ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെവിട്ടു; സാക്ഷി മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്ന് കോടതി

0
9

കൊച്ചി: ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ പ്രതി ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു. 2006 ഫെബ്രുവരി മൂന്നിന് കൊട്ടാരക്കരയിലെ വീട്ടില്‍ വെച്ച് രശ്മിയെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് കേസ്. കേസില്‍ പ്രതി ചേര്‍ത്ത ബിജുവിന്റെ അമ്മ രാജമ്മാളിനേയും കോടതി വെറുതെ വിട്ടു. ഇരുവരെയും ശിക്ഷിച്ച വിചാരണക്കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ബിജു രാധാകൃഷ്ണന് ജീവപര്യന്തവും അമ്മയ്ക്ക് മൂന്നുവര്‍ഷത്തെ തടവുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.

2006 ഫെബ്രുവരി മൂന്നിന് കൊട്ടാരക്കരയിലെ വീട്ടില്‍ വെച്ച് രശ്മിയെ ശ്വാസം മുട്ടിച്ച് കൊന്നുവെന്ന കേസിലായിരുന്നു 2014 ല്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ബിജുരാധാകൃഷ്ണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊലപാതകം, സ്ത്രീപീഡനം തെളിവ് നശിപ്പിക്കല്‍ എന്നി കുറ്റങ്ങള്‍ ചുമത്തിയ വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് ബിജു രാധാകൃഷ്മന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ബിജുവിന്റെ മാതാവ് രാജമ്മാളും കേസില്‍ പ്രതിയാണ്. കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് രാജമ്മാളിനെതിരെ ചുമത്തിയത്.

എന്നാല്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് ബിജു രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാജമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ബിജു ഹര്‍ജിയില്‍ ആരോപിച്ചത്. തനിക്കെതിരെ തെളിവുകളില്ലെന്നും കുട്ടി മാത്രമാണ് സാക്ഷിയെന്നാണ് പ്രോസിക്യൂഷന്‍ അവതരിപ്പിച്ചിരുന്നതെന്നും പ്രോസിക്യൂഷന്റെ വാദമുഖങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നുമാണ് ബിജു രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചത്.

കുട്ടി മാത്രം പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തില്‍ വിചാരണക്കോടതി ശിക്ഷിച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടിയെ മാത്രമാണ് സാക്ഷിയായി അവതരിപ്പിച്ചതെന്ന ആരോപണത്തെ ഖണ്ഡിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. കേസിലെ സാക്ഷി മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here