ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ കേസ്: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

0
20

കല്‍പ്പറ്റ: സൗത്ത് വയനാട് ഡിവിഷന്‍, മേപ്പാടി റെയ്ഞ്ചിലെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതും വൈത്തിരി താലൂക്കില്‍ കോട്ടപ്പടി വില്ലേജില്‍ ആനപ്പാറ വനഭാഗത്തു നിന്നും അനധികൃതമായി ചന്ദന മരങ്ങള്‍ മുറിച്ച് കര്‍ണാടകയിലേക്ക് കടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ഈ കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ രണ്ടാഴ്ച മുമ്പ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പേര്‍ കൂടി പിടിയിലായത്.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിച്ച് കര്‍ണ്ണാടകയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ ഗുണ്ടല്‍പേട്ട സ്വദേശികളായ മാത ഷെട്ടി,(43), ബീമന ബീട് (33) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. മേപ്പാടി റെയ്ഞ്ചിലെ വനപാലക സംഘം കര്‍ണാടക അതിര്‍ത്തിയില്‍ വെച്ച് വാഹനം വളഞ്ഞ് അതി സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അന്തര്‍ സംസ്ഥാന ചന്ദന മാഫിയയില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ബാബുരാജ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി. അഭിലാഷ്, ഷിജു ജോസ്.പി,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ പി. ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഐശ്വര്യ സൈഗാള്‍ എന്നിവരും മേപ്പാടി റെയ്ഞ്ചിലെ താല്‍ക്കാലിക വാച്ചര്‍മാരും ചേര്‍ന്നാണ് പ്രതികളെ പിടി കൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here