കോട്ട കയറാന്‍ ഇനി കാശ് വേണം; ടിപ്പുവിന്റെ കോ്ട്ട കാണാന്‍ സന്ദര്‍ശകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി

0
39
കോട്ട സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികള്‍.

പാലക്കാട്: വീരകഥകളുറങ്ങുന്ന നിര്‍മിതികളുടെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമായ ടിപ്പുവിന്റെ കോട്ട കാണാന്‍ ഇനി പണം നല്‍കേണ്ടിവരും. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പുരാവസ്തു സംരക്ഷണ വകുപ്പ് ഫീസ് ഏര്‍പ്പെടുത്തി.
ചരിത്രസ്മാരകം എന്നതിലുപരി പാലക്കാട്ടുകാരുടെ ജീവിതചര്യയുടെകൂടി ഭാഗമാണിന്ന് കോട്ട. ആയിരത്തിലധികംപേര്‍ ദിവസവും കോട്ടയ്ക്ക് ചുറ്റുമുള്ള നടപ്പാതയിലൂടെ നടക്കാനെത്തുന്നു.
ഹനുമാന്‍ക്ഷേത്രവും താലൂക്ക് സപ്ലൈ ഓഫീസും ജില്ലാ സബ് ജയിലും സ്ഥിതി ചെയ്യുന്നത് കോട്ടക്കുള്ളിലാണ്. മെയ് ഒന്നു മുതലാണ് തീരുമാനം നിലവില്‍ വരിക. പ്രവേശനഫീസ് 25 രൂപയാണ്. വിദേശികളാണെങ്കില്‍ 300രൂപ നല്‍കണം.
ഫോട്ടോഗ്രഫി സൗജന്യമാണ്. വീഡിയോ എടുക്കാന്‍ 25രൂപ നല്‍കണം.
2016ലും സമാനമായി പ്രവേശനഫീസ് ഏര്‍പ്പടുത്തിയിരുന്നു. അന്ന് ജനങ്ങളുടെ പ്രതിഷേധവും എം ബി രാജേഷ് എംപിയുടെ ഇടപെടലും കാരണം തീരുമാനം പിന്‍വലിച്ചു.
സബ്ജയിലും സപ്ലൈ ഓഫീസും രണ്ടു മാസത്തിനുള്ളില്‍ കോട്ടക്കുള്ളില്‍നിന്ന് പ്രവര്‍ത്തനം മാറ്റും.
ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് ഫീസ് ബാധകമായിരിക്കില്ലെന്ന് അധികൃതര്‍ പറയുന്നു. നടക്കാന്‍ വരുന്നവര്‍ക്ക് ചെറിയ ഫീസ് ഈടാക്കി പ്രത്യേകം പാസ് അനുവദിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ തവണ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയപ്പോഴും സമാനമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതുവരെ ഒന്നും നടപ്പായില്ല.
പുലര്‍ച്ചെ അഞ്ചിനും എട്ടിനും ഇടയില്‍ പ്രഭാതസവാരിക്കായി ആയിരംപേര്‍ എത്തുന്നുണ്ട്. വൈകിട്ടും നൂറുകണക്കിന് നടപ്പുകാരുടെ തിരക്കാണ്. എം ബി രാജേഷ് എംപി ഫണ്ടില്‍നിന്ന് ഓപ്പണ്‍ ജിനേഷ്യവും കോട്ടയ്ക്ക് സമീപം സ്ഥാപിച്ചിട്ടുണ്ട്. നടക്കാനെത്തുന്നവര്‍ക്ക് ഇത് ഉപകാരപ്രദമാണ്. മാസം ആയിരങ്ങള്‍ ചെലവഴിക്കേണ്ട ജിംനേഷ്യത്തിന്റെ സൗകര്യം സൗജന്യമായി ലഭിക്കുന്നുണ്ട്.
എന്നാല്‍ നടക്കാന്‍ ദിവസവും പണം കൊടുക്കേണ്ട അവസ്ഥയിലാകും ഇനി നഗരവാസികള്‍.
കൂടാതെ വിദ്യാര്‍ഥികളും മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവരും കംപയിന്റ് പഠനത്തിനായി ഇവിടെ എത്താറുണ്ട്. ഇവര്‍ക്കും പ്രവേശനഫീസ് ബുദ്ധിമുട്ടാകും.
സ്ഥലം സംരക്ഷിക്കുക, കോട്ടയുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുക, സന്ദര്‍ശകര്‍ ആരൊക്കെയെന്ന് അറിയുക എന്നീ ലക്ഷ്യത്തോടെയാണ് ഫീസ് ഏര്‍പ്പെടുത്തുന്നതെന്നാണ് പുരാവസ്തു വകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്കായി അടിസ്ഥാനസൗകര്യം ഇല്ല. ശൗചാലയവും ഒരുക്കിയിട്ടില്ല.
തെരുവ് വിളക്കുകള്‍ കത്തുന്നില്ല. ഇതൊന്നും അധികൃതര്‍ ഗൗനിച്ചിട്ടില്ല. നടപ്പാത നിര്‍മിച്ചത് ഡിടിപിസിയാണ്. ഇതിന് പുരാവസ്തുവകുപ്പിന്റെ അനുമതിയുണ്ടായിരുന്നു.
പ്രവേശനഫീസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് നഗരവാസികള്‍. കോട്ടയ്ക്കുള്ളില്‍ പ്രവേശിക്കുന്നതിന്
ഫീസ് ഏര്‍പ്പെടുത്തിയ പുരാവസ്തുവകുപ്പിന്റ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് ഫോര്‍ട്ട് വാക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് വി എസ് മുഹമ്മദ് കാസിം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here