തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 9ന്  കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓഗസ്റ്റ് 10ന് മലപ്പുറം, കണ്ണൂർ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്‍റെ ക്യാച്മെന്‍റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാറില്‍ 198.4 മില്ലിമീറ്ററും തേക്കടിയിലും 157.2 മില്ലിമീറ്ററും മഴയാണ്
പെയ്തത്. ഈ സമയത്തിനുള്ളില്‍ ഏഴ് അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തില്‍ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്ക് എത്തിക്കാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിര്‍ദേശം നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടി ബേസിനില്‍ വെള്ളത്തിന്‍റെ അളവ് കൂടിയതിനാല്‍ പെരിങ്ങല്‍കുത്ത് റിസര്‍വോയറിലെ ഷട്ടറുകള്‍ തുറന്നു. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പറമ്ബിക്കുളം ആളിയാര്‍ പ്രൊജക്ടിലെ അണക്കെട്ടുകള്‍ തുറക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്‍റെ തീവ്രതയും ജലത്തിന്‍റെ ഒഴുക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും വേണമെന്ന് തമിഴ്നാട് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പമ്പ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. പമ്പ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ 51 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കെഎസ്ഇബിയുടെ കീഴിലുള്ള മൂഴിയാര്‍ ഡാമിന്റെയും ജലസേചന വകുപ്പിന്റെ കീഴിലുള്ള മണിയാര്‍ സംഭരണിയുടെയും സ്പില്‍വേകള്‍ തുറന്നിട്ടുണ്ട്. മൂഴിയാര്‍ കക്കി റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വെള്ളം കയറാന്‍ സാധ്യതയുള്ള സിഎഫ്എല്‍ടിസികളിലെ കോവിഡ് രോഗികളെ മറ്റു സിഎഫ്എല്‍ടിസികളിലേക്ക് മാറ്റാനുള്ള നടപടികള്‍ അംഗീകരിച്ചു.
പമ്പ നദിയുടെ കൈവഴികളുടെ തീരപ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.ചാലക്കുടി താലൂക്കില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അവിടെ 139 പേര്‍ നിലവില്‍ താമസിക്കുന്നുണ്ട്.
പാലക്കാട് ജില്ലയില്‍ ഇതുവരെ കാഞ്ഞിരപ്പുഴ, മംഗലം എന്നിങ്ങനെ രണ്ട് ഡാമുകള്‍ ആണ് തുറന്നത്. വാളയാര്‍ ഡാം തുറക്കുന്നതിനുള്ള മുന്നറിയിപ്പ് നല്‍കി. 14 പ്രശ്‌ന സാധ്യത മേഖലകളാണ് ജില്ലയില്‍ കണ്ടെത്തിയത്. ഈ മേഖലകളിലെ മണ്ണിടിച്ചിലില്‍ 327 കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും.
നിലമ്പൂര്‍ മുതല്‍ നാടുകാണി വരെയുള്ള ഗതാഗതം രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ പൂര്‍ണമായും നിരോധിച്ചു. പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍ 209 ബോട്ടുകള്‍ നേരത്തേ എത്തിച്ചു. ഒമ്പത് പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചു.
വയനാട് ജില്ലയില്‍ വ്യാപക കൃഷിനാശമുണ്ടായി. 77 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1154 കുടുംബങ്ങളിലായി 4072 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഇവരില്‍ 2235 പേര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്.
മഴ തുടരുകയാണെങ്കില്‍ ബാണാസുര ഡാം ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകും. അതിശക്തമായ മഴ ഉണ്ടായാല്‍ പനമരം പുഴയില്‍ ഉണ്ടാകാനിടയുള്ള പ്രളയം ഒഴിവാക്കാന്‍ കാരാപ്പുഴ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തു വിടേണ്ടി വരും.
കണ്ണൂര്‍ ജില്ലയില്‍ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപാകടകരാംവിധം ഉയര്‍ന്നിട്ടുണ്ട്. വളപട്ടണം. മയ്യില്‍, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സജ്ജമാക്കി. ജില്ലയിലെ എല്ലാ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടേയും പ്രവര്‍ത്തനം ഓഗസ്റ്റ് 14 വരെ വിലക്കി.
കാസര്‍കോട് കൊന്നക്കാട് വനത്തിനകത്ത് മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല. ചൈത്രവാഹിനിപ്പുഴ കരകവിഞ്ഞു. കാലിക്കടവ് കുന്നുംകൈ റോഡിലും പെരുമ്പട്ടയിലും വെള്ളം കയറി. കാര്യങ്കോട് പുഴയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.
വയനാട് ജില്ലയിലെ തൊണ്ടര്‍നാട് ക്ലസ്റ്ററില്‍ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും കുറ്റ്യാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു ചുരത്തിലൂടെയും രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനില്‍ക്കുന്നതിനാലാണ് വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ ഗതാഗത ഗതാഗത നിരോധനമുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here