കെവിന്‍ വധക്കേസ് വിചാരണ ഇന്നു തുടങ്ങും

0
13

കോട്ടയം: കെവിന്‍ വധക്കേസിന്റെ വിചാരണക്ക് ഇന്ന് തുടക്കം. ജില്ലാ കോടതി (രണ്ട്) പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി മുന്‍പാകെ ജൂണ്‍ ആറ് വരെ തുടര്‍ച്ചയായിട്ടാണ് വിസ്താരം നടക്കുക. രാവിലെ 10 മുതലാണ് വിചാരണ ആരംഭിക്കുന്നത്. 186 സാക്ഷികളെ വിസ്തരിക്കേണ്ടതിനാല്‍ മധ്യവേനല്‍ അവധി ഒഴിവാക്കിയാണ് വിചാരണ. പതിവായി 11നാണ് കോടതി ചേരുന്നതെങ്കിലും ഈ കേസിനായി രാവിലെ 10 മുതല്‍ നടപടി ആരംഭിക്കും. വൈകിട്ട് അഞ്ച് വരെ തുടരും. ഇതിനു ഹൈക്കോടതി പ്രത്യേക അനുമതി നല്‍കി.

ഒന്നാം സാക്ഷി അനീഷ് സെബാസ്റ്റ്യനെയാണ് ഇന്ന് വിസ്തരിക്കുന്നത്. കെവിന് ഏറ്റ മര്‍ദനം സംബന്ധിച്ച് അനീഷാണ് പുറം ലോകത്തെ അറിയിച്ചത്. കൊല്ലപ്പെട്ട കെവിനൊപ്പം താമസിച്ചിരുന്ന ബന്ധുവായ അനീഷിനെയും പ്രതികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് കോട്ടയത്ത് എത്തിച്ച് മോചിപ്പിക്കുകയായിരുന്നു.

തെന്മല സ്വദേശി നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിനെ നീനുവിന്റെ സഹോദരന്‍ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ച് കേസിലെ 14 പ്രതികള്‍ക്കു മേലും കൊലക്കുറ്റം ചുമത്തിയിരുന്നു. ഏഴ് പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here