മണലിനു പകരം ചെളിയും മണ്ണും നിറച്ചു; കല്ലടയാര്‍ തടയണയിലെ മണ്‍ചാക്കുകള്‍ ഒലിച്ചുപോയി

0
38

പുനലൂര്‍: പുനലൂരിലെ കല്ലടയാറ്റില്‍ പേപ്പര്‍മില്‍ഭാഗത്തെ മുക്കടവ് തടയണയില്‍ മൂന്നു ലക്ഷത്തില്‍ അധികം രൂപ ചെലവഴിച്ച് അടുക്കിയ മണ്‍ചാക്കുകള്‍ വേനല്‍മഴയിലെ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. വേനല്‍ക്കാലത്ത് കല്ലടയാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞപ്പോഴാണ് വെള്ളം തടഞ്ഞുനിര്‍ത്താന്‍ പേപ്പര്‍മില്ലിനു സമീപം മുക്കടവ് തടയണയ്ക്കു മുകളില്‍ മാസങ്ങള്‍ക്കു മുമ്പ് മണ്‍ചാക്ക് അടുക്കിയത്. അശാസ്ത്രീയമായ രീതിയില്‍ മണ്‍ചാക്ക് നിരത്തിയതാണ് തടയണയ്ക്കു മുകളിലെ ചാക്കുകള്‍ ഏറെയും ഒഴുകിപ്പോകാനിടയായത്. വേനലില്‍ വെള്ളം കുറഞ്ഞതോടെ പുനലൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പമ്പുവെല്ലിലേക്ക് ജലം എത്താതായി. പമ്പിങ്ങും മുടങ്ങി. ഈ സ്ഥിതി ഒഴിവാക്കാനാണ് മണ്‍ചാക്കുകള്‍ നിരത്തി തടയണയുടെ ഉയരം താല്‍ക്കാലികമായി വര്‍ധിപ്പിച്ചത്. അഞ്ചു വര്‍ഷമായി ഇത്തരത്തില്‍ വേനല്‍ക്കാലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് മണ്‍ചാക്ക് നിരത്തിയാണ് താല്‍ക്കാലികമായി ജലനിരപ്പ് കൂട്ടാറുള്ളത്. എന്നാല്‍, പിന്നീട് മാസങ്ങള്‍ക്കകം മഴക്കാലത്ത് ഇവ ഒഴുകിപ്പോകാറുണ്ട്.മേജര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തടയണയുടെ ഉയരം ഇത്തരത്തില്‍ വര്‍ധിപ്പിക്കാന്‍ കരാര്‍ നല്‍കുന്നത്. മണല്‍ചാക്ക് അടുക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ ചെളിയും മണ്ണും ചാക്കില്‍ നിറച്ച് നിരത്തുകയാണെന്നാണ് പരാതി. ചാക്കുകള്‍ പരസ്പരം ബന്ധിപ്പിക്കാത്തതാണ് തടയണയ്ക്കു മുകളില്‍നിന്ന് ഒഴുകിപ്പോകാന്‍ ഇടയാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here