രാജ്യത്ത് 2636 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ; കേരളത്തിൽ അനുവദിച്ചത് 131 എണ്ണം
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി ഇന്ത്യയിലെ 62 നഗരങ്ങളില്‍ 2,636 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ വാഹന നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി.
2,636 ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 1,633 എണ്ണം അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകളും 1,003 എണ്ണം സ്ലോ ചാര്‍ജിംഗ് സ്‌റ്റേഷനുകളും ആയിരിക്കും. 14,000 ത്തോളം ചാര്‍ജറുകളും തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലുടനീളം സ്ഥാപിക്കും.
ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാംഘട്ട പ്രകാരം മഹാരാഷ്ട്രയില്‍ 317 ചാര്‍ജിംഗ് സ്റ്റേഷനുകളും ആന്ധ്രാപ്രദേശില്‍ 266 സ്റ്റേഷനുകളും തമിഴ്‌നാട്ടില്‍ 256 സ്റ്റേഷനുകളും ഗുജറാത്തില്‍ 228 സ്റ്റേഷനുകളും രാജസ്ഥാനില്‍ 205 സ്റ്റേഷനുകളും അനുവദിക്കും.
ഉത്തര്‍പ്രദേശില്‍ 207 സ്റ്റേഷനുകളും തെലങ്കാനയില്‍ 178 സ്റ്റേഷനുകളും പശ്ചിമബംഗാളില്‍ 141 സ്റ്റേഷനുകളും കേരളത്തില്‍ 131 സ്റ്റേഷനുകളും പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, മേഘാലയ, ബിഹാര്‍, സിക്കിം, ജമ്മു, ശ്രീനഗര്‍, അസം, ഛത്തീസ്ഗഡ്, ഒഡീഷ, ഉത്തരാഖണ്ഡ്, പുതുച്ചേരി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here