തുഴച്ചില്‍ താരങ്ങളെ ട്രയലിനുവിട്ടില്ല; അധികൃതരുടെ പിടിവാശിയില്‍ തുഴച്ചില്‍ താരങ്ങളുടെ ഭാവി കുരുങ്ങി; അടുത്ത ദേശീയ ഗെയിംസില്‍ കേരളത്തിന് ടീം ഇല്ല

0
56

ഷാജഹാന്‍ കെ ബാവ

ആലപ്പുഴ : കോടികള്‍ ചെലവിട്ട് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെയും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സായി കേന്ദ്രത്തിലെയും തുഴച്ചില്‍ താരങ്ങള്‍ക്ക് ദേശീയ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെടുന്നു. അധികൃതരുടെ പിടിവാശിമുലം കഴിഞ്ഞ നാലു ദേശീയ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ഇവിടെ പരിശീലനം തേടുന്ന താരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.കഴിഞ്ഞ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നടന്ന തുഴച്ചില്‍ മല്‍സരങ്ങളില്‍ കനത്ത സാമ്പത്തിക ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാന കനോയിംഗ് ആന്റ് കയാക്കിംഗ് അസോസിയേഷനെ ദേശീയ തുഴച്ചില്‍ അസോസിയേഷന്‍ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടപ്പെട്ട അസോസിയേഷനുമായി സ്പോര്‍ട്ട്സ് കൗണ്‍സിലിനും സായിക്കും ഉളള മമതയാണ് താരങ്ങളുടെ ഭാവി അവതാളത്തിലാക്കിയത്. അഴിമതിയെ തുടര്‍ന്ന് പിരിച്ചുവിട്ട അസോസിയേഷനു പകരം കേരളത്തില്‍ ദേശീയ ഫെഡറേഷന്‍ താല്ക്കാലിക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ടീം തെരഞ്ഞെടുപ്പുകളും മറ്റ് കായിക പ്രവര്‍ത്തനങ്ങളും നടത്താന്‍ ഈ അഡ്ഹോക്ക് കമ്മിറ്റിക്ക് മാത്രമെ അധികാരമുളളു.ഈ കമ്മിറ്റിയെ സ്പോര്‍ട്ട്സ് കൗണ്‍സില്‍ അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്പോര്‍ട്ട്സ കൗണ്‍സിലിനൊപ്പം സായിയും കടുപിടുത്തം തുടര്‍ന്നതോടെ താരങ്ങള്‍ പ്രതിസന്ധിയിലായി. കേരളത്തില്‍ താലിക്കാലിക കമ്മിറ്റി നടത്തിയ നാലു ജൂനിയര്‍ , സീനിയര്‍ ദേശീയ മല്‍സരങ്ങളിലേക്കുളള ടീം തെരഞ്ഞെടുപ്പുകളില്‍ ഇവിടെനിന്നുളള താരങ്ങളെ അധികൃതര്‍ പങ്കെടുപ്പിച്ചിരുന്നില്ല. ഇതോടെ അവസാനവര്‍ഷ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ പല താരങ്ങള്‍ക്കും ഹോസ്റ്റലുകള്‍ വിടേണ്ടിവന്നു. കേരളത്തിന് ദേശീയ മെഡലും ഇന്ത്യക്ക് അന്തര്‍ദേശീയ മെഡലും നേടിതരുന്ന പ്രധാന സ്പോര്‍ട്ട്സ് ഇനമാണ് തുഴച്ചില്‍.സായിപോലുളള മികച്ച സ്പോര്‍ട്ട്സ് കേന്ദ്രങ്ങളില്‍ പരിശീലനം നേടുന്ന താരങ്ങള്‍ക്ക് വലിയ മെഡല്‍ സാധ്യതയാണുളളത്. ഇതിനെയാണ് അധികൃതര്‍ പിടിവാശിമൂലം നശിപ്പിക്കുന്നത്. അഡ്വ. അനില്‍ ബോസ് ചെയര്‍മാനും മുന്‍ അന്തര്‍ദേശീയ താരവും ജി വി രാജ അവാര്‍ഡ് ജേതാവുമായ ബീന സുബൈര്‍ കണ്‍വീനറുമായുളള താല്ക്കാലിക കമ്മിറ്റി കൗണ്‍സിലിനും സായിക്കും നിരവധി തവണ കത്തയച്ചിട്ടും സായിയോ കൗണ്‍സിലോ താരങ്ങളെ സെലക്ഷന്‍ ട്രയലിന് അയച്ചിരുന്നില്ല. 2019 ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ സീനിയര്‍ തുഴച്ചില്‍ മല്‍സരങ്ങളില്‍ കേരളത്തിന്റെ പേരില്‍ താരങ്ങളെ അയച്ചെങ്കിലും ഇവര്‍ക്ക് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. താല്‍ക്കാലിക കമ്മിറ്റിയുടെ സെലക്ഷന്‍ ട്രയലില്‍ പങ്കെടുത്ത താരങ്ങള്‍ സെലക്ഷന്‍ ലഭിച്ചശേഷം അധികൃതരുടെ നിര്‍ദേശപ്രകാരം മലക്കംമറിഞ്ഞു. ഇതോടെ താരങ്ങള്‍ക്ക് താലക്കാലിക കമ്മിറ്റി വിലക്കേര്‍പ്പെടുത്തി. ദേശീയ ഫെഡറേഷന്‍ ആകട്ടെ താല്ക്കാലിക കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം സായി താരങ്ങളെ കേരളത്തിന്റെ പട്ടികയില്‍നിന്നും നീക്കം ചെയ്തു. ഇതോടെ പുറത്തായ താരങ്ങള്‍ക്ക് വ്യക്തിപരമായി ഇന്ത്യ ഫെഡറേഷനുവേണ്ടി മല്‍സരിക്കേണ്ട ഗതികേടുമുണ്ടായി. മാത്രമല്ല കേരളത്തിന്റെ പേരില്‍ സ്പോര്‍ട്ട്സ് കിറ്റുകളും അനൂകൂല്യങ്ങളും വാങ്ങിയ താരങ്ങള്‍ക്ക് അവ തിരിച്ചു നല്‍കേണ്ടിയും വരും. അതേസമയം മല്‍സരത്തില്‍ പങ്കെടുക്കാതെ താരങ്ങള്‍ മാറിനിന്നതോടെ കേരളത്തിന് അടുത്ത ദേശീയ ഗെയിംസില്‍ തുഴച്ചില്‍ ടീമിനെ ഇറക്കാനുളള അവസരവും നഷ്ടപ്പെട്ടു. സീനിയര്‍ മല്‍സരങ്ങളില്‍ ആദ്യ ആറു സ്ഥാനത്തെത്തുന്നവരെയാണ് ദേശീയ ഗെയിംസിലേക്ക് പരിഗണിക്കുന്നത്. വ്യക്തിപരമായി ഇറങ്ങിയതിനാലാണ് താരങ്ങള്‍ക്ക് ഈ അവസരം നഷ്ടമായത്. സംസ്ഥാനത്തിന്റെ കായിക അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ താരങ്ങളുടെ ഭാവി നശിപ്പിക്കുകയും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതും ചൂണ്ടിക്കാട്ടി താല്ക്കാലിക കമ്മിറ്റി ഭാരവാഹികളായ അഡ്വ അനില്‍ബോസും ബീന സുബൈറും കോടതിയെ സമീപിച്ചതായി കേരള വാര്‍ത്തയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here