ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്ന് മാറ്റാനുള്ള തീരുമാനവും കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി.രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പൊളിച്ചെഴുത്താണ് വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിയമ, മെഡിക്കല്‍ പഠനം ഒഴിച്ചുള്ളവയെല്ലാം ഒരു ഏജന്‍സിയുടെ നിയന്ത്രണത്തിലാകും. എം.ഫില്‍ കോഴ്സുകള്‍ ഇനിയുണ്ടാകില്ല. സ്കൂള്‍ പഠനം പൂര്‍ത്തിയാകുമ്പോള്‍ ഒരു തൊഴില്‍ പഠിക്കണമെന്നും നിര്‍ദേശം. മൂന്നുമുതല്‍ പതിനെട്ടുവയസുവരെ വിദ്യാഭ്യാസം അവകാശമാക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ദേശീയവിദ്യാഭ്യാസകൗണ്‍സില്‍ രൂപീകരിക്കും. അഞ്ചാംക്ലാസുവരെ പഠനം മാതൃഭാഷയില്‍വേണമെന്നും നിര്‍ദേശമുണ്ട്.

2030-ഓടെ എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ് നയം ലക്ഷ്യമാക്കുന്നത്. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതാകും. പുതുതായി ഏർപ്പെടുത്തുന്ന 5 + 3 + 3 + 4 സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നത് 12 വർഷത്തെ സ്കൂൾവിദ്യാഭ്യാസവും3വർഷത്തെഅങ്കണവാടി/പ്രീ-സ്കൂൾ വിദ്യാഭ്യാസവുമായിരിക്കും.

പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ 18 വർഷം കൊണ്ട് 12 ഗ്രേഡുകളാണുണ്ടാകുക. അടുത്ത 15 വർഷത്തിനുള്ളിൽ അഫിലിയേറ്റഡ് കോളജ് സമ്പ്രദായം പൂർണമായും നിർത്തലാക്കും.

നിലവിലെ 10+2 എന്ന ഘടനയ്ക്ക് പകരം 5+3+3+4 എന്ന ഘടന വരും. 9 മുതല്‍ 12വരെയുള്ള ക്ലാസുകള്‍ 8 സെമസ്റ്ററായി തിരിക്കും. ഒന്നു മുതല്‍ മൂന്നുവരെയുള്ള ക്ലാസുകളില്‍ ഭാഷയും കണക്കും പഠിക്കുന്നതിന് പ്രാമുഖ്യം. മൂന്ന് വര്‍ഷത്തെ പ്രീപ്രൈമറിയും ഒന്നും രണ്ടും ക്ലാസും ചേരുന്നതാണ് അടിസ്ഥാനഘട്ടം. അംഗന്‍വാടികളിലും പ്രീസ്കൂളുകളിലും കരിക്കുലമുണ്ടാകും. മൂന്നു മുതല്‍ അഞ്ചാം ക്ലാസുവരെ രണ്ടാംഘട്ടം. ആറു മുതല്‍ എട്ടാംക്ലാസ് വരെ മൂന്നാംഘട്ടം. ആറാം ക്ലാസില്‍ തൊഴില്‍ നൈപുണ്യം നേടാന്‍ അവസരമുണ്ടാകും. 9 മുതല്‍ 12ാം ക്ലാസ് വരെ നാലാം ഘട്ടം. സ്കൂള്‍ ബോര്‍ഡ് പരീക്ഷ അറിവിന്‍റെപ്രയോഗത്തിന്‍റെവിലയിരുത്തലാകും. പഠനഭാരം കുറയ്ക്കുകയാണ് ലക്ഷ്യം.34 വർഷമായി വിദ്യാഭ്യാസ നയത്തിൽ മാറ്റമില്ലാതെ തുടരുകയായിരുന്നുവെന്ന് നയം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ പുതിയ വിദ്യഭ്യാസ നയം 2019 മെയ് മാസത്തിലായിരുന്നു സര്‍ക്കാരിന് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പൊതുജനങ്ങളില്‍ നിന്നും വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് വിദ്യാഭ്യാസ നയത്തിന് അന്തിമ രൂപം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here