ഹൃദയം തുറന്ന് രാഹുല്‍; നെഞ്ചോട് ചേര്‍ത്ത് മത്സ്യത്തൊഴിലാളികള്‍

0
5

തൃശൂര്‍: പൊള്ളയായ കപട വാഗ്ദാനങ്ങള്‍ താന്‍ നല്‍കാറില്ലെന്ന് രാഹുല്‍ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളി മന്ത്രാലയം രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിനിടയിലാണ് രാഹുല്‍, മോദിയുടെ വാഗ്ദാനലംഘനങ്ങളെ പരോക്ഷമായി പരാമര്‍ശിച്ച് താന്‍ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ലെന്ന് പറഞ്ഞത്. ചെയ്യാന്‍ തീരുമാനിച്ചത് മാത്രമേ പ്രസംഗത്തില്‍ പറയൂ.
തൃപ്രയാറില്‍ നടന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ രാഹുല്‍ മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങള്‍ക്കും ആവലാതികള്‍ക്കും കാതോര്‍ത്തു.
യു.പി.എ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി മത്സ്യബന്ധനത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ നിര്‍ത്തലാക്കിയതും തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ നേവിയില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന ആക്രമണങ്ങളെക്കുറിച്ചും ട്രോളന്‍മാര്‍ക്ക് തീരദേശ മേഖല തീറെഴുതി തങ്ങള്‍ക്ക് മത്സ്യസമ്പത്ത് അന്യമാക്കിയ എന്‍.ഡി.എ സര്‍ക്കാരിനെക്കുറിച്ചും പ്രഖ്യാപിക്കപ്പെട്ട 15 കോടി രൂപ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നല്‍കാത്ത ലക്ഷദ്വീപ് അഡ്മിനിട്രേറ്റീവ് ഭരണത്തിന്റെ പിടിപ്പുകേടിനെക്കുറിച്ചുമായിരുന്നു പാര്‍ലമെന്റില്‍ പങ്കെടുത്തവര്‍ പ്രധാനമായും ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ഇതിനെല്ലാമുള്ള മറുപടിയായാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ ഫിഷര്‍മെന്‍ മന്ത്രാലയം രൂപീകരിക്കുമെന്ന ഉറപ്പ് രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ചെറിയ പരിഹാരങ്ങള്‍ നല്‍കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
വളരെ വലിയ അര്‍ത്ഥവത്തായ പരിഹാരങ്ങളാണ് കടലിന്റെ മക്കളായ നിങ്ങള്‍ അര്‍ഹിക്കുന്നത്. നിങ്ങളുടെ ശബ്ദം ഡല്‍ഹിയില്‍ കേള്‍ക്കണം. അതിനുള്ള ഉച്ചഭാഷിണിയായിരിക്കും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രൂപീകരിക്കാന്‍ പോകുന്ന ഫിഷര്‍മെന്‍ മന്ത്രാലയം. ഭാരതത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന അഹിംസാത്മകമായ ആയുധമായിരിക്കും മത്സ്യത്തൊഴിലാളി മന്ത്രാലയം. അവിടെ നിങ്ങളെ പ്രതിനിധീകരിച്ച് അമരക്കാരനായി നിങ്ങളുടെ വിഭാഗത്തില്‍ നിന്നും ഒരാളുമുണ്ടായിരിക്കും.
കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍, ട്രോളിംഗ് തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം പരിഹാരം കണ്ടെത്തും. മന്ത്രാലയത്തിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കുകയും പരിഹാരം കണ്ടെത്താന്‍ കഴിയുകയും ചെയ്യാം. മത്സ്യത്തൊഴിലാളികളെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിക്കാമെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി. തമിഴ്‌നാട്, ഒറീസ, കര്‍ണ്ണാടക, കേരളം, ലക്ഷദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രതിനിധികള്‍ രാഹുലുമായി സംവദിച്ചു. നേരത്തെ സംവാദത്തിന് ശേഷം രാഹുല്‍ പ്രസംഗിക്കുമെന്നായിരുന്നു ഡി.സി.സി പ്രസിഡന്റും ഓള്‍ ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ ടി.എന്‍ പ്രതാപന്‍ ആമുഖമായി പറഞ്ഞതെങ്കിലും ചോദ്യങ്ങള്‍ നീണ്ടതോടെ സമയക്കുറവിനാല്‍ പ്രസംഗം ഒഴിവാക്കി. മുന്‍ മാധ്യമപ്രവര്‍ത്തക ജ്യോതി വിജയകുമാറാണ് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here