പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍: പൗരസമിതി സമരത്തിനൊരുങ്ങുന്നു

0
6

ബന്ധുക്കളും പൗരസമിതിയും കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു

കല്‍പ്പറ്റ: കല്‍പ്പറ്റക്കടുത്ത ചുഴലി ചൂരിയമ്പം കോളനിയിലെ ഷിജു കെ വി എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമാണന്ന് സംശയിക്കുന്നതായി ബന്ധുക്കളും പൗരസമിതിയും കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ ഡിസംബര്‍ 31-നാണ് ദുരൂഹ സാഹചര്യത്തില്‍ കല്‍പ്പറ്റ എസ് കെ. എം ജെ യു പി സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഷിജുവിന്റെ മരണത്തിലെ ദുരുഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പൗരസമിതി രുപവത്കരിച്ചു.മരണത്തില്‍ സമഗ്ര അന്വോഷണമുണ്ടായില്ലെങ്കില്‍ കലക്ടറേറ്റ് ഉപരോധവും പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.ക്രിസ്മസ് അവധിക്ക് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഷിജു പിന്നീട് തിരിച്ചു വന്നില്ല. സുഹൃത്തിന്റെ വീട്ടിലെത്തി എന്നു പറഞ്ഞ് വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഷിജുവിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.
ഷിജുവിനെ കാണാതായി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കല്‍പ്പറ്റ എസ് കെ. എം ജെ യു പി സ്‌കൂളിലെ കഞ്ഞിപ്പുരയുടെ ഭാഗത്ത് നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിന് പഴക്കമുണ്ടായിരുന്നത് തങ്ങളുടെ സംശയം വര്‍ധിപ്പിക്കുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷിജുവിനെ ആരോ മനപ്പൂര്‍വ്വം അപായപ്പെടുത്തിയതാണെന്നാണ് വീട്ടുകാരുടെ സംശയം.ക്രിസ്തുമസ് അവധിക്ക് തിരുനെല്ലി അപ്പപ്പാറയില്‍ കൂട്ടുകാരന്റെ വീട്ടില്‍ പോയിരുന്നു.27-ന് രാവിലെ വീട്ടിലേക്ക് വരികയാണ് തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നെന്ന് സഹോദരന്‍ കെ വി ഷിബീഷ് പറഞ്ഞു.
ഡിസംബര്‍ 31 നാണ് ഷിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കല്‍പ്പറ്റ എസ് കെ എം ജെ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തിക്കുന്ന ബ്ലോക്കില്‍ സ്‌കൂള്‍ സ്റ്റോര്‍ റൂമിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ കുട്ടികളാണ് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുള്ള മൃതദേഹം കണ്ടെത്തിയത്.
മേപ്പാടി പ്രീമെട്രിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു കെ വി ഷിജു. മേപ്പാടി ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു.പഠനത്തില്‍ മിടുക്കനായിരുന്ന ഷിജുവിന് മറ്റ് പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം സ്‌കൂള്‍ ഹോസ്റ്റലില്‍ മുന്‍ വാര്‍ഡന്റെ പ്രകൃതി വിരുദ്ധ പീഠനത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ചില കൂട്ടുകാരില്‍ നിന്നും ഷിജുവിന് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുള്ളതായും മറ്റൊരു സഹോദരന്‍ കെ വി ബിജു പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ് പിക്കും പരാതി നല്‍കിയിരുന്നു.എന്നാല്‍ കാര്യക്ഷമമായ അന്വേഷണമുണ്ടായിട്ടില്ലന്നും ബന്ധുകള്‍ ആരോപിക്കുന്നു.
ഈ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ മരണത്തിന്റെ ദുരുഹത നീക്കണമെന്നാവശ്യപ്പെട്ട് പൗരസമിതി രൂപികരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
സംഭവ ശേഷം രാത്രി കാലങ്ങളില്‍ തങ്ങളുടെ കോളനിയില്‍ രാത്രിയില്‍ ചില വാഹനങ്ങള്‍ എത്താറുണ്ടന്നും വളര്‍ത്തുനായ്ക്കളില്‍ രണ്ടെണ്ണത്തിനെ കൊല്ലുകയും ഒന്നിന്റെ കാല്‍ വെട്ടുകയും ചെയ്തിട്ടുണ്ടന്ന് കോളനിവാസിയായ ആര്‍ സീത പറഞ്ഞു.പൗരസമിതി ചെയര്‍മാന്‍ കെ ശശി,കണ്‍വീനര്‍ എം സനീഷ്, എം പാര്‍വ്വതി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here