ന്യൂഡൽഹി: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല പുതുതായി രൂപീകരിക്കുന്ന ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കി ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാൾ രാമ വർമ്മ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മൂന്ന് വർഷമാകും അഞ്ചംഗ ഭരണസമിതിയുടെ കാലാവധി. അതേസമയം ആചാര സംബന്ധമായ വിഷയങ്ങളിൽ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിർദേശം നടപ്പിലാക്കാൻ ഭരണസമിതി ബാദ്ധ്യസ്ഥമായിരിക്കുമെന്ന് രാമ വർമ്മയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്തരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന മൗലികമായ വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് ട്രസ്റ്റിയുടെ മുൻകൂർ അനുമതി ഭരണസമിതി തേടണം. ട്രസ്റ്റിയുടെ മുൻകൂർ അനുമതി ഇല്ലാതെ പ്രതിമാസം 15 ലക്ഷത്തിൽ കൂടുതൽ ചെലവാക്കാൻ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ല. ഒരു കോടിയിൽ അധികം ചെലവ് വരുന്ന കാര്യങ്ങൾക്കും മുൻകൂർ അനുമതി നിർബന്ധം ആയിരിക്കും. ക്ഷേത്ര പുനരുദ്ധാരണവും നവീകരണവും ആയി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കും ഭരണസമിതിക്ക് ട്രസ്റ്റിയുടെ മുൻകൂർ അനുമതി ആവശ്യം ആയിരിക്കും എന്ന് രാമവർമ്മ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ക്ഷേത്ര ഭരണത്തെ കുറിച്ച് പരാതി ഉണ്ടെങ്കിൽ അക്കാര്യത്തിൽ ഉള്ള നിർദേശം ട്രസ്റ്റിക്ക് ഭരണസമിതിക്ക് കൈമാറാൻ കഴിയും. ആ നിർദേശങ്ങൾ നടപ്പിലാക്കണം എന്ന് ട്രസ്റ്റിക്ക് നിർദേശിക്കാമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിൽ ഉള്ള അഞ്ചംഗ ഭരണസമിതിയുടെ കാലാവധി മൂന്ന് വർഷമായിരിക്കും. സമിതിയിലെ ഏതെങ്കിലും ഒരു അംഗം നേരത്തെ ഒഴിയുക ആണെങ്കിൽ ആ സ്ഥാനത്തേക്ക് പുതിയ വ്യക്തിയെ നിയമിക്കും. ക്ഷേത്ര ഓഡിറ്റിങ് നടത്തുന്ന സ്ഥാപനം ഓരോ മൂന്ന് വർഷത്തിലും മാറ്റിക്കൊണ്ടിരിക്കുമെന്നും അഭിഭാഷകൻ ശ്യാം മോഹൻ മുഖേനെ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ട്രസ്റ്റി വ്യക്തമാക്കിയിട്ടുണ്ട്.

നയപരമായ വിഷയങ്ങളിൽ ട്രസ്റ്റിക്ക് നിർദേശം നൽകുന്നതിന് രണ്ടംഗ ഉപദേശക സമിതി രൂപികരിക്കും. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയും, ട്രസ്റ്റിയുടെ നോമിനിയും അടങ്ങുന്നത് ആകും ഉപദേശക സമിതി എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ഹൈകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി എന്നത് കേരള ഹൈകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി എന്നാണ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.സുപ്രീം കോടതി നിർദേശ പ്രകാരം ആണ് അഭിഭാഷകൻ ക്ഷേത്രം ട്രസ്റ്റി മൂലം തിരുന്നാൾ രാമ വർമ്മ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. സത്യവാങ് മൂലം കോടതി അംഗീകരിച്ചാൽ ഭരണസമിതിയും, ഉപദേശക സമിതിയും ഉടൻ രൂപീകരിക്കാൻ കഴിയും

LEAVE A REPLY

Please enter your comment!
Please enter your name here