ആലുവ: നഗരത്തിലെ 11-ാം വാർഡിലെ ഊമൻ കുഴി തടത്തിൽ മണ്ണിടിച്ചിലുണ്ടായ സംഭവം ജിയോളജിക്കൽ വിദഗ്‌ധരെ കൊണ്ട് അന്വേഷിപ്പിക്കും. നഗരസഭയുടെ എഞ്ചിനിയറിംഗ് വിഭാഗം പരിശോധന നടത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

വർഷങ്ങൾക്കുമുമ്പ് പാറക്കെട്ടായിരുന്നു ഇവിടം. ഇവിടെ പാറയുടെ മുകളിൽ നിർമ്മിച്ച ബഹുനില കെട്ടിടത്തിൻ്റെ വശത്തുള്ള മണ്ണാണ് 20 അടിയിലധികംതാഴേക്ക് ഇടിഞ്ഞത്.
കെട്ടിടത്തിന്റെ വലിയ വാട്ടർ ടാങ്ക് ഉൾപ്പെടെയാണ് താഴേക്ക് പതിച്ചത്. ഇന്നലെ പകലും മണ്ണും ചെളിയും താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. മണ്ണിടിഞ്ഞ ഭാഗം ആളുകൾ കാണാതിരിക്കാൻ കെട്ടിട ഉടമ പ്ളാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മറ്റ് ഭാഗങ്ങളിൽ വള്ളിപ്പടപ്പുകളും നിൽക്കുന്നതിനാൽ മണ്ണിടിച്ചിലിന്റെ ഭീകരത ഒറ്റനോട്ടത്തിൽ വ്യക്തമാകില്ല.
ഇവിടെ താഴെ രണ്ട് വീടുകളും തൊട്ടടുത്ത് 20 ഓളം വീടുകളുമുണ്ട്. ഇവിടെ താമസിക്കുന്നവരുടെ ടോയ് ലറ്റ് സൗകര്യവും മണ്ണിടിച്ചിലുണ്ടായതിന് താഴെയാണ്.
ഞായറാഴ്ച രാത്രി 7.28 നും ഇന്നലെ പുലർച്ചെയും മണ്ണിടിച്ചിലുണ്ടായി.  കൗൺസിലറുടെ ബന്ധുവിൻ്റെ താണ് ഈ കെട്ടിടം. താഴെയുള്ള രണ്ട് വീട്ടുകാരെയും മാറ്റി പാർപ്പിച്ചു.പാറക്കെട്ടിനു മുകളിലെ നിർമ്മാണ പ്രവർത്തനം ശരിയായ നിയമങ്ങൾ പാലിച്ചുള്ളതാണോയെന്നതും പരിശോധിക്കും – കെട്ടിട നിർമ്മാണ ചട്ടം പാലിച്ചില്ല ഇതിൻ്റെ നിർമ്മാണം എന്നും ആരോപണമുണ്ട്.

നഗരസഭ എൻജിനിയറിംഗ് വിഭാഗവും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിൽ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളെയും താഴെ കോളനിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചത്. ഇന്നലെ നഗരസഭ കണ്ടിജൻസി ജീവനക്കാരെ ഉപയോഗിച്ച് താഴെ വീണ മണ്ണ് നീക്കാൻ ശ്രമിച്ചെങ്കിലും ഈ സമയത്തും മുകളിൽ നിന്നും മണ്ണ് ഇളകി കൊണ്ടിരുന്നതിനാൽ നടന്നില്ല. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ, പ്രതി പക്ഷ നേതാവ് രാജീവ് സക്കറിയ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി , മണ്ഡലം പ്രസിഡൻ്റ് എ സെന്തിൽകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here