ലക്‌നൗ: ലോകമെമ്പാടും ഇന്ന് ‘ജയ് സീതാറാം’ വിളികള്‍ മുഴങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമിട്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയ് സീതാറാം വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രഭാഷണം ആരംഭിച്ചത്. ഈ മന്ത്രം അയോദ്ധ്യയില്‍ മാത്രമല്ല ലോകമെമ്പാടും മുഴങ്ങുകയാണ്. ഈ രാജ്യത്തെ എല്ലാ പൗരന്‍മാരെയും ലോകമെമ്പാടുമുള്ള ഭാരതീയരെയും രാമഭക്തരെയും ഞാന്‍ ഈ നിമിഷത്തില്‍ എന്റെ സന്തോഷം അറിയിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു ടെന്റില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന രാം ലല്ലയ്ക്കായി ഒരു മഹാക്ഷേത്രമാണ് ഒരുങ്ങുന്നത്. നൂറ്റാണ്ടുകളായുള്ള ആഗ്രഹമാണ് സഫലമാകുന്നത്. ചരിത്രപരമായ ഈ മുഹൂര്‍ത്തത്തിലേക്ക് എന്നെ ക്ഷണിച്ചത് ഭാഗ്യമായി കരുതുന്നു. കന്യാകുമാരി മുതല്‍ കാശിര്‍ഭവാനി വരെ, കോടേശ്വര്‍ മുതല്‍ കാമാഖ്യ വരെ, ജഗന്നാഥ് മുതല്‍ കേദാര്‍നാഥ് വരെ, സോംനാഥ് മുതല്‍ കാശി വിശ്വനാഥ് വരെയുള്ള ഈ രാജ്യം മുഴുവന്‍ ഇന്നേ ദിവസം രാമനില്‍ ലയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ വികാരത്തിന്റെയും കോടിക്കണക്കിന് ജനങ്ങളുടെ പരിശ്രമങ്ങളുടെയും ബിംബമായി രാമക്ഷേത്രം നിലകൊള്ളും. ഇത് വരും തലമുറക്ക് പ്രചോദനം നല്‍കും. രാമക്ഷേത്ര നിര്‍മ്മാണം ചരിത്രം കുറിക്കുകയല്ല, ചരിത്രം ആവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര സ്റ്റാമ്പ് പുറത്തിറക്കുകയും ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്ത ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്

LEAVE A REPLY

Please enter your comment!
Please enter your name here