തിരുവനന്തപുരം മണ്ഡലത്തില്‍ കൊടുങ്കാറ്റിനു മുമ്പുളള ശാന്തത

0
18

കല്ലമ്പളളി
തിരുവനന്തപുരം: തലസ്ഥാന മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് പശ്ചാത്തലമൊരുങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചതിനാല്‍ ഇടതു മുന്നണിയുടെ സി ദിവാകരന്‍ പ്രചാരണത്തില്‍ ഇപ്പോള്‍ മുന്നിലാണ്.കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ശശി തരൂരും ബി ജെ പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും ഇപ്പോഴും അണിയറയിലെ പ്രവര്‍ത്തനങ്ങളിലാണ്.ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടാല്‍ മാത്രമേ ഇവര്‍ക്ക് പ്രത്യക്ഷമായി രംഗത്തിറങ്ങാന്‍ കഴിയൂ.ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
മത മേലദ്ധ്യക്ഷന്‍മാരേയും സാമുദായിക നേതാക്കളേയും പൗരപ്രമുഖരേയും കണ്ട് വോട്ടു ചോദിക്കുന്നതില്‍ മൂന്നു സ്ഥാനാര്‍ത്ഥികളും ഇപ്പോള്‍ വ്യാപൃതരാണ്.നിലവിലുളള രാഷ്ട്രീയ സാമുദായിക സമവാക്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുളള കഠിന ശ്രമത്തിലാണ് മൂന്നു പേരും. എന്നാല്‍ സാമുദായിക സംഘടനാ നേതാക്കള്‍ ഇനിയും മനസ്സ് തുറന്നിട്ടില്ല. എന്‍ എസ് എസ് ആരുടെ പക്ഷത്ത് നില്‍ക്കും എന്നത് ഈ തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക ഘടകമാണ്.ശശി തരൂരും കുമ്മനം രാജശേഖരനും എന്‍ എസ് എസിന്റെ പിന്തുണ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ എന്‍ എസ് എസ്സാകട്ടെ ഇവരില്‍ ആരെയാണ് പിന്‍തുണയ്ക്കുകയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തില്‍ മാത്രമേ എന്‍ എസ് എസ് ഔദ്യോഗിക നിലപാട് വെളിപ്പെടുത്തൂ എന്നാണ് അറിയുന്നത്.
എന്‍ എസ് എസ്സിനെ പോലെ തന്നെ എസ് എന്‍ ഡി പി യും അവരുടെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ നവോത്ഥാന സമിതിയുടെ കണ്‍വീനര്‍ എന്ന നിലയ്ക്ക് വെളളാപ്പളളി നടെശന്റെ പിന്തുണ സി ദിവാകരന് ലഭിക്കുമെന്നാണ് ഇടതു മുന്നണി അവകാശപ്പെടുന്നത്.ബി ഡി ജെ എസ് സഖ്യകക്ഷിയായതിനാല്‍ എസ് എന്‍ ഡി പിയുടെ പിന്തുണ കുമ്മനത്തിനായിരിക്കും എന്ന കാര്യത്തില്‍ ബി ജെ പി ക്ക് സംശയമൊന്നുമില്ല. ഇവരിലാരെയാണ് പിന്തുണയ്ക്കുകയെന്ന എസ് എന്‍ ഡി പി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
മണ്ഡലത്തില്‍ ഏറ്റവും സ്വാധീനമുളള നാടാര്‍ സമുദായത്തിന്റെ ഔദ്യോഗിക നിലപാടും ഇതുവരെ പുറത്തു വന്നിട്ടില്ല.എന്നാല്‍ പാരമ്പര്യമനുസരിച്ച് ഇവരില്‍ ഭൂരിപക്ഷം വോട്ടും ശശി തരൂരിനു തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ഉറച്ച വിശ്വാസമുണ്ട്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നാലു നിയമസഭാ മണ്ഡലങ്ങള്ല്‍ പിന്നിലായപ്പോള്‍ നെയ്യാറ്റിന്‍കര ,പാറശ്ശാല കോവളം എന്നീ നാടാര്‍ ഭൂരിപക്ഷ മണ്ഡലങ്ങളിലെ മഹാഭൂരിപക്ഷം വോട്ടു നേടിയാണ് ശശി തരൂര്‍ വിജയിച്ചത്.ഇത്തവണ അന്ന് കിട്ടിയതിനേക്കാള്‍ വോട്ടു നേടുമെന്ന് യു ഡി എഫ് അവകാശപ്പെടുന്നു.അന്ന് മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന ഒ രാജഗോപാല്‍ നേടിയ വോട്ട് കുമ്മനത്തിന് നേടാനാവില്ലെന്നും യു ഡി എഫ് ചൂണ്ടിക്കാണിക്കുന്നു
ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരിക്കെ തിരുവനന്തപുരത്തിന്റെ പ്രാദേശിക വികസനത്തിന് കൈക്കൊണ്ട നടപടികളാണ് കൂടുതല്‍ വോട്ടു നേടാന്‍ അദ്ദേഹത്തെ സഹായിച്ചത്. മിസ്സോറാം ഗവര്‍ണ്ണറായിരുന്ന കുമ്മനത്തിനാകട്ടെ തലസ്ഥാനനഗരിയുടെ വികസനത്തില്‍ പറയത്തക്ക പങ്കൊന്നുമില്ല. മാത്രവുമല്ല ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ രാജഗോപാലിനുണ്ടായിരുന്ന സ്വാധീനത്തിന്റെ പകുതി പോലും കുമ്മനത്തിന് നേടാന്‍ കഴിഞ്ഞിട്ടില്ല. ആര്‍ എസ് എസിനു മാത്രം സ്വീകാര്യനായ നേതാവാണ് കുമ്മനമെന്നും അദ്ദേഹത്തിന് തലസ്ഥാന മണ്ഡലത്തില്‍ യാതൊരത്ഭുതവും സൃഷ്ടിക്കാനാവില്ലെന്നും യു ഡി എഫും എല്‍ ഡി എഫും ചൂണ്ടിക്കാണിക്കുന്നു.
അതേ സമയം കുമ്മനം ജയിക്കുമെന്ന കാര്യത്തില്‍ അടിയുറച്ച ആത്മവിശ്വാസത്തിലാണ് ബി ജെ പി. ശബരിമല പ്രശ്‌നം ഏറ്റവും അധികം സ്വാധീനിക്കന്‍ പോകുന്ന മണ്ഡലം തിരുവനന്തപുരമാണെന്നും അതിന്റെ ഗുണം ബി ജെ പിക്ക് മാത്രമായിരിക്കും ലഭിക്കുക എന്നും അവര്‍ അവകാശപ്പെടുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച നാലു മണ്ഡലങ്ങള്‍ക്കു പുറമേ നെയ്യാറ്റിന്‍കര,പാറശ്ശാല,കോവളം മണ്ഡലങ്ങളിലും ഇത്തവണ ആധിപത്യം സ്ഥാപിക്കുമെന്നും ബി ജെ പി നേതാക്കള്‍ അവകാശപ്പെടുന്നു.
ഇടതുമുന്നണിയാകട്ടെ കഴിഞ്ഞ പ്രാവശ്യത്തെ അപമാനകരമായ മൂന്നാം സ്ഥാനത്തു നിന്നും കരകയറാനുളള ഭഗീരഥയത്‌നത്തിലാണ്.മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പരിചയക്കാരുളള സി ദിവാകരന്‍ മണ്ണിന്റെ മകന്‍ ആയതിനാല്‍ കഴിഞ്ഞപ്രാവശ്യത്തേതിനേക്കാള്‍ കൂടുതല്‍ വോട്ടുനേടും എന്നാണ് മുന്നണിയുടെ വിശ്വാസം.ശശി തരൂതും കുമ്മനം രാജശേഖരനും ഇറക്കുമതി സ്ഥാനാര്‍ത്ഥികളാണെന്ന് ഭംഗ്യന്തരേണ അവര്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.
തിരുവനന്തപുരത്തുകാരെ സംബന്ധിച്ചിടത്തോളം പ്രദേശികവാദത്തിന് യാതൊരു പ്രാധാന്യവുമില്ല. പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോന്‍ മുതല്‍ മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍ പി കെ വാസുദേവന്‍ നായര്‍ സി പി ഐ നേതാക്കളായ എം എന്‍ ഗോവിന്ദന്‍ നായര്‍,പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരുള്‍പ്പടെ ലോക നയതന്ത്ര വിദഗ്ധനായ ശശി തരൂര്‍ വരെയുളളവരെ വിജയിപ്പിച്ചവരാണ.് മേല്‍പ്പറഞ്ഞവരൊന്നും തിരുവനന്തപുരം സ്വദേശികളായിരുന്നില്ല.ഏതു പ്രദേശത്തുളളവരായാലും വ്യക്തിയുടെ മാഹാത്മ്യത്തിന് അവര്‍ പ്രാമുഖ്യം കല്‍പ്പിക്കുന്നു.അന്ധമായ രാഷ്ട്രീയ ചേരിയും അവര്‍ക്കില്ല. അതുകൊണ്ടാകണം കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ വോട്ടര്‍മാരായി തിരുവനന്തപുരത്തുകാരെ കണക്കാക്കാറുളളത്. ഇത്തവണ ഏതു വ്യക്തിക്കാണ് മാഹാത്മ്യം? ശശി തൂരുരിനോ,കുമ്മനത്തിനോ,സി ദിവാകരനോ ? കാത്തിരുന്നു കാണാം

LEAVE A REPLY

Please enter your comment!
Please enter your name here