കോട്ടയത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ‘റബ്ബര്‍’ !

0
36

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് റബ്ബറിന്റെ വിലയിടിവ്. കോട്ടയത്തിന്റെ സാമ്പത്തിക അടിത്തറ റബ്ബറില്‍ അധിഷ്ഠിതമാണെന്നു പറഞ്ഞാല്‍ അതില്‍ തെറ്റില്ല.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പാദിപ്പിക്കുന്നത് കോട്ടയമാണ്. റബ്ബറിന് വിലയുണ്ടെങ്കില്‍ സമസ്തമേഖലകളിലും അതിന്റെ ചലനമുണ്ടാകും. കൂലിപ്പണിക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ഇതിന്റെ നേട്ടം ലഭിക്കും. എന്നാല്‍ റബ്ബറിന്റെ വില കുത്തനെ ഇടിഞ്ഞതോടെ നാടിന്റെ സമസ്തമേഖലയിലും തകര്‍ ച്ചയും ദൃശ്യമായി.
ഈ സാഹചര്യത്തില്‍ വീ ണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് ത ന്നെ തിരഞ്ഞെടുപ്പില്‍ റബ്ബറി ന്റെ വിലയിടിവും ഇതു മണ്ഡലത്തെ എത്രമാത്രം ബാധിച്ചുവെന്നതും ചര്‍ച്ചയാകും.
യു.ഡി.എഫിനെ പ്രതിനിധീകരിച്ച് 11 തവണയും, എല്‍.ഡി.എഫിനെ പ്രതിനിധീകരിച്ച് 5 തവണയും പ്രതിനിധികള്‍ ലോക്‌സഭയിലെത്തി. എന്നാല്‍ ഒരു റബ്ബര്‍ അതിഷ്ടിത വ്യവസായ സ്ഥാപനം ഇവിടെ സ്ഥാപിക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. റബ്ബറിന്റെ പേര് പറഞ്ഞ് പ്രസ്താവനകളിറക്കാനല്ലാ തെ ഇവര്‍ക്കൊന്നും ചെയ്യാനായില്ല.
കോട്ടയത്ത് റബ്ബര്‍ ബോര്‍ഡ് ആസ്ഥാനം വരികയും സബിസിഡിയും മറ്റും നല്‍കി ആകര്‍ഷിക്കുകയും ചെയ്തതോടെ മറ്റെല്ലാ വിളകളോടും വിട പറഞ്ഞ് കര്‍ഷകര്‍ കൂട്ടത്തോടെ റബ്ബര്‍ കൃഷിയിലേക്ക് തിരിയുകയായിരുന്നു. 200നു മുകളില്‍ വില ലഭിച്ചിരുന്ന ഒരു നല്ലകാലം റബ്ബറിനുണ്ടായിരുന്നു. ആ സമ്പന്നകാലം ഇന്ന് കര്‍ഷകര്‍ക്ക് വെറും ഓര്‍മ്മ മാത്രം.
കോട്ടയത്ത് പൊതു മേഖലയില്‍ ഒരു റബ്ബര്‍ അധിഷ്ടിത വ്യവസായ സ്ഥാപനമുണ്ടായിരുന്നെങ്കില്‍ റബ്ബര്‍ കര്‍ഷകരുടെ അവസ്ഥ ഇത്ര ദയനീയമാകില്ലായിരുന്നുവെന്ന് കര്‍ഷകരിലധികവും വിശ്വസിക്കുന്നു. ഉല്‍പാദനച്ചിലവ് പതിന്‍മടങ്ങായി വര്‍ദ്ദിക്കുകയും, റബ്ബറിന് വില കുത്തനെ ഇടിയുകയും ചെയ്തതോടെ റബ്ബറിനെ കര്‍ഷകര്‍ കൈവിട്ടു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം തോട്ടങ്ങള്‍ ടാപ്പിംഗ് ഉപേക്ഷിച്ച നിലയില്‍ കാണാം. വില തകര്‍ച്ച മൂലം തൊഴിലാളിക്ക് നല്‍കാനുള്ള വകപോലും തികയില്ലന്നതാണ് കാരണം.
റബ്ബര്‍ മരങ്ങള്‍ വെട്ടിനീക്കി മറ്റു കൃഷികളിലേക്ക് തിരിഞ്ഞവരും ധാരാളം. റബ്ബറിനെ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചതിന്റെ നേട്ടത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് അവശേഷിക്കുന്ന റബ്ബര്‍ കര്‍ഷകര്‍.
പ്രധാന കക്ഷികളെല്ലാം കോട്ടയത്ത് റബ്ബര്‍ രാഷ്ട്രീയമാണ് പയറ്റുന്നത്. റബ്ബര്‍ അധിഷ്ടിത വ്യവസായം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താത്തവരുമില്ല. എന്നാല്‍ തിരഞ്ഞെടുപ്പു കഴിയുന്നതോടെ അതെല്ലാം മറക്കുന്നു. ബലൂണ്‍ മുതല്‍ ടയര്‍ വരെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി സായാല്‍ മാതൃകയില്‍ ആരംഭിക്കുമെന്ന് ബഡ്ജറ്റിലും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായതായി ആര്‍ക്കും അറിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here