വയനാട്ടില്‍ കര്‍ഷകന്റെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു

0
19

കല്‍പ്പറ്റ: അഞ്ചുകുന്നില്‍ കര്‍ഷകന്റെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു. പുത്തന്‍വീട് പ്രമോദിന്റ വീടാണ് വീട്ടില്‍ ആളില്ലാത്ത സമയത്ത് പൂട്ട് കുത്തി തുറന്ന് ജപ്തി ചെയ്ത് മറ്റൊരു പൂട്ടിട്ട് പൂട്ടിയത്. സര്‍ഫാസി നിയമ പ്രകാരമാണ് ജപ്തി. ബാങ്ക് ഓഫ് ഇന്ത്യ കല്‍പ്പറ്റ ബ്രാഞ്ചില്‍ നിന്ന് വായ്പയെടുത്ത് 15 ലക്ഷം രൂപ കുടിശ്ശികയായ കേസില്‍ കോടതി നിയോഗിച്ച കമ്മീഷനും ബാങ്കധികൃതരും ചേര്‍ന്നാണ് ജപ്തി നടത്തിയത്.വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ എത്തിയ കമ്മീഷനും ബാങ്കധികൃതരും എത്തുമ്പോള്‍ പ്രമോദ് സ്ഥലത്തില്ലാത്തതിനാല്‍ ബാങ്കധികൃതര്‍ ഇയാളെ ഫോണില്‍ വിളിച്ചാണ് ജപ്തി ചെയ്യുന്ന വിവരം അറിയിച്ചത് .തൊട്ടടുത്തുള്ള സഹോദരന്‍ എത്തി അത്യാവശ്യം തുണികള്‍ എടുത്തതിന് ശേഷമാണ് പൂട്ട് തകര്‍ത്ത് പുതിയ പൂട്ടിട്ടത്. പ്രമോദ് 25 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച 1600 സ്‌ക്വയര്‍ ഫീറ്റ് ഉള്ള വീട്ടില്‍ 2016-ലാണ് താമസം തുടങ്ങിയത്. ബാങ്കില്‍ പണയപ്പെടുത്തിയ 60 സെന്റ് സ്ഥലത്താണ് ജപ്തി ചെയ്ത വീടുള്ളത്.

2005 ലാണ് പ്രമോദ് ബിസിനസ് ലോണായി 15 ലക്ഷം രൂപ വായ്പയെടുത്തത്. ഇതിനോടകം പലതവണകളായി അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചു.32000 രൂപ പ്രതിമാസ തിരിച്ചടവ് പ്രകാരം അനുവദിച്ച വായ്പ 2005-ല്‍ തന്നെ കുടിശ്ശികയായി തുടങ്ങി.പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പല ശ്രമങ്ങളും നടത്തിയെങ്കിലും തുക ഒന്നിച്ച് അടക്കണമെന്ന ബാങ്കിന്റെ പിടിവാശി മൂലം നടന്നില്ല. ഇതിനിടെ ബാങ്ക് കോടതിയില്‍ നല്‍കിയ കേസില്‍ പ്രമോദ് ഹൈക്കോടതിയില്‍ അപ്പീല്‍ പോകുകയും മൂന്ന് ഘട്ടമായി പണം തിരിച്ചടക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക ബാധ്യത കാരണം തിരിച്ചടവ് മുടങ്ങി.ഇതിന് ശേഷവും ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയെന്നും പണം തിരിച്ചു പിടിക്കാന്‍ ജപ്തിയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നുവെന്നും ബാങ്കധികൃതര്‍ പറഞ്ഞു.സര്‍ഫാസി നിയമപ്രകാരം വയനാട്ടില്‍ നിയമ നടപടി തുടരുന്നത് നൂറ് കണക്കിന് കര്‍ഷകരെയാണ് ദുരിതത്തിലാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here