27.8 C
Kerala
Thursday, April 25, 2024
Home News Kerala കേന്ദ്രമന്ത്രി വി മുരളീധരൻ നാളെ രാജമലയിൽ. അകലെയിരുന്ന് പ്രഖ്യാപിക്കാതെ അരികിലെത്തി ആശ്വസിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാരിൻ്റേത്...

കേന്ദ്രമന്ത്രി വി മുരളീധരൻ നാളെ രാജമലയിൽ. അകലെയിരുന്ന് പ്രഖ്യാപിക്കാതെ അരികിലെത്തി ആശ്വസിപ്പിക്കുന്ന നയമാണ് കേന്ദ്ര സർക്കാരിൻ്റേത് – മുഖ്യമന്ത്രിയെ നാളെ രാജമലയിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രിയുടെ ഫെയിസ് ബുക്ക് പോസ്റ്റ്

3
0

കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി കേന്ദ്രമന്ത്രി വി. മുരളീധരന് നിര്‍ദേശം നല്‍കി. മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ നാളെ ഉച്ചയ്ക്ക് വി മുരളീധരന്‍ സന്ദര്‍ശിക്കും. ബി.ജെ.പി സംസ്ഥാനപ്രസിഡൻ്റ്കെ.സുരേന്ദ്രനും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.

കരിപ്പൂരിലെയും കോഴിക്കോട്ടെയും സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷംഇന്നുരാത്രിയോടെ ഇടുക്കിക്ക് തിരിക്കുമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞു. അകലെയിരുന്നുള്ള സഹായ പ്രഖ്യാപനത്തിലൊതുക്കാതെ അരികത്തെത്തി ആശ്വാസമേകണമെന്ന നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നതെന്നും മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം…

കനത്ത മഴയിൽ ഉരുൾ പൊട്ടിയെത്തിയ കൂറ്റന്‍ കല്ലുകൾക്കൊപ്പം കുത്തിയൊലിച്ച് പോയ രാജമലയിലെ പെട്ടിമുടിയിൽ താമസിച്ചിരുന്ന പകുതിയോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മണ്ണിനടിയില്‍പെട്ട ലയങ്ങളിലെ താമസക്കാരെ കണ്ടെത്താന്‍, ദുഷ്കരമായ കാലാവസ്ഥയിലും തെരച്ചില്‍ നടത്തുകയാണ് ദേശീയ ദുരന്ത പ്രതികരണ സേന. 30 മുറികളിലായി എണ്‍പതിലധികം പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നതെന്നാണ് മനസിലാക്കാനായത്. ഉറ്റവരെ തേടി അപകട സ്ഥലത്ത് മഴ നനഞ്ഞ് കാത്തുനിൽക്കുന്നവരുടെ കണ്ണീർ ഉള്ളു പൊള്ളിക്കുകയാണ്. അപകട വാർത്ത അറിഞ്ഞയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുമായി സംസാരിച്ചിരുന്നു. അപകടത്തിന്റെ വിശദാംശങ്ങൾ അദ്ദേഹവുമായി പങ്കുവച്ചു. നേരിട്ട് സംഭവ സ്ഥലത്തെത്തി, ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് ഒപ്പം രാജ്യമുണ്ടെന്ന് അറിയിക്കണമെന്നാണ് നരേന്ദ്ര മോദി ജി പറഞ്ഞത്. അകലെയിരുന്നുള്ള സഹായ പ്രഖ്യാപനത്തിലൊതുക്കാതെ, അരികത്തെത്തി ആശ്വാസമേകണമെന്ന നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്.

കരിപ്പൂരിൽ നിന്നുള്ള യാത്രയിലാണ് ഇപ്പോൾ ഈ കുറിപ്പെഴുതുന്നത്. നാളെ ഉച്ചയോടെ രാജമലയിലെത്താമെന്നാണ് കരുതുന്നത്. അവിടെ മണ്ണിൽ പുതഞ്ഞുകിടക്കുന്നത് ഒരു കൂട്ടം മനുഷ്യരാണ്. അന്നന്നത്തെ അന്നത്തിന് തേയിലത്തോട്ടത്തിൽ പകലന്തിയോളം അധ്വാനിച്ചിരുന്ന തമിഴ്മക്കൾ. മണ്ണിനടിയിൽ പെട്ടു കിടക്കുന്നവരുടെ ഉറ്റവരുടെ ദുഃഖം കേരളത്തിന്റെയും ഭാരതത്തിന്റെയും വിങ്ങലാണ്. അതുകൊണ്ടു തന്നെ അവരിലൊരാളായി ഞാനവിടെയെത്തും. ഇന്ന് കരിപ്പൂരിലെ അപകട സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തിയ മുഖ്യമന്ത്രിയെ നാളെ രാജമലയിലും കാണാമെന്ന് കരുതുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special