തിരുവനന്തപുരം∙ ബവ്റിജസ് ഔട്ട്‌ലെറ്റുകളിൽ മാത്രം വിറ്റിരുന്ന ക്വാർട്ടർ കുപ്പി മദ്യം (180എംഎൽ) ബാറുകൾ വഴിയും വിതരണം ചെയ്യാൻ ബവ്റിജസ് കോർപ്പറേഷൻ എംഡിയുടെ നിർദേശം. ക്വാർട്ടർ കുപ്പികളിലുള്ള മദ്യം വെയർഹൗസുകളിൽ കെട്ടികിടക്കുന്നതും എക്സൈസ് ഡ്യൂട്ടി നഷ്ടവുമാണ് പുതിയ തീരുമാനത്തിനു കാരണമായി എംഡിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. ക്വാർട്ടർ കുപ്പിയിലെ മദ്യമാണ് ബവ്റിജസ് ഔട്ട്‌ലെറ്റുകളിലൂടെ സാധാരണക്കാർ കൂടുതലായി വാങ്ങുന്നത്.

പുതിയ തീരുമാനത്തിലൂടെ ബവ്റിജസ് ഔട്ട്‌ലെറ്റുകളുടെ വരുമാനം ഗണ്യമായി കുറയുമെന്നു ബവ്കോയിലെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ബാറുകൾക്ക് ഇഷ്ടമുള്ള വിലയ്ക്ക് ക്വാർട്ടർ വിൽക്കാനും സാധിക്കും. ബാറുകൾ തുറന്നു പ്രവർത്തിച്ചിരുന്നപ്പോൾ മദ്യം കുപ്പിയിൽ വിൽക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഭക്ഷണത്തോടൊപ്പം പെഗ് അളവിലാണ് മദ്യം വിളമ്പേണ്ടിയിരുന്നത്. കോമ്പൗണ്ടിനുള്ളിൽ കുപ്പിയിൽ ബിയർ കൊടുക്കാൻ അനുവാദമുണ്ടായിരുന്നു.

ലോക്ഡൗണിൽ ഇളവു അനുവദിച്ചതിനു പിന്നാലേ, പ്രത്യേക കൗണ്ടറുകളിലൂടെ ബവ്റിജസ് നിരക്കിൽ മദ്യം കുപ്പിയിൽ വിതരണം ചെയ്യാൻ ബാറുകൾക്ക് അനുവാദം നൽകി. ക്വാർട്ടറിനു മുകളിലുള്ള കുപ്പികൾ വിൽക്കാനാണ് അനുമതിയുണ്ടായിരുന്നത്. ബാറുടമകളുടെ സമ്മർദത്തെത്തുടർന്നാണ് ക്വാർട്ടർ വിൽപ്പനയ്ക്ക് ഇപ്പോൾ അനുമതി നൽകിയതെന്നു ബവ്കോയിലെ സംഘടനകൾ ആരോപിക്കുന്നു. ബെവ് ക്യൂ ആപ് വഴിയുള്ള ടോക്കണുകൾ കൂടുതലായും ബാറുകൾക്ക് പോകുന്നതോടെ ബവ്കോയുടെ വരുമാനം കുത്തനെ കുറഞ്ഞു വരികയാണ്.

ലോക്ഡൗണിനു മുൻപ് ബവ്കോയുടെ 267 ഔട്ട്‌ലെറ്റുകളിൽ ഒരുദിവസം ശരാശരി 22 കോടിരൂപ മുതൽ 32 കോടിരൂപവരെയുള്ള കച്ചവടമാണ് നടന്നിരുന്നത്. ലോക്ഡൗണിനുശേഷം മദ്യവിൽപ്പന ആരംഭിച്ച ആദ്യത്തെ 8 ദിവസങ്ങളിലെ ശരാശരി വിൽപ്പന 20.25കോടിരൂപയായിരുന്നു. ഇതിപ്പോൾ ശരാശരി 16 കോടിയായി കുറ‍ഞ്ഞിട്ടുണ്ട്. പല ബാറുകളിലും ടോക്കണിലാതെ മദ്യം കൊടുക്കാൻ കൗണ്ടറുകളുമുണ്ട്. എക്സൈസിന്റെ പരിശോധന ഇല്ലാത്തതിനാൽ ബാറുകളിലൂടെ അനധികൃതമായി മദ്യം ഒഴുകുന്നത് ബവ്കോയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here