അവധിക്കാലം ആഘോഷമാക്കി കുട്ടിക്കൂട്ടങ്ങള്‍

0
79

തൊടുപുഴ: അവധിക്കാലം ആഘോഷമാക്കി കുട്ടിക്കൂട്ടങ്ങള്‍. പൊരി വെയിലാണെങ്കിലും രണ്ടു മാസം നീളുന്ന അവധിക്കാലം എങ്ങനെ ആഘോഷക്കാലമാക്കാം എന്നതാണ് കുട്ടികളുടെ ഇപ്പോഴത്തെ ആലോചന.
പുഴകളിലും തോടുകളിലും കുളങ്ങളിലും നീന്തിയും തിമിര്‍ത്തും ചെറുമീനുകളെ പിടിച്ചു കുപ്പിയിലാക്കിയും കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കളിച്ചുല്ലസിച്ചുമുള്ള അവധിക്കാലം ഓര്‍മകളിലേക്കു മറഞ്ഞെങ്കിലും അവധിക്കാലത്തെ ഉല്ലാസം ഉപേക്ഷിക്കാന്‍ കുട്ടികള്‍ ഇപ്പോഴും തയാറല്ല. അവധിയിലെ ഓരോ ദിവസത്തെയും പരിപാടികളുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്ന തിരക്കിലാണ് കൗമാരക്കൂട്ടം. നാടന്‍ കളികളിലൊന്നും താല്‍പര്യമില്ലാത്ത പുതു തലമുറ ന്യൂജെന്‍ ആഘോഷങ്ങള്‍ക്കാണ് പദ്ധതിയിടുന്നത്.
മാതാപിതാക്കളൊന്നിച്ചുള്ള ഉല്ലാസ യാത്രയാണ് ഇതില്‍ ഏറ്റവും പ്രധാനം. ജില്ലയില്‍ത്തന്നെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്കോ പുുറത്തേക്കോ അടിച്ചുപൊളിച്ചുള്ള ഒരു ഹോളിഡേ ടൂര്‍ എവിടേക്ക് വേണം എന്നതിനെ സംബന്ധിച്ചുള്ള പെരുത്താലോചനയിലാണ് കുട്ടികള്‍. കടുത്ത വേനല്‍ച്ചൂട് നില നില്‍ക്കുന്നതിനാല്‍ ചൂടിന്റെ കാഠിന്യം കുറഞ്ഞതിനു ശേഷം യാത്ര പോകാമെന്നാണ് രക്ഷിതാക്കള്‍ ചിന്തിക്കുന്നത്. ഇതോടൊപ്പം പോക്കറ്റു കാലിയാക്കാതെ കുട്ടികളുടെ ആഗ്രഹം എങ്ങനെ സാധിച്ചു കൊടുക്കാമെന്നതും ഇവര്‍ ആലോചിക്കുന്നു. പഠിപ്പിസ്റ്റുകളായ കുട്ടികള്‍ക്കായി പല അവധിക്കാല ക്ലാസുകളും ആരംഭിച്ചു കഴിഞ്ഞു. അടുത്തവര്‍ഷത്തെ
ക്ലാസ് കയറ്റം ഉറപ്പിച്ചു കഴിഞ്ഞ വിദ്യാര്‍ഥികള്‍ പല വിഷയത്തിനും ട്യൂഷന്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ്. സൈന്യത്തിലേക്കും പോലീസിലേക്കും സജ്ജരാക്കുന്നതുള്‍പ്പെടെ പല കോച്ചിംഗ് ക്ലാസുകളും സജീവമായി. കന്പ്യൂട്ടര്‍ താത്പര്യക്കാരായവര്‍ക്കു വേണ്ടി കന്പ്യൂട്ടര്‍ സെന്ററുകള്‍ പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നു. കുട്ടികളെ ആകര്‍ഷിക്കാനായി പുതിയ കന്പ്യൂട്ടര്‍ ഗെയിമുകളും ഇത്തരം സ്ഥാപനങ്ങളില്‍ റെഡി.
കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള മറ്റ് കഴിവുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ക്ലാസുകള്‍ നടത്തുന്ന സ്ഥാപനങ്ങളാണ് മധ്യവേനലവധിക്കാലത്ത് ഏറ്റവും കൂടുതല്‍ സജീവമാകുന്നത്. നൃത്തം, സംഗീതം, വാദ്യോപകരണങ്ങള്‍ എന്നിവയൊക്കെ വിദ്യാര്‍ഥികള്‍ കൂടുതലായി അഭ്യസിക്കുന്നത് ഇക്കാലത്താണ്.
പ്രത്യേകിച്ച കലോല്‍സവങ്ങളിലും മറ്റും ഒരു കൈ നോക്കുന്ന വിദ്യാര്‍ഥികള്‍ റെഗുലര്‍ ക്ലാസുകളില്‍ പോകുന്നതും വേനലവധിക്കാലത്താണ്. ആയോധന കലകളായ കരാട്ടേ, ജൂഡോ, കളരിപ്പയറ്റ്, കുങ്ഫു എന്നിവയുടെ പരിശീലനം നേടുന്നതും ഇക്കാലത്താണ്.
കൂടാതെ ഒരു വിഭാഗം ക്രിക്കറ്റ്, ഫുട്‌ബോള്‍ കളികള്‍ക്കായി ബാറ്റും ബോളുമായി കളിക്കളത്തിലിറങ്ങുന്നു. ഗ്രാമീണ മേഖലകളില്‍ വോളിബോളിനും സ്ഥാനമുണ്ട്. ഇതു കൂടാതെ കുട്ടികള്‍ വെള്ളത്തില്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ചതിനാല്‍ നീന്തല്‍ പരിശീലന കേന്ദ്രങ്ങളും ഇപ്പോള്‍ സജീവമായി.
എന്തായാലും രണ്ടു മാസക്കാലം തിരക്കു പിടിച്ച ഷെഡ്യൂളുകളാണ് കുട്ടിക്കൂട്ടങ്ങള്‍ക്ക് മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here