ഫണ്ടില്ല; റെയില്‍വേയില്‍ ശുചീകരണമടക്കം പ്രതിസന്ധിയില്‍

0
20

പാലക്കാട്: ഫണ്ട് അനുവദിക്കാത്തതിനെത്തുടര്‍ന്നു റെയില്‍വേയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍. പ്രധാന പദ്ധതികള്‍ ഒഴികെ സാധാരണ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏതാണ്ടു സ്തംഭനത്തിലായി. പണം അനുവദിക്കാത്തതിനെത്തുടര്‍ന്നു പാലക്കാട് ഡിവിഷനില്‍ മംഗളൂരു സ്‌റ്റേഷനിലെ ശുചീകരണം കഴിഞ്ഞ ദിവസം മുടങ്ങി.
കുടിശിക തുക നല്‍കിയില്ലെങ്കില്‍ ശുചീകരണം നിര്‍ത്തുമെന്നു വടക്കന്‍ ജില്ലയിലെ രണ്ടു സ്‌റ്റേഷനിലെ കരാറുകാര്‍ റെയില്‍വേയെ അറിയിച്ചു. ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകുന്ന റെയില്‍ സുരക്ഷാ സേനയ്ക്കു വേണ്ട തുക നല്‍കുന്നതിനും മംഗളൂരു ഭാഗത്തു ഗതാഗത നിയന്ത്രണത്തെത്തുടര്‍ന്നു യാത്രക്കാര്‍ക്കു ബസ് ഏര്‍പ്പെടുത്താനുള്ള പണം അനുവദിക്കുന്നതിലും വരെ തടസ്സമുണ്ടായി.
ചില സ്‌റ്റേഷന്‍ ഓഫിസിലെ നിത്യദാന ചെലവുകള്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ സ്വന്തമായി എടുക്കേണ്ട സ്ഥിതിയാണ്. ആദ്യമായാണു റെയില്‍വേയില്‍ ഇത്തരമൊരു സ്ഥിതി വിശേഷം.
ബജറ്റില്‍ അനുവദിച്ച തുക ചെലവഴിക്കുന്നതില്‍ മേഖലാതലത്തിലുണ്ടായ അപാകതയെത്തുടര്‍ന്നു ധനമന്ത്രാലയത്തിന്റെ നിയന്ത്രണമാണ് ഇതിനു കാരണമെന്നറിയുന്നു. വകയിരുത്തിയതിലധികം തുക ചില പദ്ധതികള്‍ക്കു ചെലവഴിച്ചതായും കണ്ടെത്തി.
സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ചില ഡിവിഷനുകളില്‍നിന്ന് അനുവദിച്ച തുക തിരിച്ചെടുത്തതായാണു വിവരം. നടപടി ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിച്ചതാണ് അധികൃതരെ വിഷമത്തിലാക്കിയത്. കഴിഞ്ഞമാസം മുതലാണു പ്രതിസന്ധി ആരംഭിച്ചത്.
വിവിധ കരാറുകാര്‍ക്കായി പാലക്കാട് ഡിവിഷനില്‍ 100 കോടി രൂപ കുടിശികയുണ്ടെന്നാണു വിവരം. തിരുവനന്തപുരം ഡിവിഷനില്‍ ഇതു 150 കോടിയിലധികമാണ്. കുടിശിക തുക ഇപ്പോള്‍ അനുവദിക്കരുതെന്നാണു റെയില്‍വേ ബോര്‍ഡ് നിര്‍ദേശം.
എന്നാല്‍ ട്രാക്ക് നവീകരണം അടക്കമുള്ള ആസ്തി വികസന നിര്‍മാണങ്ങള്‍ക്കു തടസ്സമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here