ന്യൂഡല്‍ഹി: കൃത്യസമയത്ത് ശരിയായ തീരുമാനങ്ങളെടുത്തതിനാല്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച നിലയിലെത്താന്‍ കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഐസിഎംആര്‍ സജ്ജീകരിച്ച പുതിയ ലാബുകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗമുക്തി നിരക്കില്‍ മറ്റ രാജ്യങ്ങളേക്കാള്‍ മുന്നിലാണ്. മറ്റ് രാജ്യങ്ങളെക്കാളും താഴ്ന്ന നിലയിലാണ് രാജ്യത്തെ കൊറോണ മരണ നിരക്ക്. രാജ്യത്തെ കൊറോണ പോരാളികളുടെ പ്രവര്‍ത്തന ഫലമായാണ് ലോകം ഇന്ത്യയെ പ്രശംസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഘട്ടത്തില്‍ രാജ്യത്ത് ഒരു പിപിഇ കിറ്റ് പോലും നിര്‍മ്മിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് പിപിഇ കിറ്റുകളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്. ആറ് മാസത്തിനിടയില്‍ 1200 ല്‍ അധികം നിര്‍മ്മാതാക്കളാണ് രാജ്യത്ത് പിപിഇ കിറ്റ് നിര്‍മ്മാണം ആരംഭിച്ചത്. മൂന്ന് ലക്ഷത്തലധികം എന്‍ 95 മാസ്‌കുകള്‍ രാജ്യത്ത് നിര്‍മ്മിച്ചു. ഓരോ വര്‍ഷവും മൂന്ന് ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഇന്ന് രാജ്യത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരിയില്‍ ഒരു കൊറോണ പരിശോധനാ ലാബ് മാത്രമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ 1300 ലാബുകള്‍ രാജ്യത്തുടനീളം കൊറോണ പരിശോധനയ്ക്കായുണ്ട്. രാജ്യത്ത് ഇന്ന് 11,000 ത്തിലധികം പരിശോധന സംവിധാനങ്ങളുണ്ട്. കൊറോണ രോഗികളെ ചികിത്സിക്കാനായി രാജ്യത്ത് 11 ലക്ഷത്തിലധികം ഐസൊലേഷന്‍ കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 5 ലക്ഷത്തിലധികം പി പി ഇ കിറ്റുകളാണ് രാജ്യത്ത് പ്രതിദിനം ഉത്പാദിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here