അക്രമവും തട്ടിക്കൊണ്ടു പോകലും നിത്യസംഭവം; തലസ്ഥാനത്ത് സൈ്വരജീവിതം തകര്‍ന്നു

0
17

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് രാജ്യം നീങ്ങുന്നതിനിടെ സംസ്ഥാന തലസ്ഥാനത്ത് ക്രമസമാധാന പാലനം താളം തെറ്റുന്നു. നേരത്തെ ശബരിമല വിഷയത്തില്‍ വ്യാപകമായ അക്രമങ്ങളാണ് ഇതിന് തൊട്ട്മുമ്പ് നടന്നതെങ്കില്‍ ഇപ്പോള്‍ ആള്‍ക്കൂട്ട കൊലപാതകമാണ് വ്യാപകമാകുന്നത്. അക്രമങ്ങളുടെ തലസ്ഥാനമായി തിരുവനന്തപുരം തന്നെ മാറുകയാണ്. സര്‍ക്കാറിന്റെ മൂക്കിന് താഴെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ തട്ടികൊണ്ടു പോകലുകളും കൊലപാതകങ്ങളും അരങ്ങേറിയത്. കല്യോട്ടെ ഇരട്ടകൊലപാതകത്തിന് ശേഷമുണ്ടായ രാഷ്ട്രീയ അക്രമസംഭവമായിരുന്നു, മാര്‍ച്ച് 10 ന് തിരുവനന്തപുരം പാറശാലയില്‍ ബിജെപി – സിപിഎമ്മും തമ്മില്‍ നടന്നത്. കാസര്‍കോട് ആയുധമുപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ പക്ഷേ പാറശാലയിലെ ഏറ്റുമുട്ടലില്‍ കൊലനടക്കാത്തതിനാല്‍ ആയുധത്തെ കുറിച്ച് കമാന്ന് ഒരക്ഷരം മിണ്ടിയില്ല. പാറശാലയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും നാല് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പുണ്ടായ തര്‍ക്കമാണ് സിപിഎം – ബിജെപി അക്രമത്തില്‍ കലാശിച്ചത്. നേരത്തെ ഉണ്ടായ സംഘര്‍ഷത്തിലും സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് നാല് ദിവസം മുമ്പാണ്. ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ കാറിലെത്തിയ രണ്ടംഗ സംഘമാണ് കടത്തി കൊണ്ടുപോയത്. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് പിന്നീട് മൃതദേഹം കണ്ടെത്തിയിത്. കഴിഞ്ഞ ദിവസം കൊഞ്ചിറവിളയില്‍ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.ബുധനാഴ്ചയാണ് തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ മുഹമ്മദ് റോഷന്‍, റിഷിന്‍ എന്നിവരെ തട്ടിക്കൊണ്ട് പോയതായി അമ്മ പരാതി നല്‍കിയത്. വീട്ടില്‍ നിന്ന് മര്‍ദ്ദിച്ച് വാഹനത്തില്‍ കൊണ്ടുപോയെന്ന് അയല്‍വാസികള്‍ കണ്ടതായും പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here