ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

0
26

തിരുവന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി (62) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആനന്ദവല്ലി നിരവധി സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളും കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1992ല്‍ ആധാരം എന്ന സിനിമയിലൂടെയാണ് ആനന്ദവല്ലിക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

കൊല്ലം ജില്ലയിലെ വെളിയം സ്വദേശിനിയാണ്. അറുപതുകളുടെ അവസാനം നാടക ഗാനമേഖലയിലൂടെയാണ് ആനന്ദവല്ലി കലാരംഗത്തേക്ക് വരുന്നത്. കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം, ദേശാഭിമാനി തീയറ്റേഴ്സ് ആറ്റിങ്ങല്‍, കേരള തീയറ്റേഴ്സ് കോട്ടയം, കായംകുളം പീപ്പിള്‍സ് തീയറ്റേഴ്സ് തുടങ്ങിയ ട്രൂപ്പുകളില്‍ നടിയായും കഴിവുതെളിയിച്ചു. ആകാശവാണിയില്‍ അനൗണ്‍സറായിരുന്നു.

കടു എന്ന ചിത്രത്തിലൂടെയാണ് ആനന്ദവല്ലി സിനിമാരംഗത്ത് പ്രവേശിച്ചത്. ആദ്യകാലത്ത് ചെറിയ വേഷങ്ങള്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. 1973-ല്‍ ദേവി കന്യാകുമാരി എന്ന ചിത്രത്തില്‍ നടി രാജശ്രീക്ക് ശബ്ദം നല്‍കികൊണ്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി അരങ്ങേറ്റം ചെയ്തു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിനു വേണ്ടി ഡബ്ബിംഗ് ചെയ്തു. ആധാരം എന്ന ചിത്രത്തില്‍ ഗീത എന്ന നടിക്ക് വേണ്ടി ശബ്ദം നല്‍കിയതിനാണ് സംസ്ഥാന പൃരസ്‌കാരം ലഭിച്ചത്.

ഏണിപ്പടികള്‍, കാട്, കന്യാകുമാരി, യൗവനം, വണ്ടിക്കാരി, സ്വാമി അയ്യപ്പന്‍, ഭാര്യ ഇല്ലാത്ത രാത്രി, സ്വപ്നാടനം, ഹൃദയം ഒരു ക്ഷേത്രം, ചോറ്റാനിക്കര അമ്മ, സമസ്യ, ഉദ്യാനലക്ഷ്മി, അംബ അംബിക അംബാലിക, സര്‍വ്വേക്കല്ല്, ശ്രീമുരുകന്‍, പെണ്‍പുലി, മുഹൂര്‍ത്തങ്ങള്‍, വിടരുന്ന മൊട്ടുകള്‍ നീതിപീഠം, കൈതപ്പു, തണല്‍, റൗഡി രാമു, മാളിക പണിയുന്നവര്‍, പഞ്ചരത്‌നം, പാപത്തിനു മരണമില്ല, കൗമാരപ്രായം, ഹൃദയത്തിന്റെ നിറങ്ങള്‍, കായലും കയറും, അന്തഃപുരം (ചലച്ചിത്രം), പിന്നെയും പൂക്കുന്ന കാട്, അര്‍ച്ചന ടീച്ചര്‍, ഗൃഹലക്ഷ്മി, ആ ദിവസം, ഗുരുദക്ഷിണ, സ്വര്‍ണ ഗോപുരം, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, കഥ ഇതുവരെ, യസായം സന്ധ്യ, വീണ്ടും, വഴിയോരക്കാഴ്ചകള്‍, അബ്കാരി. ഇന്‍ക്വിലാബിന്റെ പുത്രി, ഈഗിള്‍, പ്രിയപ്പെട്ട കുക്കു, കളിവീട്, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച സംവിധായകന്‍ ദീപന്‍ മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here