ഹൈറേഞ്ചിലെ പാതയോരങ്ങള്‍ക്ക് ചാരുതയേകി ഗുല്‍മോഹര്‍ മരങ്ങള്‍ പൂവിട്ടു

0
589

ഇടുക്കി: പാതയോരങ്ങള്‍ക്ക് സൗന്ദര്യം പകര്‍ന്ന് ഗുല്‍മോഹര്‍ മരങ്ങള്‍ പൂവിട്ടു തുടങ്ങി. സൗഹൃദത്തിന്റെയും പ്രതീക്ഷയുടെയും പ്രണയത്തിന്റെയുമെല്ലാം പ്രതീകമായാണ് ഗുല്‍മോഹറിന് കാണുന്നത്. വേനലില്‍ മറ്റ് മരങ്ങള്‍ വെയിലേറ്റ് വാടുമ്പോള്‍ ഗുല്‍മോഹര്‍ കടും ചുവപ്പ് നിറത്തിലുള്ള പൂക്കളുമായി തലയുയര്‍ത്തി പിടിച്ചു നില്ക്കുകയായി.
സഞ്ചാരികളുടെ ഹൃദയങ്ങളില്‍ കുളിര്‍മ പകരുന്ന മോലഹാരിതയുണ്ട് ഇലകളൊന്നുമില്ലാതെ വര്‍ണ്ണങ്ങള്‍ വാരിവിതറി നില്‍ക്കുന്ന ഈ സൗന്ദര്യറാണിക്ക് . ഹൈറേഞ്ചിലെ പാതയോരങ്ങളിലും, മലഞ്ചരിവുകളിലും, തേയിലത്തോട്ടങ്ങളിലും ഉള്‍പ്പെടെ മിക്കയിടങ്ങളിലും ഇവയുടെ സാന്നിദ്ധ്യമുണ്ട്. വാക എന്നാണ് ഇവിടങ്ങളില്‍ വിളിപ്പേര്. വേനല്‍ക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന മരമായതിനാല്‍ ആയിരിക്കണം ‘അലസിപ്പൂമരം’ എന്നും ഇവയ്ക്ക് പേരുണ്ട്. കൊഴിഞ്ഞുവീഴുന്ന പൂക്കള്‍ പാതവക്കുകളില്‍ ചുവപ്പ് രാശി പടര്‍ത്തി നിരന്ന് കിടക്കുന്നത് മറ്റൊരു സുന്ദര കാഴ്ച്ചയാണ്. മുപ്പത് അടിയോളം ഉയരത്തില്‍ വളരുന്ന മരങ്ങള്‍ പടര്‍ന്ന് പന്തലിച്ച് തണലും കുളിര്‍മയും നല്‍കുന്നതിനാല്‍ വഴിയാത്രക്കാര്‍ക്കും ആശ്വാസമാകുകയാണ്. ‘
സിസാല്‍ പിനിയേസി’ എന്ന സസ്യ കുടുംബത്തില്‍പ്പെട്ട ഗുല്‍മോഹറിന്റെ ശാസ്ത്രനാമം ‘ഡിലോണിക്സ് റീജിയറാഫ്’ എന്നാണ്. ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറാണ് ജന്മദേശം.

LEAVE A REPLY

Please enter your comment!
Please enter your name here