തൊഴിലാളികള്‍ പറയുന്നു. ലഭിക്കുന്ന മത്സ്യത്തിനാകട്ടെ തീവിലയാണ്. ഈ അവസരം മുതലാക്കിയാണ് ഇതരസംസ്ഥാന മത്സ്യലോബികള്‍ മത്സ്യം എത്തിച്ച് ഇടനിലക്കാരിലൂടെ വില്‍പന നടത്തുന്നത്. വിറ്റഴിക്കാനായി ചെറുകിട വ്യാപാരികള്‍ക്കു എത്തിക്കാന്‍ നിരവധി ഏജന്റുമാരും പ്രവര്‍ത്തിക്കുന്നു. രാത്രികാലങ്ങളിലാണ് മായം കലര്‍ന്ന മത്സ്യം ഏറെയും എത്തിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മത്സ്യം കിട്ടുന്നതിനാലും വന്‍ ലാഭം ലഭിക്കുമെന്നതിനാലും ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികള്‍ ഏറെയാണ്. ട്രെയിന്‍ മാര്‍ഗവും പാഴ്സല്‍ ലോറികള്‍ വഴിയും മത്സ്യം വന്‍തോതില്‍ എത്തുന്നു. പ്രധാന മാര്‍ക്കറ്റുകളില്‍ കരാര്‍ വ്യവസ്ഥയില്‍ മത്സ്യം എത്തിക്കുന്നവരും സജീവമാണ്. നേരത്തേ മത്സ്യം കേടാകാതെ സൂക്ഷിക്കാന്‍ ഐസാണ് ഉപയോഗിച്ചിരുന്നത്. മത്സ്യബന്ധന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഐസ് പ്ലാന്റുകളും പ്രവര്‍ത്തിച്ചിരുന്നു.
ഇപ്പോള്‍ രാസവസ്തു ചേര്‍ത്ത ഐസും മത്സ്യം കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്നു. രാസപദാര്‍ഥം ചേര്‍ത്ത മത്സ്യം തിരിച്ചറിയുക ഏറെ ദുഷ്‌കരമാണ്. ഫ്രഷ് മത്സ്യത്തേക്കള്‍ കൂടുതല്‍ ഫ്രഷാക്കുന്നതാണ് ഈ ലോബിയുടെ ‘രാസ’വിദ്യ. മംഗലാപുരത്ത് നിന്നും തൂത്തുക്കുടിയില്‍ നിന്നും ദിവസവും രാത്രിയുടെ മറവില്‍ ഇത്തരത്തിലുള്ള മത്സ്യവുമായി നൂറുകണക്കിന് വാഹനങ്ങളാണ് ജില്ലയില്‍ എത്തുന്നത്. ചെക്ക് പോസ്റ്റുകളില്‍ കാര്യമായ പരിശോധനകള്‍ ഒന്നും നടക്കാറില്ല. അത്രയേറെ സ്വാധീനമാണ് ഈ ലോബിക്കുള്ളത്. മായം കലര്‍ത്തിയ മത്സ്യം കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിത്യവും എത്തിക്കുന്നു. ചെന്നൈ മെയില്‍ ട്രെയിന്‍ വഴിയാണ് പ്രധാന കടത്ത്. ട്രെയിനില്‍ ഇവ എത്തിയാലുടന്‍ പരിശോധനകള്‍ ഒന്നും കൂടാതെ നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്ത് എത്തിക്കാനുള്ള ഗ്രീന്‍ ചാനല്‍ സൗകര്യങ്ങളുമുണ്ട്. അധികൃതരുടെ ഒത്താശയോടെയാണ് ഗ്രീന്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത്.
റെയില്‍വേയുടെ ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഇതിന് പിന്നിലുണ്ട്. അടുത്തിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ മത്സ്യം പരിശോധിച്ചെങ്കിലും ഒന്നും ‘കണ്ടെത്താന്‍’ കഴിയാതെ മടങ്ങി. മത്സ്യ മാഫിയയുടെ പിടിയില്‍ അധികൃതരും മുട്ടുമടക്കി. ഹോട്ടലുകളിലും തട്ടുകടകളിലും വരെ പരിശോധന നടത്തുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹെല്‍ത്ത് സ്‌ക്വാഡുകളും ഭക്ഷ്യസുരക്ഷാ അധികൃതരും മത്സ്യ മാര്‍ക്കറ്റുകളില്‍ കാര്യമായ പരിശോധനകള്‍ നടത്താത്തതാണു മായം കലര്‍ന്ന മത്സ്യം വ്യാപകമാകാനുള്ള പ്രധാന കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here