നരേന്ദ്രമോദിയുടെ രണ്ടാം വരവ്

0
9

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ സഖ്യം അഭൂതപൂര്‍വ്വമായ വിജയം കൈവരിച്ചു. ഒന്നര മാസത്തിലേറെ നീണ്ടുനിന്ന നിര്‍ണ്ണായകമായ രാഷ്ട്രീയ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും നയിച്ച ഭരണമുന്നണി വീണ്ടും അധികാരത്തിലേക്ക് വരുകയാണ്. അഴിമതി ആരോപണങ്ങളും വിവാദങ്ങളും നോട്ട് നിരോധനവും നികുതി പരിഷ്‌ക്കരണവും ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ മോദി ഗവണ്‍മെന്റിനെതിരെ ഇടതടവില്ലാതെ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും സാമാന്യ ജനങ്ങളും വിധി തീരുമാനത്തെ അതൊന്നും ഏശിയതേ ഇല്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന്റെ നന്മതിന്മകള്‍ വിലയിരുത്തിക്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് പൂര്‍വ്വാധിക ഭൂരിപക്ഷത്തോടെ പിന്തുണ നല്‍കിയിരിക്കുകയാണ് രാജ്യം.
2014ല്‍ നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയ വേദിയില്‍ നവീനമായ ഒരു മുഖവും ശബ്ദവുമായിരുന്നു. എന്നാല്‍ ആശയവിനിമയ കലയില്‍ മോദിയോളം ശക്തമായി ജനങ്ങളോട് സംവദിക്കാന്‍ കെല്പുള്ള മറ്റൊരു നേതാവില്ലെന്ന് അദ്ദേഹം തെളിയിച്ചു.

അങ്ങനെ നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബി.ജെ.പിയെ മോദി അധികാരത്തിലേക്കു മടക്കിക്കൊണ്ടുവന്നു. ലാല്‍ കൃഷ്ണ അദ്വാനി, മുരളീ മനോഹര്‍ ജോഷി, അരുണ്‍ ഷൗരി, യശ്വന്ത് സിന്‍ഹ തുടങ്ങിയ സമുന്നതരായ ബി.ജെ.പി നേതാക്കളെ നിഷ്പ്രഭരാക്കിയാണ് ഗുജറാത്തിയായ നരേന്ദ്ര മോദി ദേശീയ ശ്രദ്ധ പിടിച്ചടക്കിയത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് ഭരണത്തിന്റെ ബാധ്യതകള്‍ പേറി നിരവധി അഴിമതി ആരോപണങ്ങളില്‍ പെട്ട് ശക്തമായ നേതൃത്വമില്ലാതെ ഉഴലുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് ബദലായി നരേന്ദ്ര മോദി ദേശീയ തലത്തില്‍ ഉയര്‍ന്നു നിന്നപ്പോള്‍ ബി.ജെ.പിയില്‍ ജനങ്ങള്‍ക്ക് അതുവരെയില്ലാത്ത പ്രത്യാശ അനുഭവപ്പെട്ടു. ഗുജറാത്തിലെ വിവാദ മുഖ്യമന്ത്രി എന്ന പ്രതിച്ഛായ ആയിരുന്നു അപ്പോള്‍ മോദിയുടേത്. മോദിയും ഷായും ചേര്‍ന്ന നേതൃത്വദ്വന്ദം ഉത്തരേന്ത്യയിലെങ്കിലും സ്വീകാര്യമായ ഒരു ശൈലി മുന്നോട്ടുവച്ചു. ബി.ജെ.പിയിലെ പഴയ പടക്കുതിരകള്‍ക്ക് മുറുമുറുപ്പുണ്ടായെങ്കിലും നരേന്ദ്ര മോദി അതൊന്നും ഗൗനിച്ചതേയില്ല. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായ ചില ചുവടുവയ്പുകള്‍ക്കുമായി പ്രധാനമന്ത്രി എന്ന നിലയില്‍ മോദി മുന്നോട്ടു പോയി. ഇരുന്നൂറ് രാഷ്ട്രങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി അന്താരാഷ്ട്ര തലത്തില്‍ പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനവും അന്തസ്സും ഉയര്‍ത്തുകയാണ് ചെയ്തത്. രാജ്യത്ത് അദ്ദേഹം സ്വീകരിച്ച ഭരണപരമായ തീരുമാനങ്ങളും നയങ്ങളും വിവാദമുണ്ടാക്കി. നോട്ട് നിരോധനവും ജി.എസ്.ടിയും തിരിച്ചടിയാകുമെന്ന് മോദി അനുകൂലികള്‍ പോലും ഭയന്നു. എന്നാല്‍ എല്ലാ പ്രതികൂല പ്രചാരണങ്ങളേയും കടുത്ത വിമര്‍ശനങ്ങളേയും തൃണവല്‍ഗണിച്ചുകൊണ്ട് രാജ്യത്തെ 99കോടി വോട്ടര്‍മാരില്‍ പകുതിയോളം പേര്‍ നരേന്ദ്രമോദിക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ്.

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും പ്രതിപക്ഷത്തുള്ള മറ്റ് പ്രാദേശിക കക്ഷികളും അവരവരുടെ പരമ്പരാഗത സ്വാധീന വലയങ്ങളില്‍ പോലും തകര്‍ന്നടിഞ്ഞ ദയനീയ ചിത്രമാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. പ്രതിപക്ഷ ഐക്യത്തിനായി ഓടിനടന്ന ആന്ധ്രയിലെ ചന്ദ്രബാബു നായിഡു സ്വന്തം സംസ്ഥാനത്ത് പോലും നില്‍ക്കക്കള്ളിയില്ലാത്ത നേതാവായി വീണിരിക്കുന്നു. പെണ്‍സിംഹത്തെപ്പോലെ അലറി വിളിച്ചു നടന്ന ബംഗാളിലെ മമതാ ബാനര്‍ജി വംഗനാട്ടില്‍ ബി.ജെ.പിയുടെ പ്രചണ്ഡമായ കാറ്റില്‍ ചാഞ്ഞുപോയിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-എസ്.പി സഖ്യം നിഷ്പ്രഭമായി. കേരളവും പഞ്ചാബും ഒഴികെ കോണ്‍ഗ്രസിനെ അകമഴിഞ്ഞ് പിന്തുണച്ച സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ വേറെങ്ങുമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനായ കാവല്‍ക്കാരന്‍ എന്നു വിളിച്ചവര്‍ ജനഹിതം മനസ്സിലാക്കാതെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് അടിസ്ഥാന പാഠം ഈ ജനവിധിയുടെ അന്തര്‍ധാരയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here