സഹായം ആവശ്യപ്പെടുന്നവരുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടുന്നയാള്‍ പിടിയിലായി

0
24

ഹരിപ്പാട്: സഹായം ആവശ്യപ്പെടുന്നവരുടെ എ.ടി.എം. കാര്‍ഡ് കൈക്കലാക്കി പണം തട്ടുന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. കരീലകുളങ്ങര മലമേല്‍ഭാഗം ഇടപ്പളളി തെക്കതില്‍ സന്തോഷിനെ(42)യാണ് അറസ്റ്റു ചെയ്തത്.

പുതിയവിള സ്വദേശികളായ പൊടിയന്‍, ചന്ദ്രന്‍ എന്നിവരുടെ എ.ടി.എം. കൈക്കലാക്കി 1,03,600 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പ്രായമായവരും സ്ത്രീകളും എ.ടി.എം. കൗണ്ടറില്‍ കയറുമ്പോള്‍ ഇയാളും പണം എടുക്കാനെന്ന വ്യാജേന കൂടെ കയറിയാണ് തട്ടിപ്പു നടത്തുന്നത്. പണം പിന്‍വലിക്കാന്‍ വൈദഗ്ദ്ധ്യമില്ലാത്തവര്‍ സഹായം ആവശ്യപ്പെടും. പണം എടുത്തു നല്‍കുന്നതിനു പകരം മിനി സ്റ്റേറ്റു മെന്റോ ബാലന്‍സ് സ്ലിപ്പോ അടിച്ചു നല്‍കും. നല്‍കിയ എ.ടി.എം. കാര്‍ഡിനു പകരം പണമില്ലാത്ത മറ്റൊരു കാര്‍ഡായിരിക്കും സ്ലിപ്പിനൊപ്പം ഇയാള്‍ തിരികെ നല്‍കുന്നത്.

റിട്ട.ഗ്രഫ് ജീവനക്കാരമായ പുതിയവിള സ്വദേശി, പൊടിയനാണ് 99,300-രൂപ നഷ്ടപ്പെട്ടതായി കാണിച്ച് പോലീസിന് പരാതി നല്‍കിയത്. കഴിഞ്ഞ ജനുവരി 24-ന് വേലഞ്ചിറയില്‍ വച്ചാണ് പ്രതി പൊടിയനെ കബളിപ്പിച്ച് എ.ടി.എം. കാര്‍ഡ് കൈക്കലാക്കിയത്. തുടര്‍ന്ന് ഫെബ്രുവരി ആറു മുതല്‍ 13-വരെ ഓച്ചിറ, പുതിയിടം. ചാരുംമൂട്, കറ്റാനം, കരീലകുലങ്ങര, കൊറ്റുകുളങ്ങര തുടങ്ങിയ പ്രദേശത്തെ എ.ടി.എം-ല്‍ നിന്നാണ് പലപ്പോഴായിപണം പിന്‍വലിച്ചത്.

ജനുവരിയില്‍ തന്നെയാണ് ചന്ദ്രന്റെ 4,300-രൂപയും സന്തോഷ് തട്ടിയെടുത്തത്. ഇദ്ദേഹത്തിന്റെ കെട്ടിട നിര്‍മാണ ക്ഷേമനിധി പെന്‍ഷന്‍ തുകയാണ് കബളിപ്പിച്ചെടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങളും ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെകുറിച്ചുളള സൂചന ലഭിച്ചത്. പണം നഷ്ടപ്പെട്ട ഒരാള്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

ഒന്‍പതുമാസം മുന്‍പ് വിജയകുമാര്‍ എന്നയാളിന്റെ 1,08,000 രൂപയും എ.ടി.എ.മ്മില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു. കൂടാത ഓച്ചിറ, കായംകുളം വളളികുന്നം, തുടങ്ങിയ സ്റ്റേഷനുകളിലും സമാനമായ കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളിലും സന്തോഷിന് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണ്. ഇയാള്‍ക്ക് മറ്റ് സഹായികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയുടെ നിര്‍ദ്ദേശപ്രകാരം കായംകുളം ഡി.വൈ.എസ്.പി. ആര്‍.ബിനു രൂപവത്ക്കരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കനകക്കുന്ന് എസ്.ഐ. സോണി മത്തായി, എ.എസ്.ഐ. അലി അക്ബര്‍, സീനിയര്‍ സി.പി.ഒ.മാരായ എന്‍.വി.ഷിബു, എസ്.ഷിബു, ശ്യം, സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here