വയനാട്ടില്‍ നടപ്പാക്കുന്നത് 25 കോടിയുടെ ടൂറിസം വികസന പദ്ധതികള്‍

0
24
കര്‍ലാട് അഡ്വഞ്ചര്‍ ക്യാമ്പ് സാഹസിക വിനോദസഞ്ചാര കേന്ദ്രം

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിടുമ്പോള്‍ വയനാട്ടില്‍ മാത്രം നടപ്പാക്കുന്നത് 25 കോടിയുടെ ടൂറിസം വികസന പദ്ധതികളാണെന്നു ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന നടപ്പാക്കുന്ന കര്‍ലാട് അഡ്വഞ്ചര്‍ ക്യാമ്പ് സാഹസിക വിനോദസഞ്ചാര വികസനം വിപുലീകരണ പദ്ധതി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ളതാണ് സാഹസിക വിനോദസഞ്ചാരം.
കാഴ്ചകള്‍ക്കപ്പുറം സാഹസികതകള്‍ കൂടി ചേരുമ്പോള്‍ ചെറുപ്പക്കാരടങ്ങുന്ന സഞ്ചാരികള്‍ അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തും. പ്രകൃതിസൗന്ദര്യവും കാലാവസ്ഥയും ശോഭയേകുന്ന വയനാടിന് അഡ്വഞ്ചര്‍ ടൂറിസം രംഗത്തും വളരെയധികം സാധ്യതകളുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് കര്‍ലാട് തടാകപരിസരത്ത് സര്‍ക്കാര്‍ അഞ്ചു കോടിയോളം രൂപയുടെ ടൂറിസം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. വയനാടന്‍ ടൂറിസത്തിന് മുതല്‍ക്കൂട്ടാവുന്ന തരത്തിലാണ് പദ്ധതി. വയനാടിന്റെ അനന്തമായ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ഇവിടം കേന്ദ്രീകരിച്ച് നടപ്പാക്കുന്നത്. രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിയ സ്പ്ലാഷ് തുടങ്ങിയവ വയനാടന്‍ ടൂറിസത്തിന് ഊര്‍ജമായി. കാരാപ്പുര പദ്ധതി പ്രദേശത്ത് നാലു കോടിയോളം രൂപയുടെ പ്രവൃത്തികള്‍ നടന്നുവരികയാണ്. പഴശ്ശി പാര്‍ക്ക് സൗന്ദര്യവല്‍ക്കരണം രണ്ടുകോടി രൂപയുടേതാണ്. പ്രളയം തകര്‍ത്ത വയനാടന്‍ ടൂറിസത്തെ സംരക്ഷിക്കാന്‍ രണ്ടുകോടി രൂപ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ്ടുപോവുന്നത് ഒഴിവാക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു.
ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി, ഡിടിപിസി എക്സിക്യൂട്ടീവ് മെംബര്‍ എം സെയ്ത്, ഗ്രാമപ്പഞ്ചായത്ത് അംഗം റീന സുനില്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, ഡിടിപിസി സെക്രട്ടറി ബി ആനന്ദ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here