മുഖ്യമന്ത്രിയുടെ അഡ്വാന്‍സ് പൈലറ്റ് വാഹനത്തില്‍ കാറിടിച്ചു; പൈലറ്റ് വാഹനത്തിന് ‘ആശയക്കുഴപ്പം

0
21

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ പരിപാടികള്‍ക്കായി എത്തിയ മുഖ്യമന്ത്രിയുടെ അഡ്വാന്‍സ് പൈലറ്റ് വാഹനത്തിനുണ്ടായ ‘ആശയക്കുഴപ്പം’ ചെറിയതോതില്‍ ആശങ്ക സൃഷ്ടിച്ചു. പൈലറ്റ് വാഹനം മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവകാറിലിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുടെ സഞ്ചാരപാതയില്‍ ആശയക്കുഴപ്പം ഉണ്ടായത് . മുഖ്യമന്ത്രി ഇന്നലെ പുലര്‍ച്ചെയാണ് വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസില്‍ എത്തിയത്. 9.45ന് ടാഗോര്‍ഹാളിലായിരുന്നു ആദ്യപരിപാടി. പരിപാടിക്കായി മുഖ്യമന്ത്രിയുടെ വാഹനം പുറപ്പെടും മുമ്പ് അഡ്വാന്‍സ് പൈലറ്റ് വാഹനം (വാഹനവ്യൂഹത്തിന് മുന്‍പേ പോകുന്ന വാഹനം) മറ്റു വാഹനങ്ങള്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയില്‍ മുന്നിലായി കുതിച്ചു. കനകാലയ ബാങ്ക് ബസ്സ്റ്റോപ്പിന് സമീപത്തെത്തിയ വാഹനത്തില്‍ എതിര്‍ദിശയില്‍ നിന്നുവന്ന കാറിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പൈലറ്റ് വാഹനം മറ്റൊരു വാഹനത്തിലും ഇടിച്ചു. ഇതോടെ പൈലറ്റ് വാഹനത്തിന് തുടര്‍ന്ന് പോവാന്‍ കഴിയാതെയായി. അതേസമയം മുഖ്യമന്ത്രിയുടെ വാഹനം ഇതുവഴി പ്രശ്നങ്ങളില്ലാതെ കടന്നുപോവുകയും ചെയ്തു. ഇടിച്ച പൈലറ്റ് വാഹനത്തിന്റെ ഡ്രൈവര്‍ ഉടന്‍ തന്നെ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി മറ്റൊരു വാഹനവുമായി മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ടാഗോര്‍ ഹാളിലേക്ക് പുറപ്പെട്ടു. അതിനിടെ അവിടെ നിന്നും പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയുടെ വാഹനം പുറപ്പെട്ടിരുന്നു.
ഉടന്‍തന്നെ പൈലറ്റ് വാഹനത്തിന്റെ ഡ്രൈവര്‍ വാഹനം തിരിച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കുതിച്ചു. അപ്പോഴേക്കും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സിഎച്ച്ഓവര്‍ബ്രിഡ്ജിന് സമീപത്തെത്തിയിരുന്നു. ഗസ്റ്റ്ഹൗസിലേക്ക് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനമെങ്കിലും പിന്നീടത് മാറ്റി അടുത്ത പരിപാടി നടക്കുന്ന കെ.പി.കേശവമേനോന്‍ ഹാളിലേക്ക് പോകാന്‍ തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെ വാഹനത്തിലെ വയര്‍ലെസ് മുഖേന സുരക്ഷാവാഹനങ്ങളിലേക്ക് അറിയിച്ചു. ഇതറിയാതെയാണ് അഡ്വാന്‍സ് പൈലറ്റ് വാഹനം മുന്നിലേക്ക് കുതിച്ചു കയറിയത്. യു ടേണെടുക്കുമെന്ന പ്രതീക്ഷയില്‍ കുതിച്ച പൈലറ്റ് വാഹനം മുഖ്യമന്ത്രിയുടെ വാഹനത്തിലിടിക്കാതെ ഉടന്‍ ബ്രേക്കിട്ടു. ഇതോടെ വാഹനവ്യൂഹം ഓരോന്നായി നിര്‍ത്തി. വാഹനവ്യൂഹം അപകടത്തില്‍പെട്ടന്ന് കരുതി സമീപത്തുള്ളവരെല്ലാം ഞെട്ടി. പിന്നീടാണ് പോലീസിനും ഓടിയെത്തിയവര്‍ക്കും കാര്യം മനസിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here