അഞ്ചിരി ഇടിവെട്ടിപ്പാറയില്‍ പാറ വന്‍ ശബ്ദത്തോടെ വിണ്ടുകീറി

0
15
അഞ്ചിരി ഇടിവെട്ടിപ്പാറയില്‍ വിണ്ടു കീറിയ പാറ

തൊടുപുഴ : ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി ഇടിവെട്ടിപ്പാറയില്‍ പാറ വന്‍ ശബ്ദത്തോടെ വിണ്ടു കീറിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി.
പാറയില്‍ നൂറു മീറ്ററിലേറെ ഭാഗത്താണ് വിള്ളല്‍ ഉണ്ടായത്. ഈ ഭാഗത്തു നിന്നു പുകയും കണ്ടതായി സമീപവാസികള്‍ പറഞ്ഞു. വലിയ മുഴക്കവും പാറ പൊട്ടുന്ന ശബ്ദവും കേട്ട് വീടിനു പുറത്തിറങ്ങി നോക്കുമ്പോള്‍ പാറയില്‍ പുക ഉയരുന്നതാണ് കണ്ടതെന്നു നാട്ടുകാര്‍ പറയുന്നു.
പിന്നീട് നീളത്തില്‍ വിള്ളലും കണ്ടു. കുറെ ഭാഗത്ത് പാറ ചെറിയ കഷണങ്ങളായി പൊട്ടിയ നിലയിലാണ്.അഞ്ചിരി ഇഞ്ചിയാനി റോഡിനോട് ചേര്‍ന്നുള്ള അഞ്ചിരി പള്ളിയുടെ കപ്പേളയുടെ പിന്‍ ഭാഗത്തായാണ് സംഭവം. കപ്പേളയുടെ പിന്‍ഭാഗത്തും പാറയുടെ കുറുകെയും വിള്ളലുണ്ട്. വിള്ളലുണ്ടായ പാറയുടെ മുകള്‍ ഭാഗത്ത് വലിയ പാറമട പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെ പാറപൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന നടുക്കമാണോ വിള്ളലുണ്ടാകാന്‍ കാരണമെന്നു സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. പാറ വിണ്ടു കീറിയതിന് സമീപം പത്തോളം വീടുകള്‍ ഉണ്ട്.
വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, വില്ലേജ് ഓഫിസര്‍ നദീറ ബീഗം തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ജനവാസ മേഖലയായ പാറയില്‍ വിള്ളല്‍ ഉണ്ടായത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി വില്ലേജ് ഓഫിസര്‍ പറഞ്ഞു.പാറമടയില്‍ പാറ പൊട്ടിക്കുന്നത് തല്‍ക്കാലം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശിച്ചതായും വില്ലേജ് ഓഫിസര്‍ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here