കൊല്ലം മണ്ഡലത്തിലെ ബാലകൃഷ്ണപിള്ള ഇഫക്ട്

0
9

പി.ഉദയകുമാര്‍

കൊല്ലം:കൊല്ലത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയെയും ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെക്കുറിച്ചും കുറിക്കാതെ തരമില്ല. അധികാരത്തിന് വേണ്ടി ഏതു ആയുധവും പിള്ള പുറത്തെടുക്കും. വഴിയില്‍ തടയണകെട്ടാന്‍വരുന്നത് സ്വന്തം മകനാണെങ്കില്‍ പെരുന്തച്ചനാകാനും പിള്ള ഒരുക്കമാണ്. പിള്ളയുടെ പെരുന്തച്ചന്‍ ഇഫക്ട് കേരള രാഷ്ട്രീയത്തിന് അത്ര പുതുമയൊന്നുമല്ല.

ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ചയിലെ തര്‍ക്കത്തെ തുടര്‍ന്ന് 1989 ല്‍ കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്തിയാണ് ബാലകൃഷ്ണപിള്ള കൊട്ടാരക്കര ആസ്ഥാനമായി സ്വന്തമായി കേരളാ കോണ്‍ഗ്രസ് ബി രൂപീകരിക്കുന്നത്. അങ്ങനെ പിള്ളയുടെ പാര്‍ട്ടികൊല്ലം പാര്‍ട്ടിയെന്ന് അറിയപ്പെട്ടു. പുതിയ പാര്‍ട്ടി രൂപീകരിച്ച പിള്ളയുടെ നിയമസഭാ അംഗത്വം റദ്ദാക്കിയെങ്കിലും തുടര്‍ന്ന് മൂന്ന് വട്ടം കൊട്ടാരക്കരയില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2006ല്‍ ബാലകൃഷ്ണ പിള്ളയെ കൊട്ടാരക്കരയില്‍ സി.പി.എമ്മിലെ ഐഷാപോറ്റിയാണ് പരാജയപ്പെടുത്തിയത്. ഇടമലയാര്‍ അഴിമതിക്കേസില്‍ ജയിലിലും കിടന്ന ബാലകൃഷ്ണപിള്ള വി.എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ പകയുടെ ചൂടുമറിഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ,നിമയസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫുമായി സഹകരിച്ച് മത്സരിച്ച കേരളാ കോണ്‍ഗ്രസ് ബി ഇപ്പോള്‍ ഇടതുമുന്നണിയുടെ ഘാടകകക്ഷിയാണ്.

യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ കൊട്ടാരക്കരയിലും പത്തനാപുരത്തും മല്‍സരിച്ചിരുന്ന പിള്ളയുടെ പാര്‍ട്ടിക്ക്,2016ല്‍ ഗണേഷ്‌കുമാര്‍ മല്‍സരിച്ചു ജയിച്ച പത്തനാപുരം മാത്രമാണ് കയ്യിലുള്ളത്. ആന്റണി മന്ത്രിസഭയില്‍ മകന്‍ മന്ത്രിയായിരുന്നപ്പോള്‍ അധികാരക്കൊതി മൂത്തു സഹികെട്ട പിള്ള ഗണേഷ്‌കുമാറിനെ താഴയിറക്കി വീണ്ടും മന്ത്രിപദവിയിലെത്തിയിരുന്നു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും പെരുന്തച്ചന്‍ ഇഫക്ടുമായി രംഗത്തെത്തിയ പിള്ളക്ക് ഗണേഷ്‌കുമാറിനെ താഴയിറക്കിയെങ്കിലും മകനെ വീണ്ടും മന്ത്രിയാക്കാന്‍ കഴിഞ്ഞില്ല. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കൊടുക്കാത്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കത്തിനൊടുവില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് പിള്ള യു.ഡി.എഫ് വിട്ടത്. യു.ഡി.എഫ് നല്‍കിയ മുന്നാക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പിണറായി സര്‍ക്കാരും പിള്ളക്ക് നല്‍കി. കാറും പത്രാസും അധികാരവും മാത്രം ഇഷ്ടപ്പെടുന്ന പിള്ള ശമ്പളം വേണ്ടെന്നു വക്കുകയും ചെയ്തു. പിള്ളക്ക് കാബിനറ്റ് റാങ്കുള്ളതുകൊണ്ട് മകന്‍ പിള്ളക്ക് മന്ത്രി പദവി ലഭിക്കുകയുമില്ല.

എണ്‍പതു കഴിഞ്ഞവര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് പാടില്ലെന്ന നിയമംപോലും കാറ്റില്‍പ്പറത്തിയാണ് പിള്ള 85ലും കാബിനറ്റ് റാങ്കില്‍ ഉലകം ചുറ്റുന്നത്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെ തള്ളി സര്‍ക്കാരിനൊപ്പം നിന്ന പിള്ളക്ക് ഇടതുമുന്നണി നല്‍കിയ സമ്മാനമായിരുന്നു മുന്നണി പ്രവേശനം. കൂടാതെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ എന്‍.എസ്.എസിന്റെ മുഖമായി സി.പി.എം അവതരിപ്പിക്കുന്നതും പിള്ളയെയാണ്. കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും കൊല്ലത്തെ തെരഞ്ഞെടുപ്പ് ഫലം പിള്ളയുടെ പാര്‍ട്ടി ഉള്‍പ്പെടുന്ന മൂന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണാകമാകും.

ആര്‍.എസ്.പി,ആര്‍.എസ്.പി എല്‍, കേരളാ കോണ്‍ഗ്രസ് ബി. സി.പി.എമ്മില്‍ ലയിച്ച വിജയന്‍പിള്ളയുടെ സി.എം.പിക്കും ചവറയുടെ കണക്കുപുസ്തകത്തില്‍ സി.പി.എമ്മിനോട് കണക്കുപറയേണ്ടിവരും. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കൊല്ലം ജില്ല. കൊല്ലത്ത് ഏഴും മാവേലിക്കരയില്‍ മൂന്നും ആലപ്പുഴയില്‍ ഒരു മണ്ഡലവും. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളും നിലവില്‍ ഇടതുമുന്നണിയുടെ കുത്തകയാണ്. കൊല്ലത്തെ നായര്‍ വോട്ടുകളില്‍ എത്രത്തോളം പിള്ളയുടെ അക്കൗണ്ടിലുണ്ടാകുമെന്നതാണ് സി.പി.എം ഉറ്റുനോക്കുന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here