ഒന്ന് ലീവെടുക്കൂ….. പ്ലീസ്; സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്നത് കാത്ത് എം പാനലുകാര്‍

0
11
പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ കാത്തുനില്‍ക്കുന്ന എംപാനല്‍ ജീവനക്കാര്‍.

പാലക്കാട്: ആളുകള്‍ ജോലിക്കു വിളിക്കുന്നതും കാത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ നില്‍ക്കും പോലെ ഒരാഴ്ചയായി എംപാനല്‍ കണ്ടക്ടര്‍മാര്‍ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കു മുന്നില്‍ കാത്തുനില്‍ക്കുകയാണ് ഊഴവും കാത്ത്.
തിരിച്ചെടുത്ത എംപാനല്‍ ജീവനക്കാരെ സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്ന ഒഴിവുകളിലേക്ക് ജോലിക്കു നിയോഗിക്കണമെന്നാണു നിര്‍ദേശം.
അതുകൊണ്ടുതന്നെ ദിവസവും എംപാനലുകാര്‍ ഡിപ്പോയിലെത്തി എത്ര പേര്‍ അവധിയിലുണ്ടെന്നും തങ്ങള്‍ക്ക് ഇന്നു ജോലിയുണ്ടോ എന്നും നോക്കേണ്ട അവസ്ഥയിലാണ്. പാലക്കാട് ഡിപ്പോയില്‍ തിരിച്ചെടുത്ത 55 പേര്‍ ഒരാഴ്ചയായി വന്നുപോകുന്നു.
ദിവസവും മൂന്നോ നാലോ പേര്‍ മാത്രമാണ് അവധിയിലുണ്ടാകുക. അതിനാല്‍ മൂന്നോ നാലോ എംപാനലുകാര്‍ക്ക് ദിവസവും ജോലി ലഭിക്കും.
ബാക്കിയുള്ളവര്‍ തിരിച്ചുപോവുകയോ അവധി വരുമെന്ന പ്രതീക്ഷയില്‍ ഡിപ്പോയ്ക്ക് മുന്നില്‍ തുടരുകയുമാണ് ചെയ്യുന്നത്.
പെട്ടന്ന് ഏതെങ്കിലും സ്ഥിരം ജീവനക്കാരന്‍ അവധിയില്‍ പോയാല്‍ ജോലിയില്‍ കയറാനാണ് ഈ കാത്തിരിപ്പ്. മറ്റു ഡിപ്പോകളിലും ഇതുതന്നെയാണ് സ്ഥിതി. ജോലിയില്‍ കയറുന്ന ദിവസത്തെ കൂലി ഡിപ്പോകളില്‍ നിന്ന് അതേ ദിവസം തന്നെ ലഭിക്കുകയും ചെയ്യും.
ജോലി സ്ഥിരം ലഭിക്കില്ലെന്നറിഞ്ഞതോടെ പലരും മറ്റു ജോലികള്‍ തേടിത്തുടങ്ങി. മറ്റു ജോലികള്‍ ലഭിക്കാത്ത പ്രായമായവര്‍ തങ്ങളുടെ ഊഴം വരും വരെ ഡിപ്പോകളില്‍ കയറിയിറങ്ങുകയാണ്. ഇവരെ സ്ഥിരമായി ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കെഎസ്ആര്‍ടിസി. എംപാനലുകാരെ ഉള്‍പ്പെടുത്താനായി പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കേണ്ടെന്നും നഷ്ടം സഹിക്കേണ്ടെന്നും എംഡി സോണുകള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍ സ്ഥിരം ജീവനക്കാര്‍ക്ക് അവധിയെടുക്കുന്നതിലും കര്‍ശന നിയന്ത്രണങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ ഏര്‍പ്പെടുത്തിയെന്ന ആക്ഷേപമുണ്ട്. ഇതോടെ അവധിയില്‍ പോകുന്ന ജീവനക്കാരുടെ ഒഴിവിലേക്കുള്ള പ്രവേശനം കാത്ത് നില്‍ക്കുന്ന എംപാനലുകാരുടെ പ്രതീക്ഷകള്‍ പൂര്‍ണമായി ഇല്ലാതാകുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here