ധന്‍ബാദ് എക്സപ്രസ് ട്രെയിനില്‍നിന്നും അഞ്ചരക്കിലോ കഞ്ചാവ് പിടിച്ചു

0
38

ആലപ്പുഴ: എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും ആലപ്പുഴ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ധന്‍ബാദ് ട്രയിനില്‍ നിന്നും അഞ്ചരക്കിലോ ഗഞ്ചാവ് പിടികൂടി കേസ്സെടുത്തു. 12.03.2019 രാത്രി ഒന്‍പത് മണി സമയത്ത് ധന്‍ബാദ് ആലപ്പുഴ ട്രയിന്‍ പരിശോധന നടത്തിയാണ് ഗഞ്ചാവ് പിടികൂടിയത്. ഇലക്ഷനോടനുബന്ധിച്ച് ധന്‍ബാദ് ട്രയിനില്‍ ഗഞ്ചാവ് വന്‍തോതില്‍ എത്തിച്ച് സംഭരിക്കുന്നതായി രഹസ്യവിവരമുണ്ടായിരുന്നു. തുടര്‍ന്ന് ആര്‍.പി.എഫ്. മായി ചേര്‍ന്ന് ധന്‍ബാദ് ട്രയിനില്‍ തുറവൂര്‍ മുതല്‍ ആലപ്പുഴ വരെ പരിശോധന നടത്തി. തുടര്‍ന്ന് മാരാരിക്കുളത്ത് വെച്ച് ട്രയിനിന്റെ എഞ്ചിനോട് ചേര്‍ന്നുള്ള ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ സീറ്റിനടിയില്‍ ഒരു ഷോല്‍ഡര്‍ ബാഗില്‍ മൂന്ന് പ്ലാസ്റ്റിക് കിറ്റുകളിലായാണ് ആകെ അഞ്ചരക്കിലോ ഗഞ്ചാവ് കണ്ടെടുത്തത്. രണ്ട് കിലോയുടെ രണ്ട് പാക്കറ്റും ഒന്നരക്കിലോയുടെ ഒരു പാക്കറ്റായുമാണ് ഗഞ്ചാവ് നിറച്ചിരുന്നത്. പരിശോധനക്കിടയില്‍ സംശയാസ്പദമായി ചേര്‍ത്തല സ്റ്റേഷനില്‍ട്രയിനില്‍ നിന്നിറങ്ങിയ ആളെപ്പറ്റി അന്വേഷണം നടത്തിവരുന്നു. ടിയാന്‍ പിടികൂടിയ ഗഞ്ചാവിന്റെ ഉടമസ്ഥനാണെന്ന് സംശയിക്കുന്നു.ടിയാനെപ്പറ്റിയുള്ള അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ഗഞ്ചാവ് തോട്ടങ്ങളില്‍ ഇപ്പോള്‍ വിളവെടുപ്പ് സീസണാണ്. കിലോയ്ക്ക് രണ്ടായിരം രൂപ മുതല്‍ പന്തീരായിരം രൂപ വരെ വിലവരുന്ന ഗഞ്ചാവ് ആന്ധ്രയില്‍ ഇപ്പോള്‍ യഥേഷ്ടം ലഭിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ട്രയിന്‍ വഴിയുള്ള പരിശോധന ശക്തിപ്പെടുത്തിയതിനാല്‍ ഗഞ്ചാവ് കടത്തല്‍ കുറവായിരുന്നു. ഇപ്പോള്‍ ഗഞ്ചാവ് പിടികൂടിയത് ട്രയിനിലൂടെ വീണ്ടും ഗഞ്ചാവ് കടത്തല്‍ കൂടിവരുന്നു എന്നുള്ള നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.മറ്റു സംസ്ഥാനങ്ങളിലെ ഗഞ്ചാവ് ഉല്‍പ്പാദന കേന്ദ്രങ്ങളിലൂടെ കടന്നുവരുന്ന ട്രയിനായതിനാലാണ് ഗഞ്ചാവ് കടത്തുകാര്‍ കൂടുതലായി ധന്‍ബാദ് ട്രയിനെ ആശ്രയിക്കുന്നത്. ടി സ്ഥലങ്ങളിലൂടെ രാത്രി കാലങ്ങളില്‍ ട്രയിന്‍ കടന്നുപോകുന്നതിനാലാണ് കടത്തുകാരുടെ ഇഷ്ട ട്രയിനായി ഇത് മാറിയത്. കഴിഞ്ഞ ഒരു മാസക്കാലമായി ധന്‍ബാദ് ട്രയിനിലുള്ള നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. പിടികൂടിയ ഗഞ്ചാവ് ”ശീലാബതി”ഇനത്തില്‍പ്പെട്ട നല്ലയിനം ഗഞ്ചാവാണ്. വിപണിയില്‍ ഏഴ് ലക്ഷത്തോളം വിലവരും.ട്രയിനിന്റെ പല ബോഗികളിലായി ഒരേ സമയം എക്സൈസ് ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ കേറിയാണ് പരിശോധന നടത്തിയത്. ഗഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ഒരു കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here