പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ക്ക് ധനസഹായം ലഭിച്ചില്ല; കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരണത്തിലേക്ക്

0
7

സിജൊ കൊടകര

കൊടകര: ആളൂര്‍ പഞ്ചായത്തിലെ തുരുത്തിപ്പറമ്പില്‍ 9,10 വാര്‍ഡുകളിലെ ജനങ്ങള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തെയ്യാറെടുക്കുന്നു. പലവീടുകളും ചുമരുകള്‍ വിണ്ട് ബലക്ഷയ ആശങ്കയിലാണ്. പ്രളയത്തില്‍ വെള്ളം കയറി മുങ്ങിയ വീടുകളുടെ മെയ്ന്റനന്‍സ് തുക ലഭിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതാണ് വോട്ട് ബഹിഷ്‌കരണത്തിന് തയ്യാറാവുന്നത്. മൂന്ന് വാര്‍ഡുകളിലായി 378 വീടുകളിലാണ് വെള്ളം കയറിയത്. ഇതില്‍ പലര്‍ക്കും 10,000 രൂപ ലഭിച്ചെങ്കിലും ആര്‍ക്കും മെയ്ന്റനന്‍സ് തുകലഭിച്ചിട്ടില്ല. 10-ാം വാര്‍ഡില്‍ 88 വീടുകളാണ് വെള്ളം കയറിയത്. 9-ാം വാര്‍ഡില്‍ 200ല്‍ അധികം വീട് വെള്ളത്തില്‍ മുങ്ങി. ഏഴ് ദിവസം മുങ്ങിക്കിടന്ന തൊട്ടിപ്പറമ്പില്‍ ജയരാജിനും മെയ്ന്റനന്‍സ് തുക ലഭിച്ചില്ല. വെള്ളം ഇറങ്ങിയ ഉടനെ വില്ലേജില്‍ നിന്നും അന്വേഷണത്തിന് വന്നെങ്കിലും ആപ്രദേശത്തെ ഭൂരിഭാഗം പേരും വീടുകളില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വീട്ടുകാര്‍ക്ക് നാശനഷ്ടങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനും സാധിച്ചിട്ടില്ല. പിന്നീട് വില്ലേജില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നോ ആരും ഈ വഴിക്ക് വന്നിട്ടില്ലെന്നാണ് വീട്ടുകാരുടെ പരാതി. ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നതല്ലാതെ ഉദ്യോഗസ്ഥര്‍ മറ്റ് നടപടികളൊന്നും എടുക്കുന്നില്ല. ഇക്കാര്യത്തില്‍ വാര്‍ഡ് മെമ്പര്‍മാരും താല്‍പര്യമെടുക്കുന്നില്ലെന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്. രണ്ടും മൂന്നും ദിവസം വെള്ളം മുങ്ങിക്കിടന്ന വീടുകള്‍ക്ക് ആവശ്യമായ മെയ്ന്റനന്‍സ് ചെയ്യാത്തതിനാല്‍ ബലക്ഷയം വന്നുകൊണ്ടിരിക്കുകയാണ്. നിരവധി വീടുകളുടെ ചുമരുകള്‍ വിണ്ട് നില്‍ക്കുകയാണ്. ജനലുകളും വാതിലുകളും അടക്കാനാവാത്ത സ്ഥിതിയുമുണ്ട്. മറ്റുമാര്‍ഗങ്ങളില്ലാത്തതിനാല്‍ ആശങ്കയോടെയാണ് ഈ വീടുകളില്‍ താമസിക്കുന്നത്. ലോണ്‍ എടുത്തും കടംവാങ്ങിയും വീട് നിര്‍മിച്ചവര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. ഇനിയൊരു മഴക്കാലത്തെ അതിജീവിക്കാനാകുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. എത്രയും വേഗം കൃത്യമായ അന്വേഷണം നടത്തി പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ക്ക് മെയ്ന്റനന്‍സ് തുകലഭിക്കുന്നതിനുള്ള നടപടി സര്‍ക്കാരിന്റെഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കില്‍ ഈ തെരഞ്ഞെടുപ്പിന് വോട്ട് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് കുടുംബങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here