പി. ഉദയകുമാര്‍
കൊല്ലം: എന്‍ ശ്രീകണ്ഠന്‍ നായരില്‍ തുടങ്ങി എന്‍.കെ പ്രേമചന്ദ്രനിലെത്തി നില്‍ക്കുകയാണ് കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രം. കൊല്ലത്തെ രാഷ്ട്രീയ ചരിത്രമെന്നത് ആര്‍.എസ്.പിയുടെ കൂടി തെരഞ്ഞെടുപ്പ് ചരിത്രമാണ്. കൊല്ലത്ത് ആര്‍.എസ്.പി എന്നാല്‍ ഒരു കാലത്ത് ബേബി ജോണിനപ്പുറം എന്‍ ശ്രീകണ്ഠന്‍നായര്‍ എന്ന പ്രമുഖ തൊഴിലാളി നേതാവായിരുന്നു. ശ്രീകണ്ഠന്‍നായരെക്കുറിച്ച് എഴുതാതെ കൊല്ലത്തിന്റെയും ആര്‍.എസ്.പിയുടെയും തെരഞ്ഞെടുപ്പ് ചരിത്രം പൂര്‍ണമാകില്ല.
ജില്ലയിലെ രണ്ടുലക്ഷത്തിലധികം വരുന്ന കശുവണ്ടി തൊഴിലാളികള്‍ സ്വീകരിക്കുന്ന സമീപനവും സാമുദായിക സംഘടനകള്‍ കൈക്കൊള്ളുന്ന നിലപാടുമാണ് എല്ലാക്കാലത്തും കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ ജയ പരാജയങ്ങള്‍ നിര്‍ണയിക്കാറുള്ള ഘടകങ്ങളാണ്. അത്തരത്തില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ അസാമാന്യമായ പാടവം തെളിയിച്ച ശ്രീകണ്ഠന്‍ നായരുടെ കുത്തക സീറ്റായിരുന്നു കൊല്ലം മണ്ഡലം. അഞ്ച് തവണയാണ് ശ്രീകണ്ഠന്‍ നായര്‍ കൊല്ലത്തെ പ്രതിനിധീകരിച്ചത്. മണ്ഡലത്തിന് പുറത്തുനിന്നുവന്ന ഐ.എന്‍. ടി.യു.സി നേതാവ് ബി.കെ നായരോട് ആറാം അങ്കത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ശ്രീകണ്ഠന്‍ നായര്‍ പിന്നീട് പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് കീഴടങ്ങുകയായിരുന്നു. അതിന്റെ ഫലമായി പാര്‍ട്ടി പിളരുകയും ആര്‍.എസ്.പിക്ക് പലപ്പോഴും കാലിടറുകയും ചെയ്തു.
1952ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം നേടിയാണ് ശ്രീകണ്ഠന്‍ നായര്‍ ലോക്‌സഭയിലെത്തി കേരളത്തിന്റെ ഇടിമുഴക്കമായത്. പിന്നീട് 1962ലും 1971ലും 1977ലും ആര്‍.എസ്.പി ടിക്കറ്റിലും 1967ല്‍ സ്വതന്ത്രനായും മത്സരിച്ച് ശ്രീകണ്ഠന്‍ നായര്‍ കൊല്ലത്ത് വിജയക്കൊടി പാറിച്ചു. ശ്രീകണ്ഠന്‍നായരെ പരാജയപ്പെടുത്തിയത് 1957ല്‍ സി.പി. ഐയിലെ കൊടിയനും 1980ല്‍ കോണ്‍ഗ്രസിലെ ബി.കെ നായരുമായിരുന്നു. കെ കരുണാകരന്റെ അനുഗ്രഹാശിസുകളോടെ ഐ.എ.എസ് രാജിവച്ച് കൊല്ലത്തെ അങ്കത്തട്ടിലിറങ്ങിയ എസ് കൃഷ്ണകുമാര്‍ 1984ലും 1991ലും ആര്‍.എസ് ഉണ്ണിയെും ബാബു ദിവാകരനെയും പരാജയപ്പെടുത്തി ആര്‍.എസ്.പിയുടെ കുത്തക തകര്‍ത്തു.
ചാരക്കേസിനെ തുടര്‍ന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് ,മുഖ്യമന്ത്രി പദവിക്കായി അന്ന് കേന്ദ്രമന്ത്രിയായിരുന്ന കൃഷ്ണകുമാര്‍ അണിയറയില്‍ കരുക്കള്‍ നീക്കിയതോടെ ലീഡറുടെ എതിര്‍പ്പിനും വഴിവച്ചു. തുടര്‍ന്ന് കൊല്ലത്തിന് പകരം എ.കെ ആന്റണിയുടെ പിന്തുണയോടെ ആലപ്പുഴയില്‍ മല്‍സരത്തിന് ശ്രമിച്ച കൃഷ്ണകുമാര്‍ ഒടുവില്‍ കൊല്ലത്ത് തന്നെ മല്‍സരിച്ച് കന്നിയങ്കത്തിനിറങ്ങിയ എന്‍.കെ പ്രേമചന്ദ്രനോട് അടിയറവു പറയുകയായിരുന്നു. 98ലും വിജയം ആവര്‍ത്തിച്ച പ്രേമചന്ദ്രന് പക്ഷേ,ആര്‍.എസ്.പിയുടെ രണ്ടാമത്തെ പിളര്‍പ്പിനെ തുടര്‍ന്ന് മണ്ഡലം സി.പി.എമ്മിന്റെ അധിനിവേശത്തിലമര്‍ന്നത് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളു. ആര്‍.എസ്.പിയുടെ പിളര്‍പ്പാകട്ടെ പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുകയും ചെയ്തു. ഇത് കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന വേരോട്ടം നഷ്ടപ്പെടാനിടയാക്കി. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്തു.
1999ലും 2004ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിലെ പി രാജേന്ദ്രനായിരുന്നു വിജയം. 2009ല്‍ മൂന്നാം അങ്കത്തിനിറങ്ങിയ രാജേന്ദ്രനെ കോണ്‍ഗ്രസിലെ എന്‍ പീതാംബരക്കുറുപ്പ് അടിയറവ് പറയിപ്പിച്ചു. എന്നാല്‍ 2014ല്‍ കൊല്ലം സീറ്റ് വിട്ടുകിട്ടണമെന്ന ആര്‍.എസ്.പിയുടെ ആവശ്യം സി.പി .എം നിരാകരിച്ചതോടെ പാര്‍ട്ടി ഇടതു മുന്നണി വിട്ടതിനെ തുടര്‍ന്ന് ആര്‍.എസ്.പിയിലെ പ്രേമചന്ദ്രനു വേണ്ടി കുറുപ്പിനെ കോണ്‍ഗ്രസ് ബലിയാടാക്കി. സിറ്റിംഗ് എം.പി ആയിരുന്ന കുറുപ്പിന് പകരം കളത്തിലിറങ്ങിയ പ്രേമചന്ദ്രന്‍ സി.പി.എം പി.ബി അംഗം എം.എ ബേബിയെ ഏഴു നിയമസഭാ നിയോജകമണ്ഡലങ്ങളിലും ഒരേ നിലയില്‍ തറപറ്റിച്ചു.ഇത്തവണ പ്രേമചന്ദ്രനെ നേരിടുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എന്‍ ബാലഗോപാലാണ്.
ഇനി ആര്‍.എസ്.പിയുടെ പിളര്‍പ്പിലേക്ക് കണ്ണോടിച്ചാല്‍, വ്യവസായങ്ങളെപ്പോലെതന്നെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തഴച്ചു വളരുന്നതിനും തകര്‍ന്ന് വീഴുന്നതിനും കൊല്ലം സാക്ഷിയായിട്ടുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നറിയപ്പെടുന്ന ആര്‍.എസ്.പി. എന്നും ആര്‍.എസ്.പികളുടെ ഈറ്റില്ലമാണ് കൊല്ലം. ഔദ്യോഗിക ആര്‍.എസ.്പിക്ക് വെല്ലുവിളിയായി 1980ലാണ് ആദ്യമായി ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തില്‍ മറ്റൊരു ആര്‍.എസ്.പി കൊല്ലത്തുണ്ടാകുന്നത്. 1980ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രീകണ്ഠന്‍നായരുടെ തോല്‍വിയെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളായിരുന്നു ആര്‍.എസ.്പി എസിന്റെ രൂപീകരണത്തിന് കാരണമായത്. ഒടുവില്‍ ശ്രീകണ്ഠന്‍ നായരുടെ മരണശേഷം നേതാക്കള്‍ പലരും മാതൃസംഘടനയിലേക്കോ മറ്റ് പാര്‍ട്ടികളിക്കോ തിരിച്ചുപോയതോടെ ആര്‍.എസ.്പി എസ് ഇല്ലാതായി. ആര്‍.എസ്.പിഎസിലെ തീപ്പൊരി നേതാവായിരുന്ന കടവൂര്‍ ശിവദാസന്‍ കോണ്‍ഗ്രസിലെത്തി കരുണാകരന്റെ വിശ്വസ്ഥനായി മാറി.കടവൂര്‍ മാത്രമായിരുന്നു ഇതില്‍ അതിജീവിച്ചത്. രണ്ടാമത്തെ പിളര്‍പ്പ് 1999ല്‍ രോഗക്കിടക്കയില്‍ ആയിരുന്ന ബേബി ജോണിന്റെ പേരില്‍ ആര്‍.എസ്.പി (ബി) രൂപീകരിച്ചായിരുന്നു.
യു.ഡി. എഫിനൊപ്പം നിന്ന ആര്‍.എസ്.പി ബി 2005ല്‍ യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ബാബു ദിവാകരന്‍ രൂപം നല്‍കിയ പാര്‍ട്ടിയായിരുന്നു ആര്‍.എസ.്പി എം. തുടര്‍ന്ന് 2008ല്‍ വീണ്ടും ആര്‍. എസ്.പി പിളര്‍ന്ന് ആര്‍.എസ്.പി (ബേബി ജോണ്‍) എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ യു.ഡി.എഫില്‍ ഒരു കുടക്കീഴിലായ ആര്‍.എസ്.പി,ആര്‍. എസ്.പി(ബേബിജോണ്‍) വിഭാഗങ്ങള്‍ പിന്നീട് ഒന്നായി. ഇതിനിടെ ആര്‍.എസ്.പി എം പിരിച്ചുവിട്ട് മുലായംസിംഗിന്റെ സമാജ്വാദി പാര്‍ട്ടി കേരള ഘടകം രൂപീകരിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫില്‍ നിന്നും പുറത്തുപോകേണ്ടിവന്ന ബാബു ദിവാകരന്‍ പിന്നീട് കോണ്‍ഗ്രസില്‍ ലയിക്കുകയായിരുന്നു.
ആര്‍.എസ്.പി മുന്നണി മാറിയതിന്റെ ക്ഷീണം തീര്‍ക്കാന്‍,സി.പി.എം നേതൃത്വത്തില്‍ ബാബു ദിവാകരനെ കോണ്‍ഗ്രസില്‍ നിന്നും തിരികെയെത്തിച്ച് ആര്‍.എസ്.പി എം പുനരുജ്ജീവിപ്പിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് കുറച്ചുനാളുകള്‍ക്ക് ശേഷം അദ്ദേഹം മാതൃസംഘടനയിലേയ്ക്ക് തിരികെയെത്തുകയായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ പുതിയൊരു ആര്‍.എസ്.പിയുടെ രൂപീകരണത്തിനും കൊല്ലം വേദിയായി. അങ്ങനെ ആര്‍.എസ്.പി ലെനിനിസ്റ്റ് രൂപം കൊണ്ടെങ്കിലും പിന്നീട് അമ്പലത്തറ ശ്രീധരന്‍നായരുടെ നേതൃത്വത്തില്‍ പിളര്‍ന്നു. തുടര്‍ന്നൂള്ള പിളര്‍പ്പുകള്‍ ഇനി എന്നാണാവോ വരിക.. അതും നോക്കിയിരിക്കുകയാണ് കൊല്ലത്തുകാര്‍

LEAVE A REPLY

Please enter your comment!
Please enter your name here