പടയണിക്കായി പാളകള്‍ ചെത്തിയൊരുക്കുന്നു

കട്ടപ്പന: . കട്ടപ്പന കുന്തളംപാറ കാവുംപടി ദേവിക്ഷേത്രത്തിലാണ് മധ്യതിരുവിതാംകൂറിലെ നിറപ്പകിട്ടാര്‍ന്ന കലാരൂപമായ പടയണി അരങ്ങേറുന്നത്. കടമ്മനിട്ട ഗോത്രകലാ കളരിയുടെ നേതൃത്വത്തില്‍ പ്രസന്നകുമാറും സംഘവുമാണ് പടയണി അവതരിപ്പിക്കുന്നത്.
കമുകിന്‍പാളകളില്‍ നിര്‍മിച്ച ചെറുതും വലുതുമായ 11 കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തീച്ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ചത്തില്‍ തുള്ളിയുറഞ്ഞാണ് പടയണി. നൂറിലധികം പച്ചപാളകള്‍ ഉപയോഗിച്ച് രണ്ടുദിവസംനീണ്ട പരിശ്രമത്തിനൊടുവിലാണ് 13 അംഗ സംഘം പടയണിക്കുള്ള കോലങ്ങള്‍ തയാറാക്കിയത്. ഓരോ കോലങ്ങള്‍ക്കും വ്യത്യസ്ത വേഷവും രൂപവുമുണ്ട്.
രണ്ടറ്റവും വട്ടത്തില്‍ വെട്ടിയെടുത്ത് മിനുക്കിയ പച്ചപ്പാളയിലാണ് കോലങ്ങള്‍ വരയ്ക്കുന്നത്. പ്രകൃതിദത്ത വസ്തുക്കള്‍മാത്രം ഉപയോഗിച്ചാണ് കോലങ്ങളുടെ നിര്‍മാണം. അഞ്ചു നിറങ്ങള്‍ ഉപയോഗിച്ച് കോലങ്ങള്‍ വരയ്ക്കുന്നു. പച്ച മാവില വാട്ടിയശേഷം കരിച്ചെടുക്കുന്ന കരി, ചെങ്കല്ല്, മഞ്ഞള്‍ എന്നിവയാണ് ചിത്രങ്ങള്‍ വരയ്ക്കാനായി ഉപയോഗിക്കുന്ന നിറങ്ങള്‍. കൂടാതെ വെള്ള, പച്ച എന്നിവയ്ക്കായി പാളയുടെ അകത്തെയും പുറത്തെയും സ്വാഭാവിക നിറങ്ങള്‍ ലഭിക്കുകയുംചെയ്യും.
പല പാളകളിലായി വരച്ചെടുക്കുന്ന കോലങ്ങളെ പച്ച ഈര്‍ക്കിലികൊണ്ട് കൂട്ടിയോജിപ്പിച്ച് കുരുത്തോല ഉപയോഗിച്ച് അലങ്കരിച്ചാണ് കോലങ്ങള്‍ പൂര്‍ണരൂപത്തില്‍ എത്തിക്കുന്നത്. ദേവീപ്രീതിക്കായാണ് ക്ഷേത്രങ്ങളില്‍ പടയണി നടത്തുന്നത്. അസുരചക്രവര്‍ത്തിയായ ദാരികനെ ഭദ്രകാളി നിഗ്രഹിച്ചതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ.

LEAVE A REPLY

Please enter your comment!
Please enter your name here