തിരുവല്ല: മണിമലയാറ്റിലെ മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കിലോമീറ്ററുകളോളം ഒഴുകിയെത്തിയ വയോധികയ്ക്ക് പുനര്‍ജന്മം. മണി മലയില്‍ നിന്നും കാണാതായ 68 കാരിയായ ഓമനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പുഴയിലൂടെ സ്ത്രീ ഒഴുകി വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അതിസാഹസികമായാണ് ഇവരെ രക്ഷിച്ചത്

 

ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു തിരുവല്ലയിലെ കുറ്റൂരിന് സമീപം മണിമലയാറിന് കുറുകെയുള്ള റെയില്‍വെപാലത്തിന് അടുത്ത് വെച്ച് ഒരാള്‍ ഒഴുകി വരുന്നത് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനത്തിന് ഇറങ്ങി. സുഹൃത്തുക്കളില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുമൂലപുരം സ്വദേശി റെജി എന്നയാളും ബന്ധു ജോയിയും ചേര്‍ന്ന് കുത്തിയൊഴുകുന്ന മണിമലയാറ്റില്‍ തോണിയിറക്കി. തുടര്‍ന്ന് സാഹസികമായി ഇവര്‍ വയോധികയെ കരക്കെത്തിച്ചു. അബോധാവസ്ഥയിലായിരുന്ന ഇവരെ ഉടന്‍ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബോധം തിരികെ ലഭിച്ചപ്പോഴാണ് മണിമലയില്‍ നിന്നും കാണാതായ ഓമനയാണിതെന്ന് മനസിലാകുന്നത്. ഓമന തന്നെയാണ് തന്റെ വിലാസം ആശുപത്രി അധികൃതരെ അറിയിച്ചത്. ബുധനാഴ്ച്ച അത്താഴം കഴിഞ്ഞ് കിടന്ന ഓമനയെ വ്യാഴാഴ്ച്ച രാവിലെ മുതല്‍ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ മണിമല പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ എവിടെ വെച്ചാണ് നദിയില്‍ അകപ്പെട്ടതെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അവ്യക്തമാണ്. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

.

LEAVE A REPLY

Please enter your comment!
Please enter your name here