ബാഗ് എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി കടലില്‍ വീണു; രക്ഷകരായി മത്സ്യത്തൊഴിലാളികള്‍

0
14

കൊല്ലം: കൊല്ലം ബീച്ചില്‍ വീണ്ടും അപകടം. തിരയില്‍പ്പെട്ട സുഹൃത്തുക്കളായ കോളജ് വിദ്യാര്‍ഥികളെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ബീച്ചിന്റെ പടിഞ്ഞാറുഭാഗത്തായിരുന്നു സംഭവം. പത്തനംതിട്ട കോന്നി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികളാണു തിരയില്‍പ്പെട്ടത്. രാവിലെ 10 മണിയോടെയാണ് ഇരുവരും ബീച്ചിലെത്തിയത്. തിരയിലകപ്പെട്ട ബാഗ് എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി കടലില്‍ വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആണ്‍കുട്ടിയും തിരയില്‍പ്പെട്ടു. ബഹളം കേട്ട് ഉടന്‍ മത്സ്യത്തൊഴിലാളികള്‍ ഓടിയെത്തിയതിനാലാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്.ഇവരെ സമീപത്തെ വീടുകളിലെത്തിച്ച് അഴുക്ക് പുരണ്ട വസ്ത്രം മാറുന്നതിനും കുളിക്കുന്നതിനും തൊഴിലാളികള്‍ സൗകര്യമൊരുക്കി. പള്ളിത്തോട്ടം പൊലീസ് പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തി. തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനിലേക്കു മാറ്റി. പിന്നീട് രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പമാണു വീട്ടിലേക്ക് അയച്ചത്. ശക്തമായ കടല്‍ക്ഷോഭം കാരണം ബുധനാഴ്ച രാത്രി മുതല്‍ കൂറ്റന്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറുന്നുണ്ട്. ബീച്ചിലെത്തുന്നവര്‍ കാല്‍ നനയ്ക്കാനും മറ്റും കടലില്‍ ഇറങ്ങുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 24നു കൊട്ടിയം പറക്കുളം സ്വദേശികളായ യുവദമ്പതികളും കഴിഞ്ഞ 17നു കുണ്ടറ പള്ളിമണ്‍ പുലിയില സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയും ഇവിടെ തിരയില്‍പ്പെട്ടു മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here