ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു; കുറ്റവിമുക്തനാക്കിയില്ല

0
16

ഡല്‍ഹി: വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയത്. എന്നാല്‍ ശ്രീശാന്തിനെ വാതുവയ്പ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.

ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാല്‍ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നല്‍കേണ്ടത്. ശ്രീശാന്തിന് നല്‍കേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കേസും മറ്റു നടപടികളും രണ്ടും രണ്ടാണെന്നും രണ്ടിനേയും കൂട്ടിക്കെട്ടേണ്ടതില്ലെന്നും വിധി പ്രസ്താവത്തില്‍ ജസ്റ്റിസുമാരായ അശോക് ഭൂഷന്‍ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വിധിയാണ് സുപ്രീംകോടതിയുടേത്. 2013 മുതല്‍ 2019 വരെ ആറ് വര്‍ഷത്തേക്കായിരുന്നു ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഉള്‍പ്പെടെ വിലക്കിക്കൊണ്ടായിരുന്നു നടപടി. ബിസിസിഐ വിലക്ക് കേരള ഹൈക്കോടതി പിന്നീട് ശരിവെച്ചു. ഇതിനെതിരെയാണ് ശ്രീശാന്ത് 2018 ജനുവരിയില്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിദേശത്ത് നിരവധി ആവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വിലക്ക് നിലനില്‍ക്കുന്നതിനാല്‍ തനിക്ക് കളിക്കാനാകുന്നില്ലെന്നായിരുന്നു ശ്രീശാന്തിന്റെ വാദം. ഒരു വര്‍ഷത്തെ വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് ശ്രീശാന്തിന് അനുകൂലമായ ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ഐപിഎല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുനില്‍ക്കുന്നതിന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ബിസിസിഐയുടെ വാദം.

ആജീവനാന്ത വിലക്ക് എന്നത് ഭരണാഘടനാവിരുദ്ധമാണെന്നും അത് ഒരു പൗരനെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ക്ക് എതിരാണെന്നും കേസിന്റെ വാദത്തിനിടയില്‍ ശ്രീശാന്ത് കോടതിയില്‍ വാദിച്ചിരുന്നു. വാതുവയ്പ്പ് കേസില്‍ പൊലീസ് കൊണ്ടു വന്ന ടെലിഫോണ്‍ രേഖകളും തെളിവുകളും അടിസ്ഥാന രഹിതമാണെന്ന് വിചാരണകോടതി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here