ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് തട്ടിപ്പുമായി എത്തിയത് സരിതയായിരുന്നു എങ്കിൽ പിണറായി വിജയൻ സർക്കാരിൻറെ കള്ളക്കടത്തുകാരുമായി ഉള്ള ബന്ധം സ്വപ്ന എന്ന സ്ത്രീയിലൂടെ പുറത്തു വന്നു എന്നും സുരേന്ദ്രൻ ആരോപിച്ചു

കോഴിക്കോട് : മുപ്പത് കിലോ സ്വർണം തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ .

ഇന്ന് കോഴിക്കോട് നടന്ന പത്രസമ്മേളനത്തിലാണ് കെ സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായ കെ. ശിവശങ്കരനെതിരെയും ആരോപണം ഉന്നയിച്ചത്.

സ്വർണക്കടത്തു കേസിലെ മുഖ്യ ആസൂത്രക എന്ന് ആരോപണം നേരിടുന്ന സംസ്ഥാന ഐ.ടി. വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷും ഐ.ടി. സെക്രട്ടറി ശിവശങ്കരനു തമ്മിൽ ബന്ധമുണ്ടെന്നും ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് സ്വർണം കണ്ടെത്തിയ ശേഷം ഐ.ടി. സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ബാഗേജ് വിട്ടുനൽകാൻ ശക്തമായ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്നും ഐ.ടി. സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസ് ഓഫീസിലേക്ക് ഫോൺ കോളുകൾ ചെന്നിട്ടുണ്ട് എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

തിരുവനന്തപുരം യു.എ.ഇ കൗൺസിലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന സ്വപ്നം സുരേഷ് ആരോപണങ്ങൾ നേരിട്ടത്തു കൊണ്ടാണ് അവിടെ നിന്ന് പുറത്തായത് എന്നും ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ സ്ത്രീപീഡനക്കേസിൽ വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട് അവർക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട് എന്നും അവർ ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചു എന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

സ്വപ്ന സുരേഷിനെതിരെയുള്ള സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകൾ അവഗണിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി. ഡിപ്പാർട്ട്മെന്റിൽ അവർക്ക് ഉന്നത പദവി നൽകിയത് എന്തിനെന്നും സുരേന്ദ്രൻ ചോദിച്ചു.

കെ.ശിവശങ്കരനും സ്വപ്ന സുരേഷും തമ്മിലുള്ള ഫോട്ടോഗ്രാഫുകൾ പുറത്തുവന്നിട്ടുണ്ട് എന്നും ഇവർ തമ്മിലുള്ള ബന്ധവും പരിശോധിക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കെ-മൊബൈൽ പദ്ധതി നടപ്പാക്കാനുള്ള ചുമതല സ്വപ്നക്കായിരുന്നു. യാതൊരുവിധ യോഗ്യതകളും ഇല്ലാതെയാണ് സ്വപ്ന ഐ.ടി വകുപ്പിൽ ഉന്നതസ്ഥാനത്ത് ഉദ്യോഗസ്ഥയായി എത്തിയത്.

ഐ.ടി. വകുപ്പിൽനിന്ന് തിരുവന്തപുരം കസ്റ്റംസിലേക്ക് ഫോൺ കോളുകൾ സ്വർണക്കള്ളക്കടത്ത് പുറത്തുവന്നതിനുശേഷം പോയിട്ടുണ്ടെന്നും, നിഷേധിച്ചാൽ കൂടുതൽ തെളിവുകൾ ലഭ്യമാക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് തട്ടിപ്പുമായി എത്തിയത് സരിതയായിരുന്നു എങ്കിൽ പിണറായി വിജയൻ സർക്കാരിൻറെ കള്ളക്കടത്തുകാരുമായി ഉള്ള ബന്ധം സ്വപ്ന എന്ന സ്ത്രീയിലൂടെ പുറത്തു വന്നു എന്നും സുരേന്ദ്രൻ ആരോപിച്ചു.

തിരുവനന്തപുരത്ത് സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ട ഉന്നതരായ ബിസിനസുകാരിലേക്ക് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ അന്വേഷണം നീളും എന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here