കടവില്‍ കിടന്ന വള്ളം അടിച്ചുമാറ്റി തെങ്ങിനു മുകളില്‍ ഒളിപ്പിച്ചു; തകഴിയുടെ ഇലക്ഷന്‍ പ്രചാരണം മുടക്കാന്‍ എതിരാളികളൊരുക്കിയ കുതന്ത്രത്തിന്റെ കഥ

0
36

പേരങ്ങാടന്‍
ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്. പൊതു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഞാഞ്ഞൂല്‍ പാര്‍ട്ടികളും ഒത്തുകൂടി തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കുറേ സ്ഥാനാര്‍ത്ഥികള്‍ കയ്യും മെയ്യും മറന്ന് മത്സരത്തില്‍ പങ്കെടുക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല പല സംഘടനകളും ഒന്നിച്ചുകൂടി വേദിയുണ്ടാക്കിയാണ് ഗോദയിലിറങ്ങുന്നത്. രാഷ്ട്രീയ കൂട്ടുകെട്ടിനു പുറമേ ജാതി കൂട്ടുകെട്ട് തുടങ്ങി പലവിധ വേദികള്‍ ഉണ്ടാക്കും. വാഗ്വാദങ്ങള്‍, വാഗ്ദാനങ്ങള്‍, തമ്മില്‍ത്തല്ല്, വോട്ടെടുപ്പ് ഇതെല്ലാം കഴിഞ്ഞ് വോട്ടെണ്ണുമ്പോള്‍ ഒരാള്‍ ജയിക്കും. മറ്റെല്ലാവരും അതുമിതും പറഞ്ഞ് രക്ഷപ്പെടും. കുറച്ചാളുകളുടെ കെട്ടിവെച്ച കാശും പോകും. ഒരു തിരഞ്ഞെടുപ്പില്‍ ഒട്ടനവധി അടിയൊഴുക്കുകള്‍ ഉണ്ടാകും. തിരഞ്ഞെടുപ്പില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്നവരും പിന്നാമ്പുറത്ത് ധാരാളം ഉണ്ടാകും. അതുമിതും പറഞ്ഞ് ഒത്തുകൂടുന്നവര്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. തിരഞ്ഞെടുപ്പിന്റെ പേരില്‍ നല്ല രീതിയിലുള്ള പണപ്പിരിവ്. രാഷ്ട്രീയപാര്‍ട്ടികളുടെ പിരിവ് പലവിധമാണ്. വീടുവീടാന്തരം കയറിയിറങ്ങിയുള്ള പിരിവ് കുറവാണ്. ചിലരൊക്കെ തെരുവീഥിയിലിറങ്ങി ബക്കറ്റ് പിരിവ് നടത്തും. രസീത് ഉണ്ടാക്കി പിരിക്കുന്നവരുമുണ്ട്.
തിരഞ്ഞെടുപ്പിന്റെ കണക്ക് ഇലക്ഷന്‍ കമ്മീഷന് കൊടുക്കണെന്നാണ് വയ്പ്. പക്ഷേ, യഥാര്‍ത്ഥ കണക്കൊന്നും കമ്മീഷന് ആരും കൊടുക്കാറില്ല. യഥാര്‍ത്ഥ കണക്കിന്റെ 10 ഇരട്ടി അനൗദ്യോഗിക കണക്കായിരിക്കും. ചെറുതും വലുതുമായ പാര്‍ട്ടിക്ക് വലിയ തുകകള്‍ പിന്‍വാതിലിലൂടെ എത്തിക്കും. മുന്നണികള്‍ പിരിക്കുന്ന സംഭാവനകള്‍ വേറെ. സ്‌പോണ്‍സര്‍ഷിപ്പും ഉണ്ടാകും. ലോക്‌സഭാ സീറ്റിലേക്ക് കോടികള്‍ ചെലവഴിച്ചെങ്കിലേ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവൂ. നല്ലൊരു മത്സരം കാഴ്ചവെയ്ക്കാന്‍ 4 മുതല്‍ 6 കോടിയെങ്കിലും വേണമെന്നാണ് ചില സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. ഇത്രയൊക്കെ ഒറ്റയടിക്ക് ഉണ്ടാക്കാനാകില്ലെന്ന് അവര്‍ ആണയിട്ടു പറയുന്നു. എവിടെനിന്നാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പണം കിട്ടുന്നതെന്നു പരിശോധിക്കാം. അബ്കാരികള്‍, വന്‍കിട കോണ്‍ട്രാക്ടര്‍മാര്‍, ക്വാറി ഉടമകള്‍, കോര്‍പ്പറേറ്റുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പു തല ഉദ്യോഗസ്ഥന്മാര്‍ പണപ്പിരിവ് നടത്തി ഉണ്ടാക്കുന്നത് വന്‍തുക. റിയല്‍ എസ്റ്റേറ്റ് മാഫിയ, കള്ളപ്പണക്കാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നാണ് പണം ഒഴുകുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് രഹസ്യമായി പല സ്രോതസ്സുകളില്‍ നിന്ന് വന്‍ തോക്കുകള്‍ പണം എത്തിച്ചുകൊടുക്കും. തോറ്റാലും ജയിച്ചാലും അവസാനം വലിയൊരു തുക മത്സരിക്കുന്ന ആളുടെ പെട്ടിയില്‍ ശേഷിക്കും. ഭരണകക്ഷിയിലും പ്രതിപക്ഷത്തിലും പെട്ട ചില സ്ഥാനാര്‍ത്ഥികള്‍ കാര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിച്ചുകൂട്ടിയിട്ടുള്ളത് ഈ ലേഖകന് അറിയാം. പണം എത്തിച്ചുകൊടുത്ത് നേതാക്കളെ മണിയടിക്കാന്‍ സംഭാവനകള്‍ സ്വീകരിച്ച് പണപ്പെട്ടിയിലാക്കി കൊടുക്കുന്ന ശിങ്കിടികളും കുറവല്ല. പാര്‍ട്ടിയുടെ ബൂത്ത് കമ്മിറ്റികള്‍ പണപ്പിരിവ് നടത്താറുണ്ട്. പക്ഷേ, പാര്‍ട്ടിയുടെ വാടക സ്ഥാനാര്‍ത്ഥികള്‍ പണക്കാരാണെങ്കില്‍ ബൂത്ത് കമ്മിറ്റി അയാളെ പിഴിഞ്ഞെടുക്കാനേ നോക്കൂ. പിരിവിനിറങ്ങുകയേയില്ല.
പിരിക്കാന്‍ വേണ്ടി മത്സരിക്കുന്ന കൂട്ടരും കുറവല്ല. പല സംഘടനകള്‍ ഒന്നിച്ചുകൂടി ജാതികള്‍ ഏകോപിപ്പിച്ചും തട്ടിക്കൂട്ടി രംഗത്തു വരുന്നവര്‍ക്ക് പണപ്പിരിവ് മാത്രമേ ഉദ്ദേശ്യമുള്ളൂ. ഭരണപ്രതിപക്ഷ കക്ഷികള്‍ക്ക് പണപ്പിരിവ് കൂടാതെ സ്‌പോണ്‍സര്‍ഷിപ്പിലും വന്‍ കോര്‍പറേറ്റുകളും ഇലക്ഷന് സഹായം നല്‍കും. കള്ളപ്പണം വെളുപ്പിക്കാനും തിരഞ്ഞെടുപ്പിനെ വേദിയാക്കുന്ന വമ്പന്മാരുണ്ട്. ഭരണത്തില്‍ വരുമെന്നുറപ്പുണ്ടെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഭീമമായ തുകയായിരിക്കും സംഭാവനയായി ലഭിക്കുക.
ഇന്ത്യ സ്വതന്ത്രയായ ശേഷം 1952 കാലഘട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പിനെ പറ്റി പഴമക്കാര്‍ പറയാറുണ്ട്. അന്നുകാലത്തൊക്കെ തിരഞ്ഞെടുപ്പിന് അത്ര പണമൊന്നും വേണ്ട. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് പാര്‍ട്ടികളും പേരുകേട്ട സംഘടനകളുമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അക്കാലത്ത് കാര്യമായ പണപ്പിരിവേ ഇല്ലായിരുന്നു. പാര്‍ട്ടി വിശ്വാസികള്‍ കൂട്ടമായി രംഗത്തിറങ്ങി വീടുകള്‍ കയറിയിറങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവരെ വോട്ടിന്റെ തലേദിവസം കാവലിലാക്കി കോളനികള്‍ സംരക്ഷിക്കാറുണ്ട്.
കാലം മാറി, കോലം മാറി. ജനാധിപത്യത്തില്‍ പണാധിപത്യം മുഴച്ചുനിന്നു. പണമുണ്ടെങ്കിലേ എല്ലാം നടക്കൂ എന്ന സ്ഥിതി വന്നു. കൊട്ടും കുരവയുമായി നടന്ന് പണം പിരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു. കുറേ പണം വളഞ്ഞ വഴിയിലൂടെ കൈക്കലാക്കും. ഇങ്ങനെ വരുന്ന പണം ആരുടെയൊക്കെയോ കീശയിലേക്കു പോകും. അതെവിടേക്കെന്ന് ചിലപ്പോള്‍ സ്ഥാനാര്‍ത്ഥി പോലും അറിയില്ല.
പ്രശസ്ത സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള ശ്രീമൂലം അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ച കഥ ഈ ലേഖകനോട് ഒരിക്കല്‍ വിശദീകരിച്ചിരുന്നു. അമ്പലപ്പുഴ മണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കുമ്പോള്‍ കുട്ടനാട് ആകെ വെള്ളക്കെട്ടായിരുന്നു. വെള്ളക്കെട്ടിലൂടെ പ്രചാരണത്തിനു പോകാന്‍ വള്ളം മാത്രമേ ആശ്രയമുള്ളൂ. തന്മൂലം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വള്ളം അദ്ദേഹം ചിഹ്നമാക്കി. അന്ന് പ്രചാരണത്തിന് ചെറുപ്പക്കാരും പ്രായം ചെന്നവരുമായ നാട്ടുകാര്‍ രംഗത്തുണ്ടായിരുന്നു. അവര്‍ക്ക് ചായയും കാപ്പിയും ഭക്ഷണവുമെല്ലാം കൊട്ടിലുണ്ടാക്കി അതില്‍ പാകം ചെയ്ത് കൊടുക്കുകയായിരുന്നു. അതെല്ലാം കരക്കാര്‍ ചെയ്തുകൊള്ളും. കരക്കാരാണ് അന്നൊക്കെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതു പോലും. വലിയ മത്സരമായിരുന്നു. വോട്ടെടുപ്പിന് മൂന്നു ദിവസം മുമ്പ് തന്റെ വീട്ടിനുമുമ്പില്‍ കടവില്‍ കെട്ടിയിട്ടിരുന്ന വള്ളം വെളുപ്പിന് വെള്ളകീറുംമുമ്പ് ഇറങ്ങിനോക്കിയപ്പോള്‍ കാണാനില്ല. തകഴിയുടെ പ്രചാരണം മുടക്കാന്‍ എതിര്‍കക്ഷികള്‍ ചെയ്ത കുതന്ത്രമായിരുന്നു അത്. തകഴിയും കരക്കാരും വള്ളമന്വേഷിച്ച് ഓട്ടമായി. അവസാനം അങ്ങ് ദൂരെ ഒരു തെങ്ങിന്റെ മുകളില്‍ തകഴിയുടെ വള്ളം ഒളിപ്പിച്ചുവച്ചിരിക്കുന്നു. എല്ലാവരും കൂടി തെങ്ങില്‍ കയറി വള്ളമെടുത്ത് പ്രചാരണത്തിനിറങ്ങിയ കഥ തകഴി ഓര്‍മ്മിച്ചു. സ്ഥാനാര്‍ത്ഥികളെ സഹായിച്ചിരുന്നത് വീട്ടുകാരും കരക്കാരും സ്‌നേഹിതരുമായിരുന്നു. അത് അന്ത കാലം. ഇന്നത്തെ കാലം പിരിവിന്റേതും.

LEAVE A REPLY

Please enter your comment!
Please enter your name here