എല്ലാ സര്‍വ്വേകളും ഉജ്ജ്വല വിജയം പ്രവചിച്ച എം ബി രാജേഷിന് സംഭവിച്ചതെന്ത്?

0
13

സാജ് വടക്കന്‍

സര്‍വേകളും എക്സിറ്റ് പോളുകളും കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ചപ്പോഴും സിപിഎമ്മിന് വ്യക്തമായ വിജയം ഉറപ്പിച്ചു നല്‍കിയ മണ്ഡലമായിരുന്നു പാലക്കാട്. എം ബി രാജേഷ് ഒരിക്കല്‍ കൂടി പാര്‍ലമെന്റില്‍ എത്തുമെന്ന ആ ഉറപ്പ് അപ്പാടെ തകര്‍ത്തു വി കെ ശ്രീകണ്ഠന്‍. കഴിഞ്ഞ തവണ 105300 വോട്ടുകള്‍ക്ക് വിജയിച്ച രാജേഷിനെ ഇത്തവണ വോട്ടുകള്‍ക്ക് ശ്രീകണ്ഠന്‍ തോല്‍പ്പിക്കുമ്പോള്‍ ആ വിജയം അട്ടിമറി എന്നു ചുരുക്കി പറയാന്‍ കഴിയില്ല. കഴിഞ്ഞ തവണ രാജേഷ് 45.4 ശതമാനം വോട്ടുകളാണ് നേടിയത്. എക്സിറ്റ് പോളുകളില്‍ പറഞ്ഞിരുന്നത് ഇത്തവണ രാജേഷ് 41 ശതമാനം വോട്ടുകള്‍ എങ്കിലും നേടി വിജയം ആവര്‍ത്തിക്കുമെന്നാണ്. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചും.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ശ്രീകണ്ഠന്‍ പുലര്‍ത്തിയ ലീഡ് നിലനിര്‍ത്താന്‍ സാധിച്ചു എന്നത് തന്നെ മണ്ഡലത്തിലെ യുഡിഎഫ് ആധിപത്യമാണ് സൂചിപ്പിച്ചത്. സിപിഎമ്മിന്റെ ഉരുക്കു കോട്ടകളില്‍ പോലും ഒരുഘട്ടത്തിലും രാജേഷിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞില്ല. സിപിഎമ്മിന്റെ നിയമസഭ മണ്ഡലങ്ങളില്‍ പോലും യുഡിഎഫിന്റെ ഇടിച്ചു കയറ്റമാണ് ഉണ്ടായത്. ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ ഞെട്ടിക്കുന്ന വസ്തുതയും ഇതാണ്. സ്വന്തം മണ്ഡലങ്ങളില്‍ പോലും മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല എന്നത് വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ കലഹത്തിനും കാരണമാകും.

യുഡിഎഫിന്റെ വന്‍ വിജയത്തിനും അതുപോലെ എല്‍ഡിഎഫിന്റെ അപ്രതീക്ഷിത പതനത്തിനും പ്രധാന കാരണം ന്യൂനപക്ഷ വോട്ടുകളില്‍ ഉണ്ടായ ഏകീകരണമാണ്. കാലങ്ങളായി മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ഇരു മുന്നണിക്കും വീതം വച്ചു കിട്ടുകയാണ് പതിവ്. ഇതില്‍ തന്നെ എല്‍ഡിഎഫിനെ കുറച്ചധികം പിന്തുണയ്ക്കുന്ന ന്യൂനപക്ഷ സ്വഭാവമായിരുന്നു പോയകാലങ്ങളില്‍ കണ്ടുവന്നതും. ഇത്തവണ ഈ ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന് പോവുകയാണ് ചെയ്തത്. രണ്ട് കാരണങ്ങളാണ് ഇതിനു പിന്നില്‍. ഒന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം. വയനാട്ടില്‍ രാഹുല്‍ മത്സരിക്കാന്‍ എത്തിയതോടെ, കേരളത്തില്‍ മൊത്തത്തിലും മധ്യ/വടക്കന്‍ കേരളത്തില്‍ പ്രകടമായും ഒരു രാഹുല്‍ തരംഗം വീശിയിടിച്ചു. ഇതിന്റെ ഗുണം പാലക്കാട് കോണ്‍ഗ്രസിന് വലിയ തോതില്‍ ലഭിച്ചു. രാഹുലിന്റെ വരവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് കാരണമാകുമെന്ന വിലയിരുത്തല്‍ ശരിയാവുകയും ചെയ്തു.

രാഹുലിന്റെ സാന്നിധ്യം കൂടാതെ രാജേഷിനെ വീഴ്ത്തിയ മറ്റൊരു പ്രധാനഘടകം ശബരിമലയാണ്. കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗത്തിന് തുടക്കത്തിലെ വഴിയൊരുക്കിയതും ശബരിമല തന്നെയാണ്. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി നിന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ വ്യാപകമായ പ്രതിഷേധം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്ന വിലയിരുത്തല്‍ തെറ്റിയില്ലെന്നതാണ് രാജേഷിന്റെ വീഴ്ച്ച കാണിക്കുന്നത്. തെക്കന്‍ കേരളത്തില്‍ ആയിരിക്കും ശബരിമല പ്രത്യാഘാതം കൂടുതല്‍ ഉണ്ടാവുകയെന്നായിരുന്നു പൊതുവെയുള്ള കണക്കുകൂട്ടല്‍ എങ്കിലും, അതേ ശക്തിയോടെ ശബരിമല വടക്കന്‍ കേരളത്തിലും എല്‍ഡിഎഫിന് തിരിച്ചടി കൊടുത്തുവെന്നതാണ് മനസിലാക്കേണ്ടത്. പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വോട്ട് ബാങ്കായി നിന്നിരുന്ന ഈഴവ വിഭാഗം ഇത്തവണ തിരിച്ചു കുത്തിയതിന് കാരണവും ശബരിമല തന്നെയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും ശബരിമല വികാരം ആളിക്കത്തിയിരുന്നു. ഈ വിവരം തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ വ്യക്തമായിരുന്നെങ്കിലും സിപിഎം ആത്മവിശ്വാസത്തിലായിരുന്നു. അത് തകര്‍ന്നു എന്നതാണ് ഇപ്പോള്‍ കണ്ടത്. ന്യൂനപക്ഷ വോട്ടുകളും ശബരിമലയില്‍ തട്ടിത്തെറിച്ച ഹിന്ദു വോട്ടുകളും കോണ്‍ഗ്രസ് ക്യാമ്പിലേക്ക് ഒഴുകിയതോടെ ശ്രീകണ്ഠന് വിജയം സുഗമമായി.

20 മണ്ഡലങ്ങളില്‍ സിപിഎം ഏറ്റവുമധികം ആത്മവിശ്വാസം പ്രകടിപ്പിച്ച മണ്ഡലമായിരുന്നു പാലക്കാട്. എംപി എന്ന നിലയിലും വ്യക്തിപരമായും രാജേഷ് ഉണ്ടാക്കിയ നേട്ടങ്ങളും പേരും മണ്ഡലത്തിലെ ഇടത് സ്വാധീനവും ആയിരുന്നു ഈ ആത്മവിശ്വാസത്തിന്റെ പിന്നില്‍. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ രാജേഷിന് തിരിച്ചടി ഉണ്ടായിരിക്കുമ്പോള്‍ ആത്മപരിശോധനയ്ക്ക് അപ്പുറം സിപിഎമ്മിന് കണ്ടത്തേണ്ട മറ്റു പല കാരണങ്ങളുമുണ്ട്. രാജേഷിനോടുള്ള എതിര്‍പ്പാണോ, പാര്‍ട്ടി നിലപാടുകളിലെ എതിര്‍പ്പാണോ ആ കാരണങ്ങളെന്നാണ് കണ്ടത്തേണ്ടത്. സിപിഎം നിയമസഭ മണ്ഡലങ്ങളില്‍ പോലും തിരിച്ചടി നേരിടേണ്ടി വന്നത് വളരെ ഗുരുതരമായ കാര്യമാണ്. പി.കെ ശശിയുടെ വിഷയത്തില്‍ ഉള്‍പ്പെടെ രാജേഷ് എടുത്ത നിലപാടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിര്‍പ്പ് ഉണ്ടായിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ അവര്‍ പ്രകടമാക്കിയെന്നതായിരിക്കും സംഭവിച്ചിരിക്കുക. ഏതായാലും വരും ദിവസങ്ങളില്‍ പാലക്കാടെ തോല്‍വി സിപിഎമ്മില്‍ വലിയ ചര്‍ച്ചകള്‍ക്കും ഏറ്റുമുട്ടലിനും കാരണമാകുമെന്നതില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here