ചെത്ത് കുപ്പായമിട്ട് ചെത്തിയെത്തി സ്ഥാനാര്‍ത്ഥി; വേഷം ജീന്‍സും ടീ ഷര്‍ട്ടും; യുവജനങ്ങളെ കയ്യിലെടുത്ത് വി.പി സാനു

0
7

എന്‍ വി
മലപ്പുറം: അലക്കിത്തേച്ച വെള്ള ഖദര്‍ ഷര്‍ട്ടും, മുണ്ടും ഷാളുമില്ല. പല്ലുകള്‍ മുഴുക്കെ വെളിയില്‍കാട്ടിയ ചിരിയില്ല. കൈ പൊക്കി അഭിവാദ്യമില്ല. ഇതൊന്നുമില്ലാതെ എന്ത് സ്ഥാനാര്‍ത്ഥി എന്നാണെങ്കില്‍ ഞങ്ങള്‍ ന്യൂജെന്‍ സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെയെന്ന് തിരുത്തുകയാണ് മലപ്പുറം പാര്‍ലമെന്റിലെ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി വി പി സാനു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ പോകുന്ന അതേ ന്യൂജെന്‍ വേഷത്തില്‍ ആണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും സാനുവിന്റെ വോട്ടുപിടുത്തം. ജീന്‍സ് മുണ്ടാക്കുമെന്നുമാത്രം. പച്ച ടീഷര്‍ട്ടും ജീന്‍സും ധരിച്ച് ആണ് മലപ്പുറം ഗവണ്‍മെന്റ് കോളെജില്‍ സാനു വോട്ട് ചോദിക്കാനെത്തിയത്. മുണ്ടും ഷര്‍ട്ടും ധരിച്ചു വോട്ടഭ്യര്‍ഥിക്കാന്‍ വരുന്ന സ്ഥാനാര്‍ഥികളില്‍ നിന്ന് ഭിന്നമായ ഈവേഷം കോളേജിലെ ഫ്രീക്കന്മാര്‍ക്കും ഫ്രീക്കത്തികള്‍ക്കും നന്നെ പിടിച്ചു. എസ് എഫ് ഐയുടെ ദേശീയ പ്രസിഡന്റായ സാനു ഉത്തരേന്ത്യയില്‍ സംഘടനയുടെ പരിപാടികള്‍ക്ക് കോളെജുകളിലെത്തുമ്പോളും ഈ വേഷം തന്നെയാണ് ധരിക്കാറുള്ളത്. പരിപാടികള്‍ക്ക് കോളെജുകളിലെത്തുമ്പോളും ഈ വേഷം തന്നെയാണ് ധരിക്കാറുള്ളത്. സെല്‍ഫി എടുക്കന്‍ നിന്നുകൊടുക്കലും, പാട്ടിലും ഡാന്‍സിലും കൂടലുമെല്ലാം പതിവുപോലെ. എല്ലാ വേഷവും ഉള്‍ക്കൊള്ളുകയാണ് പൊതുപ്രവര്‍ത്തകര്‍ വേണ്ടതെന്ന് സാനു പറഞ്ഞപ്പോള്‍ വിദ്യാര്‍ഥികള്‍ ആരവം മുഴക്കി. കൂട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം വേഷം പച്ചയാണല്ലോയെന്ന്. എതിര്‍ സ്ഥാനാര്‍ഥി ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിയുടെ കൊടിയുടെ നിറം മനസിലിരുത്തിയായിരുന്നു ഈ ചോദ്യം. പുഞ്ചിരിയോടെ സാനുവിന്റെ മറുപടിയും ഉടനുണ്ടായി. എല്ലാ നിറവും നല്ലതാണ്. പച്ചയും നല്ലനിറമാണ്.തകര്‍പ്പന്‍ കൈയടിയായിരുന്നു പിന്നീടുണ്ടായത്.
കഴിഞ്ഞ ദിവസം ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെ കോളേജ് വിദ്യാര്‍ഥികളുമായി സംവദിച്ചതിനെ അനുസ്മരിക്കും വിധമായിരുന്നു സാനുവിന്റെ ഗവണ്‍മെന്റ് കോളെജിലെ വോട്ടഭ്യര്‍ത്ഥന. യുവ വോട്ടര്‍മാര്‍ക്കിടയില്‍ ചുവടുറപ്പിക്കാനുള്ള പ്രചാരണ പരിപാടിയുമായാണ് സാനു മുന്നോട്ട് പോകുന്നത്. പ്രചരണം ആസൂത്രണം ചെയ്യുന്നതിലെ വിദ്യാര്‍ഥി-യുവജന നേതാക്കളുടെ പങ്കാളിത്തമാണ് സാനുവിന്റെ ഓരോ ദിനങ്ങളേയും വ്യത്യസ്ഥമാക്കുന്നത്. സ്ഥാനാര്‍ഥി കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്ന പ്രചരണ പോസ്റ്ററുകളില്‍ നിന്ന് വ്യത്യസ്തമായി ടീ ഷര്‍ട്ട് ധരിച്ച് ബുള്ളറ്റ് ഓടിക്കുന്ന പോസ്റ്ററുകളും സാനുവിന്റെ മാത്രം സ്വന്തം ആശയമാണ്.
പുത്തന്‍ സിനിമാ ഡയലോഗുകളും പോസ്റ്ററിലുണ്ട്. മലപ്പുറം മണ്ഡലത്തിലെ കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് സാനു ഇന്നലെ പ്രധാനമായും നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here